മീനാക്ഷിപുരം രാമര്‍പണ്ണയിലെ തോട്ടത്തിലെത്തുന്നവര്‍ക്ക് പേരയ്ക്കപറിക്കാന്‍ കല്ലെറിയുകയോ തോട്ടിയെടുക്കുകയോ വേണ്ട... തോട്ടത്തിലൂടെ വെറുതെയൊന്ന് നടന്നാല്‍ മതി, മതിയാവോളം പേരയ്ക്ക സുഖമായി കൈകൊണ്ട് പറിക്കാം. അരപ്പൊക്കംമാത്രം ഉയരമുള്ള ചെടികളില്‍ പൂത്തുകായ്ച്ച് നില്‍ക്കുകയാണ് മധുരമൂറും പേരയ്ക്കകള്‍.

രാമര്‍പണ്ണയിലെ കര്‍ഷകന്‍ ജ്ഞാനശരവണന്റെ ഒരേക്കര്‍സ്ഥലത്താണ് കുറിയ ഇനം ചെടികളില്‍ പേരയ്ക്ക തഴച്ചുവളരുന്നത്. അര്‍ക്കാകിരണ്‍ ഇനത്തില്‍പ്പെട്ട 860 തൈകളാണ് ഇവിടെ നട്ടുപിടിച്ചിട്ടുള്ളത്. ഒരുവര്‍ഷംമുമ്പ് നട്ട ചെടികളെല്ലാം ഇപ്പോള്‍ കായ്ച്ചുതുടങ്ങി. മൂന്നടി പൊക്കത്തിലെത്തിയ ചെടികളില്‍നിന്ന് ദിവസവും 60 കിലോഗ്രാംവരെ പേരയ്ക്ക കിട്ടുന്നുണ്ടെന്ന് ജ്ഞാനശരവണന്‍ പറഞ്ഞു.

മധുരമുള്ളതും അകം ഇളംചുവപ്പ് നിറമുള്ളതുമായ പേരയ്ക്കയാണിത്. കഴിക്കാനും ജ്യൂസും ഐസ്‌ക്രീമും ഉണ്ടാക്കാനുമെല്ലാം ഉപയോഗിക്കാം. വിപണിയില്‍ 120 രൂപയാണ് വില. കര്‍ഷകന് കിലോഗ്രാമിന് 60-70 രൂപവരെ കിട്ടും. കൊച്ചി, പൊള്ളാച്ചി എന്നിവിടങ്ങളില്‍ നിന്നെല്ലാം നിലവില്‍ പേരയ്ക്കയെടുക്കാന്‍ ആളെത്തുന്നുണ്ടെന്ന് ജ്ഞാനശരവണന്‍ പറഞ്ഞു. 

പരമാവധി ആറടി ഉയരംവരെയാണ് ചെടിയുടെ വളര്‍ച്ച. നാലുവര്‍ഷംകൊണ്ട് പൂര്‍ണ വളര്‍ച്ചയെത്തും. അക്കാലയളവില്‍ മൂന്ന് ടണ്‍ പേരയ്ക്കവരെ ഒരുമാസംകൊണ്ട് ലഭിക്കും. ചൂട് കാലാവസ്ഥയാണ് കൃഷിക്ക് അനുയോജ്യം. മഞ്ഞുള്ള സ്ഥലങ്ങളില്‍ ഉത്പാദനം കുറയും. ചെടികള്‍ താഴ്ന്ന് വളരാന്‍ പ്രൂണിങ് ആവശ്യമാണ്.

വര്‍ഷത്തിലൊരിക്കല്‍ മുകളിലെ ശാഖകള്‍ വെട്ടിമാറ്റി, വശങ്ങളിലേക്ക് ചില്ലകള്‍ വളര്‍ത്തണം. ചില്ലകളുടെ വളര്‍ച്ചയ്ക്കായി എട്ടടിവീതം അകലമിട്ടാണ് ഓരോ തൈയും നട്ടിരിക്കുന്നത്.

Content Highlights: Arka kiran guava cultivation