ത്തവാഴകൃഷിയിലെ വിലയിടിവ് കര്‍ഷകര്‍ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടത്തിലേക്ക്. മലയോരമേഖലയിലെ കര്‍ഷകരാണ് ഏറ്റവുമധികം ബുദ്ധിമുട്ടിലായത്. വിപണിയില്‍ മൊത്തവില കിലോയ്ക്ക് 14 മുതല്‍ 18 രൂപവരെയാണ് ഏറ്റവും നല്ല ഏത്തക്കുലയ്ക്ക് കിട്ടുന്നത്. മുടക്കുമുതലിന്റെ മുപ്പത് ശതമാനം മാത്രമാണ് ഇപ്പോള്‍ മിക്ക കര്‍ഷകര്‍ക്കും ലഭിക്കുന്നത്. ഒരു വാഴ നട്ട് വിളവെത്തുന്നതുവരെ 130 മുതല്‍ 160 രൂപ വരെയാണ് ചെലവാകുന്നത്. കര്‍ഷകന്റെ അധ്വാനം ഇതില്‍ കൂട്ടുന്നുമില്ല. ഓണം കഴിഞ്ഞതുമുതലാണ് ഏത്തക്കുല വിപണി ഇടിഞ്ഞത്.

അഞ്ച് കിലോ നൂറ് രൂപ

ഇതര സംസ്ഥാനത്തുനിന്നുള്ള ഏത്തക്കുലകള്‍ വാഹനത്തില്‍ ഓരോ ജങ്ഷനുകളിലും എത്തി അഞ്ച് കിലോയ്ക്ക് നൂറ് രൂപയ്ക്കാണ് വില്‍ക്കുന്നത്. ഇത് കാരണം നാടന്‍ ഏത്തക്കുലകള്‍ വാങ്ങാനും ആളുകള്‍ മടിക്കുന്നു. വയനാടന്‍ ഏത്തക്കുലയെന്ന പേരില്‍ കര്‍ണാടകയില്‍നിന്നെത്തിക്കുന്ന ഏത്തക്കുലകളാണ് ഇപ്പോള്‍ വ്യാപകമായി വില്‍പ്പന നടത്തുന്നത്.

താങ്ങുവില പലര്‍ക്കും ലഭിക്കില്ല

കര്‍ഷകര്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ ഇപ്പോള്‍ ഏത്തക്കായ്ക്ക് കിലോയ്ക്ക് മുപ്പത് രൂപ താങ്ങുവില നിശ്ചയിച്ചുവെങ്കിലും പല കര്‍ഷകര്‍ക്കും ലഭിക്കില്ല. കൃഷി ഭവനില്‍ രജിസ്റ്റര്‍ ചെയ്ത് കൃഷി ഓഫീസര്‍ അംഗീകരിച്ച ശേഷം വില്‍പ്പന നടത്തുന്ന കര്‍ഷകര്‍ക്കാണ് ഈ ആശ്വാസം പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍, അടുത്ത സമയത്ത് പല കര്‍ഷകരും ടണ്‍ കണക്കിന് ഏത്തക്കായാണ് നഷ്ടത്തില്‍ വില്‍പ്പന നടത്തിയത്. ഇവരില്‍ പലരും സര്‍ക്കാര്‍ അംഗീകൃത വി.എഫ്.സി.കെ. വിപണികളിലുമാണ് വില്‍പ്പന നടത്തിയിട്ടുള്ളതും.

കൃഷി നിര്‍ത്തേണ്ടിവരും

പ്രവാസജീവിതത്തില്‍നിന്നുള്ള സമ്പാദ്യമുപയോഗിച്ചാണ് പത്തനംതിട്ട, കുളത്തുമണ്‍ നന്ത്യാട്ട് തോമസ് ജോസഫും അഗസ്റ്റിന്‍ ജോസഫും ഏക്കര്‍ കണക്കിന് സ്ഥലത്ത് വാഴകൃഷി നടത്തിയത്. 12 വര്‍ഷമായി ഇവര്‍ ഈ മേഖലയില്‍ ടണ്‍ കണക്കിന് ഏത്തക്കുലകളാണ് വില്‍പ്പന നടത്തിയത്. ഇത്രയും കാലത്തിനിടയിലുണ്ടായ ഏറ്റവും വലിയ നഷ്ടമാണ് ഈ വര്‍ഷം സംഭവിച്ചതെന്നും തോമസ് ജോസഫ് പറഞ്ഞു. ഇനി ഏത്തവാഴകൃഷിയില്‍നിന്ന് പിന്മാറാനാണ് തീരുമാനം.

ആന, കാട്ടുപന്നി, തത്ത, കുരങ്ങ് എന്നിവയില്‍നിന്നുള്ള ശല്യങ്ങളെ പ്രതിരോധിച്ചാണ് ഇവര്‍ കിഴക്കന്‍ വനമേഖലയോട് ചേര്‍ന്ന് വാഴകൃഷി ചെയ്യുന്നത്. ഇക്കുറി ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായെന്നും ഇവര്‍ പറഞ്ഞു.

Content Highlights: Agriculture News: Banana farmers in Kerala battle low retail prices