നിയന്ത്രണമില്ലാതെ നേന്ത്രക്കായയുടെ വിലയിടിയുന്നത് കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു. ഏതാനും മാസം മുമ്പ് നേന്ത്രക്കായ കിലോയ്ക്ക് 50 രൂപയായിരുന്നു എങ്കില്‍ ഇപ്പോള്‍ ആറ് കിലോയ്ക്ക് 100 രൂപയാണ് കിട്ടുന്നത്. ഈ വിലയിടിവുമൂലം വലിയ പ്രതിസന്ധിയിലാണ് പല കര്‍ഷകരും. വായ്പയെടുത്തും ഭൂമി പാട്ടത്തിനെടുത്തുമാണ് കൃഷിയിറക്കിയിരുന്നത്. വിലയിടിവ് കാരണം പലരും അടുത്ത കൃഷിയിറക്കാനുള്ള പണമില്ലാതെ ദുരിതത്തിലായിരിക്കുകയാണ്.

പാലക്കാട് ജില്ലയില്‍ പനയൂര്‍, ചളവറ ഭാഗത്ത് നിരവധി കര്‍ഷകരാണ് വാഴക്കൃഷി ചെയ്യുന്നത്. കുലകള്‍ വിളവെടുക്കാന്‍ പാകമെത്തിയ സമയത്താണ് വില കുത്തനെ ഇടിഞ്ഞത്. 10 രൂപ മുതല്‍ 15 രൂപ വരെയാണ് ഇപ്പോള്‍ ലഭിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. കച്ചവടക്കാര്‍ കര്‍ഷകരില്‍നിന്ന് വാഴക്കുലയുടെ വലുപ്പമനുസരിച്ച് തരംതിരിച്ചാണെടുക്കുന്നത്. വിലയും വ്യത്യസ്തമാണ്. ഒരു വാഴക്കന്നിന് 10 രൂപ കൊടുത്താണ് കര്‍ഷകര്‍ കൃഷിയിറക്കിയത്. ഒരു വാഴയ്ക്ക് ചുരുങ്ങിയത് 120 രൂപയെങ്കിലും ചെലവ് വരുന്നുണ്ടെന്ന് വാഴക്കര്‍ഷകനായ പെരുകാട്ടില്‍ ശങ്കരന്‍ പറയുന്നു.

നേന്ത്രവാഴയ്ക്ക് കിലോയ്ക്ക് 30 രൂപയും വയനാടന്‍ നേന്ത്രന് 24 രൂപയും അടിസ്ഥാനവില നിശ്ചയിച്ചപ്പോള്‍ കര്‍ഷകര്‍ പ്രതീക്ഷയിലായിരുന്നു. എന്നാല്‍, പാട്ടക്കരാറുകളും നികുതി രസീതും സ്ഥലമുടമയില്‍നിന്ന് ലഭിക്കാത്ത കര്‍ഷകര്‍ക്ക് ഒരു ആനുകൂല്യവും ലഭിക്കുകയില്ല. ഇത് സ്ഥലം പാട്ടത്തിനെടുത്ത് കൃഷിചെയ്ത കര്‍ഷകരെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു. ചൂട് കൂടിയതോടെ നനയ്ക്കുന്നതിനുള്ള സൗകര്യമില്ലാത്ത പ്രദേശങ്ങളില്‍ വാഴകള്‍ ഒടിഞ്ഞുപോകുന്നുണ്ട്. കാട്ടുപന്നി നശിപ്പിക്കാതെ കാവല്‍നിന്ന് ചെയ്ത വാഴക്കര്‍ഷകരാണ് വിലയില്ലാതെ ബുദ്ധിമുട്ടുന്നത്.  

കായവറുത്തതിന് വിലക്കുറവില്ല

പച്ചനേന്ത്രക്കായ വില കിലോഗ്രാമിന് 10 രൂപ മുതല്‍ക്ക് ലഭിക്കുമെങ്കിലും ചിപ്‌സിന് ഇപ്പോഴും വിലക്കുറവില്ല. കിലോഗ്രാമിന് 200 മുതല്‍ 250 രൂപയാണ് വില. കായവില കുറഞ്ഞുവെങ്കിലും എണ്ണവിലയില്‍ വര്‍ധനവുണ്ടായതാണ് ചിപ്‌സ് വിലകുറയാത്തതിന് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.

താങ്ങുവില ലഭിക്കുന്നതിന് ഇളവുകള്‍ വേണം

സര്‍ക്കാര്‍ നിശ്ചയിച്ച താങ്ങുവില ലഭിക്കുന്നതിനുള്ള നിബന്ധനകളില്‍ ഇളവുകള്‍ വരുത്തിയാല്‍ മാത്രമേ സാധാരണ കര്‍ഷകര്‍ക്ക് ഗുണം ലഭിക്കൂ. പല ഭാഗത്തും വെള്ളലഭ്യതക്കനുസരിച്ചാണ് വാഴ വെയ്ക്കുന്നത്. അതിനാല്‍ സമയപരിധി കൂടുതല്‍ നീട്ടുന്നത് ഗുണം ചെയ്യും. -സുരേഷ് ബാബു, തെക്കെ പുരക്കല്‍, പനയൂര്‍

കടയില്‍ പഴക്കച്ചവടംകുറവ്

പല കര്‍ഷകരും നഷ്ടം കുറയ്ക്കാന്‍ പഴം കുറഞ്ഞവിലയ്ക്ക് വില്‍ക്കുന്നത് പഴക്കച്ചവടക്കാരുടെ കച്ചവടത്തില്‍ കുറവുവന്നു. പല കടക്കാരും നേന്ത്രക്കുലകള്‍ എടുക്കുന്നത് കുറവാണ്. -യു.പി. ഭാഗ്യേഷ് കുമാര്‍, യു.പി. സ്റ്റോര്‍, വാണിയംകുളം

Content Highlights: Banana farmers in Kerala battle low retail prices