പ്രകൃതിക്ഷോഭത്തിന്റെ ആശങ്കയിലാണ് വാഴ കര്‍ഷകര്‍. കാലവര്‍ഷം തുടങ്ങി അധികദിവസം പിന്നിടുംമുമ്പേ കാറ്റില്‍ വാഴകള്‍ നിലംപൊത്തിത്തുടങ്ങി. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ കൃഷി നശിച്ച് കടക്കെണിയിലായ പലരുടെയും വാഴകള്‍ ഇത്തവണയും നശിച്ചു. മാനത്ത് കാര്‍മേഘം ഉരുണ്ടുകൂടുമ്പോഴേക്കും വാഴ കര്‍ഷകരുടെ നെഞ്ചുപൊട്ടിത്തുടങ്ങും. കുല വെട്ടി വേണം കഴിഞ്ഞ വര്‍ഷത്തെ കൂടി ബാധ്യത തീര്‍ക്കാന്‍.

ഏക്കറിന് 20,000 രൂപ വരെ നല്‍കി പാട്ടത്തിനെടുത്താണ് പലരും കൃഷിയിറക്കുന്നത്. കൃത്യമായ വളം ഇടലും ഇടകൊത്തലും കളപറിക്കലും തൂണ്‍ കൊടുക്കലും ഉള്‍പ്പെടെ ശരാശരി 250 രൂപ ഒരു വാഴയ്ക്ക് ചെലവ് വരും. പ്രകൃതി ചതിച്ചില്ലെങ്കില്‍ കടവും പാട്ടവും കഴിച്ചാലും ചെറിയൊരു തുക മിച്ചമുണ്ടാകും.

ഈ പ്രതീക്ഷയാണ് പലരെയും ഈ മേഖലയില്‍ പിടിച്ചുനിര്‍ത്തുന്നതും. വാഴകൃഷി ലോട്ടറി എടുക്കുന്നതുപോലെയാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. വിളവെടുക്കുന്നതുവരെ എന്തും സംഭവിക്കാം.

കാറ്റും മഴയും കര്‍ഷകരുടെ പ്രതീക്ഷയുടെ വേലിപ്പുറത്തുണ്ട് എന്നതാണിതിന് കാരണം. പ്രകൃതിക്ഷോഭത്തില്‍ കൃഷി നശിച്ച് കടക്കെണിയിലായവര്‍ ഏറെയാണ്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍നിന്നുവരെ വായ്പയെടുത്ത് കൃഷിയിറക്കിയവരുണ്ട്.

പ്രതീക്ഷയ്ക്കപ്പുറം കൃഷി നശിച്ചാല്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്തവരാണ് മിക്കവരും. കര്‍ഷകര്‍ കടക്കെണിയില്‍പെടാതിരിക്കാന്‍ വിള ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഴ ഒന്നിന് മൂന്ന് രൂപയാണ് പ്രീമിയം. കുലച്ച വാഴ നഷ്ടപ്പെട്ടാല്‍ 300 രൂപയും കുല വരുന്നതിനുമുന്‍പ് നശിച്ചാല്‍ 100 രൂപയും ഇന്‍ഷുറന്‍സ് ലഭിക്കും. പലരും

ഇന്‍ഷുറന്‍സ് എടുക്കാറില്ല. അതിന്റെ നൂലാമാലകള്‍ ഓര്‍ത്താണ് എടുക്കാത്തത്. നഷ്ടപ്പെട്ട മുഴുവന്‍ വാഴയ്ക്കും ഇന്‍ഷുറന്‍സ് നല്‍കാതെ കര്‍ഷകരെ കബളിപ്പിക്കുന്നുണ്ടെന്ന ആരോപണവും ഉണ്ട്.

Content Highlights: Banana Farming