പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
കോവിഡ് പ്രതിസന്ധിയിലും സംസ്ഥാനത്ത് പാല്‍ ഉത്പാദനത്തിലും വിപണനത്തിലും റെക്കോഡ് വര്‍ധന. ഒരു വര്‍ഷംകൊണ്ട് സംസ്ഥാനത്ത് പാല്‍ ഉത്പാദനത്തിലുണ്ടായ വര്‍ധന 6.14 കോടി ലിറ്റര്‍. മില്‍മവഴി വിപണനം ചെയ്യുന്ന പാലിന്റെ അളവും ദിവസം 25 ശതമാനം വര്‍ധിച്ചു. പ്രാദേശികമായി ക്ഷീരകര്‍ഷകര്‍ വിറ്റഴിക്കുന്ന പാലിന് പുറമേയാണിത്. 2021-22 സാമ്പത്തികവര്‍ഷം സംസ്ഥാനത്തെ 3350 ക്ഷീരസംഘങ്ങളില്‍നിന്നായി 77,32,72,364 ലിറ്റര്‍ പാലാണ് സംഭരിച്ചത്. ക്ഷീരകര്‍ഷകര്‍ക്ക് കഴിഞ്ഞ സാമ്പത്തികവര്‍ഷം 29,384 കോടി രൂപയാണ് ക്ഷീരസംഘങ്ങള്‍ നല്‍കിയത്.
ഓണത്തിനും വിഷുവിനും പാല്‍ പുറത്തുനിന്ന്
ഉത്പാദനം കൂടിയെങ്കിലും ഓണം, വിഷു കാലങ്ങളില്‍ എറണാകുളം, തിരുവനന്തപുരം മേഖലാ യൂണിയനുകള്‍ അയല്‍സംസ്ഥാനങ്ങളില്‍നിന്നും മലബാര്‍ മേഖലാ യൂണിയനില്‍നിന്നും പാല്‍ വാങ്ങിയാണ് പ്രതിസന്ധി തരണംചെയ്യുന്നത്. പാല്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത നേടിയ മലബാര്‍ മേഖലാ യൂണിയന്‍ ഒരു ലക്ഷം ലിറ്ററിലധികം പാല്‍ പാല്‍പ്പൊടിയാക്കിമാറ്റിയാണ് പ്രതിസന്ധി തരണംചെയ്യുന്നത്.
ഒന്നാം സ്ഥാനം പാലക്കാടിന്
സംസ്ഥാനത്ത് പാലുത്പാദനത്തില്‍ മുന്നിട്ടുനില്‍ക്കുന്നത് പാലക്കാട് ജില്ലയാണ്. ദിവസം സംഭരിക്കുന്നത് 3.14 ലക്ഷം ലിറ്റര്‍. രണ്ടാം സ്ഥാനത്ത് വയനാട് ജില്ലയാണ് (2.64 ലക്ഷം ലിറ്റര്‍). കുറവ് പത്തനംതിട്ട (58,607 ലിറ്റര്‍).
കൂടുതല്‍പ്പേര്‍ ക്ഷീരമേഖലയില്‍
കോവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട ഒട്ടേറെപ്പേരാണ് ക്ഷീരമേഖലയില്‍ തൊഴില്‍ കണ്ടെത്തിയത്. ക്ഷീരവികസനവകുപ്പിന്റെ കണക്കുപ്രകാരം 3.92 ലക്ഷം കര്‍ഷകര്‍ രജിസ്റ്റര്‍ചെയ്തു. രണ്ടു വര്‍ഷംകൊണ്ട് 12,000-ത്തോളം കര്‍ഷകര്‍ പുതുതായി ക്ഷീരമേഖലയിലെത്തി. ഇതിലൂടെ ഉത്പാദനം 2.59 ലക്ഷം ലിറ്റര്‍ വര്‍ധിച്ചു.
പിടിച്ചുനില്‍ക്കാന്‍ നടപടിവേണം
കാലിത്തീറ്റ 50 കിലോ ചാക്കിന് രണ്ടുവര്‍ഷത്തിനിടെ 250 രൂപ കൂടി. വൈക്കോലും ഗോതമ്പ് തവിടും കടലപ്പിണ്ണാക്കും ഉള്‍പ്പെടെയുള്ള തീറ്റസാധനങ്ങളുടെ വില കിലോക്ക് അഞ്ചുരൂപയോളം കൂടി. പാല്‍വില നാലുവര്‍ഷമായി കര്‍ഷകര്‍ക്ക് ലിറ്ററിന് 38 രൂപയാണ് കിട്ടുന്നത്. വില്‍പ്പനവില 48 രൂപയും. ഉത്പാദനച്ചെലവ് സര്‍ക്കാര്‍ കണക്കനുസരിച്ച് ലിറ്ററിന് 44 രൂപയാണ്. തീറ്റപ്പുല്‍ ഉള്‍പ്പെടെയുള്ളവ കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കണം. കാലിത്തീറ്റയ്ക്ക് സബ്സിഡിയും പശുക്കള്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതിയും നടപ്പാക്കണം.
മില്‍മ വിറ്റുവരവില്‍ 25 % വര്‍ധന
സംഭരണവില കുറയ്ക്കാതെയും വില്‍പ്പനവില വര്‍ധിപ്പിക്കാതെയും കഴിഞ്ഞവര്‍ഷം മില്‍മയുടെ വിറ്റുവരവ് 25 ശതമാനം കൂടി. 2021-22 സാമ്പത്തികവര്‍ഷം മില്‍മയുടെ പ്രൊവിഷണല്‍ വിറ്റുവരവ് 4300 കോടി രൂപയാണ്. ദിവസ പാല്‍സംഭരണം 2021-22 സാമ്പത്തികവര്‍ഷം 15.19 ലക്ഷം ലിറ്ററാണ്. വില്‍പ്പനകഴിഞ്ഞ് ബാക്കിവരുന്ന പാല്‍ ലിറ്ററിന് 10 രൂപ നഷ്ടത്തില്‍ അയല്‍സംസ്ഥാനങ്ങളിലെത്തിച്ചാണ് പാല്‍പ്പൊടിയാക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..