കുന്നംകുളം: വരള്‍ച്ച നല്‍കിയ പാഠങ്ങളൊന്നും കൃഷിവകുപ്പുദ്യോഗസ്ഥര്‍ അറിഞ്ഞില്ല. കര്‍ഷകരെ സഹായിക്കേണ്ട തോടുകള്‍ക്ക് പഴയമുഖത്തില്‍നിന്ന് മാറ്റമില്ല. പാടങ്ങളെ ജലസമൃദ്ധമാക്കേണ്ട തോടുകള്‍ റോഡായി മാറുമ്പോള്‍ നെല്‍കര്‍ഷകരെ സഹായിക്കാനുള്ള നടപടികള്‍ ഉണ്ടാകാത്തതില്‍ കര്‍ഷകര്‍ക്കിടയിലും പ്രതിഷേധമുയരുന്നു.

മഴക്കാലത്ത് തോടുകളില്‍ സംഭരിക്കുന്ന വെള്ളമാണ് മുണ്ടകന്‍കൃഷിയുടെ പ്രധാന ആശ്രയം. ആനായ്ക്കല്‍, ചീരംകുളം, കാണിയാമ്പാല്‍, ചെമ്മണ്ണൂര്‍ പാടശേഖരങ്ങളിലൂടെ ചുറ്റിവളഞ്ഞ് കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന തോടിന്റെ പുനരുദ്ധാരണത്തിന് കാര്യമായ ഇടപെടലുകള്‍ കൃഷിവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായില്ല. കഴിഞ്ഞ ഒക്ടോബറില്‍ മുണ്ടകന്‍ കൃഷിയുടെ തുടക്കത്തിലേ ഈ പാടശേഖരത്തിലൂടെയുള്ള തോട് വറ്റിവരണ്ടു. നെല്‍കര്‍ഷകര്‍ വെള്ളം കിട്ടാതെ വലഞ്ഞു. പാടത്തുനട്ട ഞാറുപോലും പറിച്ചുനടാന്‍ കഴിയാതെ ഒട്ടേറെ കര്‍ഷകര്‍ കൃഷിയില്‍നിന്ന് പിന്മാറി. 

വേനലിനെ അതിജീവിച്ച് കൃഷിയുമായി മുന്നോട്ടുപോയവരുടെ പാടശേഖരങ്ങള്‍ വെള്ളമില്ലാതെ കരിഞ്ഞുണങ്ങി. ജനുവരിയില്‍ കൊയ്‌തെടുത്തപ്പോള്‍ ഇറക്കിയ പണത്തിനുള്ള നെല്ലും വൈക്കോലും കിട്ടിയില്ല. തോടുകള്‍ ആഴംകൂട്ടി വെള്ളം സംഭരിക്കാന്‍ കഴിയാതിരുന്നതാണ് കര്‍ഷകര്‍ക്ക് വിനയായത്. 

മധുരക്കുളത്തിന് സമീപത്തുനിന്നും കാണിപ്പയ്യൂരില്‍നിന്നുമുള്ള തോടുകളിലെ വെള്ളമാണ് ഈ പാടശേഖരങ്ങളിലെ കൃഷിക്കുപയോഗിച്ചിരുന്നത്. കൃഷിതുടങ്ങുന്നതിനുമുമ്പേ തോടുകള്‍ വറ്റുന്നതാണ് ഇപ്പോഴത്തെ കാഴ്ച. ആറടിയിലേറെ താഴ്ചയുണ്ടായിരുന്ന തോടിനിപ്പോള്‍ ഒന്നരയടിപോലും താഴ്ചയില്ല. 

പലസ്ഥലങ്ങളിലും തോട് റോഡായി മാറി. പനങ്ങായി ഭാഗത്തുള്ള തോട് തൊഴിലുറപ്പുതൊഴിലാളികള്‍ തെളിയിച്ചെടുത്തു. ജലസേചനവകുപ്പിന്റെ സഹായത്തോടെ തോട് ആഴംകുട്ടുമെന്നായിരുന്നു വാഗ്ദാനം. മഴക്കാലം അടുത്തെത്തിയെങ്കിലും ഇതിനുവേണ്ട നടപടിയുണ്ടായില്ല. 

വെള്ളമില്ലാത്തതിനാല്‍ വര്‍ഷങ്ങളായി തരിശ്ശായിക്കിടക്കുന്ന സ്ഥലങ്ങളും ഇവിടെയുണ്ട്. പലരും കൃഷിയിറക്കാന്‍ തയ്യാറാണെങ്കിലും വെള്ളമില്ലാത്ത പ്രശ്‌നമാണ് ഉന്നയിക്കുന്നത്. ഇത് പരിഹരിക്കാന്‍ കൃഷിജലസേചനവകുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല. 

മധുരക്കുളത്തിന് സമീപത്തുനിന്ന് തുടങ്ങുന്ന തോട് പെരുവല്ലൂരിലാണ് അവസാനിക്കുന്നത്. ഇതിന്റെ പലഭാഗത്തും കൈയേറ്റങ്ങള്‍ നടന്നിട്ടുണ്ട്. ഇത് തിരിച്ചുപിടിക്കാനോ നടപടിയില്ല. ചെമ്മണ്ണൂര്‍ മേഖലയിലാണ് തോടിന്റെ പഴയനീളവും വീതിയും അല്പമെങ്കിലും നിലനില്‍ക്കുന്നത്.