ഡോ. ജോർജ് വർഗീസ് പെരിനാട്ടെ തോട്ടത്തിൽനിന്ന് വിളവെടുത്ത ചെറുനാരങ്ങയുമായി |ഫോട്ടോ: അജിത്ത് പനച്ചിക്കൽ
കൊല്ലം: പത്തുകൊല്ലംമുമ്പ് അഷ്ടമുടിക്കായലോരത്തെ 70 സെന്റില്‍ നിറയെ ചെറുനാരകത്തൈകള് നട്ടപ്പോള്‍ കണ്ടവരെല്ലാം ഡോ. ജോര്‍ജ് വര്‍ഗീസിനെ കളിയാക്കി. 'ഈ കായല്‍വാരത്ത് ചെറുനാരങ്ങ കായ്ക്കുമോ'-ഇങ്ങനെ ശങ്കിച്ചവരായിരുന്നു ഏറെയും. പത്തുവര്‍ഷത്തിനിപ്പുറം, കൊല്ലം പെരിനാട്ടെ പരമ്പരാഗത വൈദ്യകുടുംബമായ 'കായല്‍വാരത്തെ' ഈ 70 സെന്റ് ഭൂമി കണ്ടാല്‍ തമിഴ്നാട്ടിലെ ഏതോ നാരകത്തോട്ടത്തിലെത്തിയപോലെ തോന്നും. 150-ഓളം ചെറുനാരകങ്ങള്‍ നിറയെ കായ്ച്ചുനില്ക്കുകയാണിവിടെ.
ഒരുവര്‍ഷം ഒന്നുമുതല്‍ ഒന്നരവരെ ലക്ഷം രൂപയുടെ ചെറുനാരങ്ങ വില്‍ക്കുന്നുണ്ട് ഈ ഡോക്ടര്‍. വൈദ്യശാലയിലേക്ക് എണ്ണകാച്ചാനും നാരങ്ങാക്കിഴി കെട്ടാനും തെങ്കാശിയില്‍നിന്ന് നാരങ്ങ കൊണ്ടുവന്നിരുന്ന കാലവും മറന്നു.
പെരിനാട് റെയില്‍വേ സ്റ്റേഷനോടു ചേര്‍ന്നുകിടക്കുന്ന നാലേക്കര്‍ ഭൂമിയില്‍ വാലുപോലെ കിടക്കുന്ന ഈ 70 സെന്റിന് മുകളിലൂടെ 110 കെ.വി. വൈദ്യുത കമ്പി കടന്നുപോകുന്നുണ്ട്. താഴെ തെങ്ങോ മറ്റ് മരങ്ങളോ നടാന്‍ കഴിയില്ല. അങ്ങനെയാണ് കായല്‍വാരത്തേക്ക് ചെറുനാരകം വന്നത്. വൈദ്യശാലയിലേക്ക് തെങ്കാശിയില്‍നിന്ന് നാരങ്ങയും മരുന്നുകൂട്ടുകളും കൊണ്ടുവന്നിരുന്ന മുരുകന് ചെറുനാരകം നടാമെന്ന ആശയം മുന്നോട്ടുവയ്ക്കുകയായിരുന്നു. തൈകള്‍ കൊണ്ടുവന്നു നട്ടതും മുരുകന് തന്നെ. ഈ ചെറുപ്പക്കാരനും അച്ഛന് പൊന്നുസ്വാമിയും ചേര്‍ന്ന് പരിപാലനവും ഏറ്റെടുത്തു. നാലാംകൊല്ലംമുതല് കായ്ച്ചുതുടങ്ങി. ഏപ്രില്‍മുതല്‍ ഓഗസ്റ്റ്വരെയാണ് സീസണ്. പടിഞ്ഞാറേ കൊല്ലം, കടപ്പാക്കട കാര്‍ഷിക വിപണികളിലാണ് വില്‍പ്പന.
ജൈവ ഉത്പന്നങ്ങള്‍ മാത്രം വില്‍ക്കുന്ന ഒരു ഏജന്‍സി 'തനി നാടന്‍' ചെറുനാരങ്ങയ്ക്കായി ഡോക്ടറെ സമീപിച്ചിട്ടുണ്ട്. നല്ലതുപോലെ നീരുള്ളതിനാല്‍ നാരങ്ങാവെള്ളമുണ്ടാക്കാന് തമിഴ്നാടന്‍ ഇനങ്ങളെ തോല്‍പ്പിക്കും ഇവന്. നീരിന് ചെറു മധുരമുണ്ടെന്നാണ് വര്‍ഷങ്ങളോളം തമിഴ്നാട്ടില്‍ നാരകത്തോട്ടങ്ങളില് പണിയെടുത്തിട്ടുള്ള പൊന്നുസ്വാമിയുടെ സാക്ഷ്യം.
തെങ്ങുകൃഷിയില്‍നിന്ന് ലഭിക്കുന്നതിനേക്കാള്‍ വരുമാനവും ചെറുനാരങ്ങ നല്‍കുന്നുണ്ടെന്ന് ഡോ. ജോര്‍ജ് വര്‍ഗീസ് പറയുന്നു. ഭാര്യ ഇടുക്കിക്കാരിയായ അന്നമ്മ ജോര്‍ജും മകന് ഡോ. വര്‍ഗീസ് കെ.ജോര്‍ജും കൃഷിയില്‍ തത്പരരാണ്. 'ഏതുമണ്ണിലും ചെറുനാരങ്ങ വിളയും. നല്ല വെയില് കിട്ടണം. ചുവട്ടില്‍ എപ്പോഴും ഈര്‍പ്പം വേണം. അത്രമാത്രം.'-ഡോ. ജോര്‍ജ് വര്‍ഗീസ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..