റെ ആവശ്യക്കാരുള്ള രുചിയുടെ റാണി അല്‍ഫോണ്‍സ (ആപ്പോസ്) മാമ്പഴത്തിന് ഞെട്ടിക്കുന്നവില. കഴിഞ്ഞദിവസം മുതലമടയിലെ മൊത്തക്കച്ചവടവിപണിയില്‍ കിലോക്ക് 350 രൂപയ്ക്കാണ് കച്ചവടം നടന്നത്. കാലാവസ്ഥാവ്യതിയാനംമൂലം മുതലമടയിലെ മാന്തോപ്പുകളില്‍ ഇത്തവണ മൂന്നുതവണ പൂക്കള്‍ കരിഞ്ഞിരുന്നു. ഇതോടെ മാങ്ങ ഉത്പാദനം സാധാരണസീസണെ അപേക്ഷിച്ച് 15 ശതമാനംമാത്രമാണുള്ളത്.

അല്‍ഫോണ്‍സ മാങ്ങയുടെ ഉത്പാദനമാകട്ടെ ഒരു ശതമാനത്തിലും താഴെയാണിപ്പോള്‍. വളരെ കുറച്ച് കര്‍ഷകര്‍ക്കുമാത്രമേ ഈ സീസണില്‍ അല്‍ഫോണ്‍സ വിളവെടുക്കാന്‍ കഴിഞ്ഞിട്ടുള്ളൂവെന്ന് മാങ്ങ കര്‍ഷകന്‍ ഷൈജു നാരായണന്‍ പറഞ്ഞു. അറേബ്യന്‍ രാജ്യങ്ങളില്‍ ഏറെ പ്രിയമുള്ള ഈ മാമ്പഴം ഇപ്പോള്‍ മുതലമടയിലും മഹാരാഷ്ട്രയിലെ സങ്കിലിയിലും മാത്രമാണ് നാമമാത്രമായി ഉത്പാദനമുള്ളതെന്ന് മാങ്ങ കച്ചവടക്കാരന്‍ എന്‍.ജെ. റിയാസ് പറഞ്ഞു.

സങ്കിലിയില്‍ അല്‍ഫോണ്‍സ 12 എണ്ണത്തിന് തിങ്കളാഴ്ച 3200 രൂപ വിലകിട്ടി. മറ്റ് മാമ്പഴ ഇനങ്ങളായ ബംഗനപ്പള്ളി 80-100 രൂപ, സിന്ദൂരം 80-90, കിളിമൂക്ക് 60-70, മൂവാണ്ടന്‍ 25-35 എന്നിങ്ങനെ കുറഞ്ഞവിലയിലാണ് മൊത്തക്കച്ചവടം.

മുതലമടയിലെ മാമ്പഴ കര്‍ഷകരില്‍ ഭൂരിഭാഗവും ഒരു സീസണ്‍ കഴിയുന്നതിനുമുന്‍പേ അടുത്ത സീസണിലെ മാങ്ങ പറിക്കുന്നതിനുള്ള കരാര്‍ കച്ചവടക്കാര്‍ക്ക് നല്‍കും. ഇങ്ങനെ കരാറെടുക്കുന്ന കച്ചവടക്കാര്‍ അമിതമായി കീടനാശിനിയും ഹോര്‍മോണും മാവില്‍ പ്രയോഗിക്കുന്നത് ഏറെ തര്‍ക്കത്തിന് വഴിവെച്ചിരുന്നു.

ഇത്തവണ വിളവ് കുറഞ്ഞതോടെ കച്ചവടക്കാര്‍ പറഞ്ഞുറപ്പിച്ച വില നല്‍കാന്‍ കഴിയാതെ കുഴയുകയാണ്. വിലയില്‍ കുറവുണ്ടാകുമെന്ന് ചില കച്ചവടക്കാര്‍ കര്‍ഷകരോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഏറെലാഭം കിട്ടുന്നവേളയില്‍ പറഞ്ഞുറപ്പിച്ചതിലും കൂടുതല്‍ സംഖ്യ തങ്ങള്‍ക്ക് നല്‍കാറില്ലല്ലോ എന്നാണ് കര്‍ഷകര്‍ പറയുന്നത്.

സ്വന്തമായി മാവ് പരിചരിച്ച് കീടനാശിനി, രാസവളം എന്നിവ മിതമായി ഉപയോഗിക്കുന്നവര്‍ക്ക് താരതമ്യേന വിളവ് ലഭിക്കുന്നുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. മുതലമടയിലെ മാവുകൃഷി ക്രമേണ കീടനാശിനി, രാസവള വിമുക്തമാക്കാന്‍ പദ്ധതി തയ്യാറാക്കിയതായി കൃഷി ഓഫീസര്‍ എസ്.എസ്. സുജിത്ത് പറഞ്ഞു.

Content Highlights: Alphonsa mango priced at Rs 350 per kg