ലോക്ഡൗണ്‍ ദിനങ്ങള്‍ കൂടുതല്‍ കൃഷിക്കായി ചെലവഴിക്കാനൊരുങ്ങുമ്പോഴും വളപ്രയോഗം മുടങ്ങിയതില്‍ ആശങ്കയിലാണ് കര്‍ഷകര്‍. വാഴക്കൃഷിക്ക് വളമിടേണ്ട സമയമായെന്നും എന്നാല്‍, വളം കിട്ടാത്തത് കാരണം കുറച്ചു ദിവസങ്ങളായി വളമിടല്‍ മുടങ്ങിയെന്നും കര്‍ഷകര്‍ പറയുന്നു.

കഴിഞ്ഞ സീസണില്‍ പ്രളയവും തുടര്‍ന്നുവന്ന വിലത്തകര്‍ച്ചയുമെല്ലാം വാഴക്കൃഷി ചെയ്തവരെ വല്ലാതെ വലച്ചു. വില കിലോയ്ക്ക് 10 രൂപ വരെയായി കുറഞ്ഞ അവസ്ഥയുണ്ടായി. ഇതെല്ലാം കാരണം കര്‍ഷകര്‍ക്ക് കാര്യമായി വരുമാനമൊന്നും ലഭിച്ചില്ല. വളപ്രയോഗം സാധ്യമാവാതെവന്നാല്‍ ഇത്തവണയും കൃഷി നഷ്ടത്തിലാവുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. നാലോ, അഞ്ചോ മാസം കഴിഞ്ഞാല്‍ വിളവെടുക്കാന്‍ പാകത്തിലാണ് ഭൂരിഭാഗം കര്‍ഷകരും കൃഷിയിറക്കിയിരിക്കുന്നത്.

സാമ്പത്തികബാധ്യത കൂടും

ഏറെ പ്രതീക്ഷയോടെയാണ് എല്ലാവരും കൃഷിയിറക്കുന്നത്. കഴിഞ്ഞവര്‍ഷം കൃഷി വെള്ളത്തില്‍ മുങ്ങിയതുകാരണം പലര്‍ക്കും വിളവെടുക്കാന്‍പോലും സാധിച്ചില്ല. പിന്നെ വന്നത് വിലത്തകര്‍ച്ച. ഇതുകാരണമെല്ലാം ഉണ്ടായ സാമ്പത്തികബാധ്യത മറികടക്കാനും കൂടിയാണ് ഇത്തവണയും കൃഷിയിറക്കിയത്. വായ്പയെടുത്തും സ്വര്‍ണം പണയംവെച്ചുമെല്ലാമാണ് ഭൂരിഭാഗംപേരും കൃഷിയുമായി മുന്നോട്ടുപോകുന്നത്. 

വളപ്രയോഗവും നനയ്ക്കലും എല്ലാം നന്നായി ആവശ്യമുള്ള സമയത്താണ് വളമിടല്‍ നടക്കാതിരുന്നത്. അധികൃതല്‍ ഇടപെട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ച ജില്ലയിലെ വളം ഡിപ്പോകള്‍ രാവിലെമുതല്‍ ഉച്ചവരെ തുറന്നിരുന്നു.

ശനിയാഴ്ച എത്തിയവര്‍ക്ക് എല്ലാവര്‍ക്കും വളം നല്‍കിയെന്നും എന്നാല്‍, ഏറെനാള്‍ നല്‍കാന്‍ പാകത്തിനുള്ള സ്റ്റോക്ക് ഇല്ലെന്നും കച്ചവടക്കാര്‍ പറഞ്ഞു. ലോക് ഡൗണ്‍ കഴിയുമ്പോഴേക്കും വളമിടേണ്ട സമയവും കഴിഞ്ഞുപോകുമെന്ന് കര്‍ഷകര്‍ പറയുന്നു. ഇത് കൃഷി താളംതെറ്റുന്നതിന് കാരണമാകും.

കര്‍ഷകര്‍ ബുദ്ധിമുട്ടിലാണ്

വളമിടാനാവാത്തതിനാല്‍ ഒട്ടേറെ കര്‍ഷകര്‍ ഇപ്പോള്‍ പ്രയാസത്തിലാണ്. വളം ഡിപ്പോകള്‍ തുറക്കുന്ന സമയം കര്‍ഷകരെ അറിയിക്കണം. ആവശ്യത്തിന് വളം കിട്ടിയില്ലെങ്കില്‍ കര്‍ഷകര്‍ക്ക് ദിവസങ്ങള്‍ പാഴായിപ്പോകും. -പി.ജെ. തങ്കച്ചന്‍, കര്‍ഷകന്‍, ചെറുകാട്ടൂര്‍.

Content Highlights: Banana Farmers in trouble due to corona outbreak