വുങ്ങു കർഷകർക്ക് ഇത്തവണയും പ്രതീക്ഷയ്ക്ക് വകയില്ല. കനത്ത മഴയുടെ ബാക്കിയെന്നോണം മലയോരത്ത് തോട്ടങ്ങളിൽ അടയ്ക്കപൊഴിച്ചിൽ വ്യാപകമായി. കാസര്‍കോട് ജില്ലയിലെ കുറ്റിക്കോൽ, ബേഡഡുക്ക, പനത്തടി, ദേലമ്പാടി പഞ്ചായത്തുകൾ, കർണാടക സുള്ള്യയിലെ ആലട്ടി പഞ്ചായത്ത് തുടങ്ങിയയിടങ്ങളിലാണ് വ്യാപകമായി കൊഴിയുന്നത്.

മൂപ്പെത്തുംമുൻപേ പൂപ്പൽ ബാധിച്ചാണ് അടയ്ക്ക കൊഴിയുന്നത്. മൂപ്പെത്തിയവയാകട്ടെ, തിളച്ച വെള്ളത്തിലിട്ട് വേവിച്ചെടുത്ത രീതിയിലുമാണ് കൊഴിയുന്നത്. ചിലയിടങ്ങളിൽ അടയ്ക്ക പകുതിഭാഗം നെടുകെ കൊത്തിമുറിച്ച രീതിയിലും കൊഴിയുന്നുണ്ട്. തുടർച്ചയായ കനത്ത മഴയുണ്ടായതിനാലാണ് അടയ്ക്കപൊഴിയൽ വ്യാപകമായതെന്ന് കർഷകരുടെ അഭിപ്രായം.

മുൻകാലങ്ങളിൽ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലായിരുന്നു മഹാളി വ്യാപകമായിരുന്നത്. ബോർഡോമിശ്രിതം തളിച്ച് വീഴ്ച തടയുകയായിരുന്നു പതിവ്. എന്നാൽ, ഇപ്രാവശ്യം മഴ കാരണം മരുന്ന് കൃത്യമായി തളിക്കാനാകാത്തതും തിരിച്ചടിയായി. ഒരു കിലോ ചുണ്ണാമ്പ്, ഒരു കിലോ തുരിശ് എന്നിവ വെവ്വേറെ തയ്യാറാക്കി 100 ലിറ്റർ വെള്ളത്തിൽ കലക്കിയെടുക്കുന്ന ഈ മിശ്രിതം മഴക്കാലം തുടങ്ങുമ്പോൾ തന്നെ തെളിച്ചാണ് രോഗം തടയുക.

അടയ്ക്കാക്കുല മുഴുവനായി പൊതിയുന്ന രീതിയിൽ 40 ദിവസത്തിനകം വീണ്ടും തളിക്കണം. ഉണങ്ങിക്കിട്ടുന്നതിന് തുടർച്ചയായി മൂന്നുമണിക്കൂർ നേരമെങ്കിലും വെയിൽ കിട്ടണം. അതില്ലാതായതും കർഷകരെ ബുദ്ധിമുട്ടിലാക്കി. വേനൽമഴയിലും കാലവർഷത്തിലും മലയോരത്ത് ഒട്ടേറെ കവുങ്ങുകൾ നശിച്ചിരുന്നു. വനാതിർത്തികളിൽ കുരങ്ങുശല്യം കാരണവും അടയ്ക്ക ലഭിക്കുന്നില്ല.

ബോർഡോ മിശ്രിതം വഴിമാറുന്നു

പരമ്പരാഗതമായി തെളിച്ചിരുന്ന ബോർഡോമിശ്രിതം മറ്റു കീടനാശിനികൾക്ക് വഴിമാറുന്നു. ഭൂരിഭാഗം തോട്ടങ്ങളിലും ആധുനിക കീടനാശിനികളാണ് തെളിക്കാറ്. ഒരു പ്രാവശ്യം തെളിച്ചാൽ പിന്നെ മൂന്നുമാസത്തേക്ക് തെളിക്കേണ്ടതില്ല എന്നാണ് കർഷകർ പറയുന്നത്. രോഗം പിടിപെടാറുമില്ല. എന്നാൽ, പരമ്പരാഗത കർഷകർ ഇതിനെ അനുകൂലിക്കുന്നില്ല. മഞ്ഞരോഗം ബാധിക്കുന്നതായും കവുങ്ങ്മണ്ട നേർത്തുവരുന്നതായുമാണ് ഇവർ പറയുന്നത്.

കർഷകർ ചെയ്യേണ്ടത്

മഹാളി ബാധിച്ച അടയ്ക്ക പെറുക്കിയെടുത്ത് കൂട്ടിയിട്ട് കത്തിച്ചുകളയണമെന്ന് കൃഷിഭവൻ അധികൃതർ പറഞ്ഞു. ഒരു ലിറ്റർ വെള്ളത്തിൽ 15 മില്ലീലിറ്റർ എന്ന തോതിൽ ‘അക്കോമിൻ’ കലർത്തി മഹാളി ബാധിച്ച കുലകളിൽ തളിക്കണം. കവുങ്ങൊന്നിന് 150 ഗ്രാം വീതം പൊട്ടാഷ് ചുവട്ടിൽ വിതറണം. മഞ്ഞളിപ്പിനും അടയ്ക്ക പൊട്ടുന്നതിനും അഞ്ചു ഗ്രാം ‘സിങ്കോമിൻ’ ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലർത്തി തളിക്കാം.

സൂഷ്മമൂലകമിശ്രിതം ‘അയർ’ 200 ഗ്രാം വീതം ചുവട്ടിൽ വിതറുന്നതും ഗുണംചെയ്യും. മഹാളി ബാധിച്ചിട്ടില്ലെങ്കിൽ ബോർഡോമിശ്രിതമോ ഒരു ലിറ്റർ വെള്ളത്തിൽ രണ്ടു ഗ്രാം എന്ന തോതിൽ ‘കൊസൈഡ്’ കലർത്തിയ മിശ്രിതമോ തളിക്കാവുന്നതാണെന്നും ബേഡഡുക്ക, കുറ്റിക്കോൽ, കള്ളാർ കൃഷിഭവൻ അധികൃതർ അറിയിച്ചു.

Content Highlights: Arecanut Farmers Facing Crisis