ദേശസൂചിക പദവി ലഭിച്ചതോടെ ചെങ്ങാലിക്കോടന്‍ നേന്ത്രകൃഷിക്ക് മേഖലയില്‍ വന്‍ ഉണര്‍വ്. വടക്കാഞ്ചേരി കൃഷി സബ്ഡിവിഷനു കീഴില്‍ നൂറ് ഹെക്ടറിലാണ് ഇത്തവണ ചെങ്ങാലിക്കോടന്‍ കൃഷി ചെയ്തിരുന്നത്. കിളികളില്‍നിന്ന് ശല്യം ഒഴിവാക്കാന്‍ കുലകള്‍ പ്ലാസ്റ്റിക് ചാക്കുകള്‍ കൊണ്ട് തോട്ടങ്ങളില്‍ പൊതിഞ്ഞ് കെട്ടിയിട്ടുണ്ട്. കാഴ്ചക്കുലകള്‍ മാത്രം ഒരുങ്ങുന്ന തോട്ടങ്ങളും കുറവല്ല.

ഓണത്തിന് രണ്ടു മാസമുണ്ടെങ്കിലും ചെങ്ങാലിക്കോടന്‍ ഇപ്പോള്‍ വിപണിയില്‍ സുലഭമാണ്. കിലോയ്ക്ക് 70 രൂപ വരെ വിലയെത്തി. വരവൂര്‍, മുള്ളൂര്‍ക്കര, കണ്ണംപാറ,മച്ചാട്, വാഴാനി, തയ്യൂര്‍, വേലൂര്‍, മിണാലൂര്‍, പാര്‍ളിക്കാട്,പെരിങ്ങണ്ടൂര്‍, അമ്പലപുരം,ആറ്റൂര്‍ ഭാഗങ്ങളിലാണ് ചെങ്ങാലിക്കോടന്റെ പ്രധാന കൃഷിയിടങ്ങള്‍.

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ചെങ്ങാലിക്കോടന്‍ നേന്ത്രവാഴ കൃഷി വ്യാപകമാക്കുന്നതിനായി കര്‍ഷകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിരുന്നു. 30 ലക്ഷം രൂപയാണ് പദ്ധതി വിഹിതമായി ഈ വര്‍ഷം നീക്കി വെച്ചത്.

വടക്കാഞ്ചേരി കൃഷി ഡിവിഷന്‍ ഓഫീസിനോട് ചേര്‍ന്ന് ചെങ്ങാലിക്കോടന്‍ ഹബ്ബിനായി പത്ത് കോടി രൂപയുടെ പദ്ധതി ബ്ലോക്ക് പഞ്ചായത്ത് തയ്യാറാക്കി വരുന്നു.

കൃഷി വകുപ്പ് 19.28 ലക്ഷം രൂപയുടെ ആനുകൂല്യങ്ങള്‍ ചെങ്ങാലിക്കോടന്‍ നേന്ത്രവാഴ കൃഷിക്കായി ഈ വര്‍ഷം നല്‍കി. തുടര്‍ച്ചയായി കൃഷിഭവനുകള്‍ മുഖേന പരിശീലനവും. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ചെങ്ങാലിക്കോടന്‍ നേന്ത്രപ്പഴം ഉപയോഗിച്ച് മൂല്യവര്‍ദ്ധിത ഉത്പന്ന നിര്‍മാണ യൂണിറ്റുകള്‍ തുടങ്ങുന്നതിനുളള പരിശീലനം നല്‍കാനുളള തയ്യാറെടുപ്പിലാണ്.

അത്താണി പി.എസ്.സി ബാങ്കും ചെങ്ങാലിക്കോടന്‍ കൃഷിയുടെ പരിരക്ഷയ്ക്കായി ബാങ്കിനു കീഴിലുള്ള സ്വയം സഹായ സംഘങ്ങള്‍ക്ക് കൃഷി ഇറക്കുന്നതിനും വിപണി ഉറപ്പാക്കാനുമുള്ള സഹായം ചെയ്യുന്നു. ഇത്തവണ ഓണത്തിന് മറ്റ് നേന്ത്രക്കായകള്‍ വിപണിയില്‍ ആവശ്യം വരില്ല. പഴം നുറുക്കിനും പായസത്തിനും ചെങ്ങാലിക്കോടന്‍ തന്നെയായിരിക്കും വിപണി കീഴടക്കുക.

ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി മേഖലയില്‍ വന്‍വിജയമാണെന്ന് കൃഷി ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തുന്നു. 32,000 വിത്ത് പാക്കറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ട്.ഇതില്‍ 20,500 പാക്കറ്റുകള്‍ സ്‌കൂളുകള്‍ക്കാണ് നല്‍കിയിട്ടുള്ളത്. 5000 രൂപവീതം പച്ചക്കറി തോട്ടങ്ങള്‍ക്ക് 17 സ്‌കൂളുകള്‍ക്ക് കൃഷി വകുപ്പ് നല്‍കി. ജലസേചന സൗകര്യം ഒരുക്കുന്നതിനും ചില സ്‌കൂളുകള്‍ക്ക് തുക നല്‍കി. പച്ചക്കറി ക്ലസ്റ്ററുകള്‍ക്കും 4.85 ലക്ഷം നല്‍കി. പമ്പുസെറ്റുകള്‍ക്ക് 50ശതമാനം സബ്സിഡിയും.

Content Highlights: Chengalikodan Banana Farming In Wadakkanchery