പാലക്കാട്: നെല്ലിന്റെ സംഭരണവില ഒരാഴ്ചയ്ക്കകം കര്‍ഷകന്റെ അക്കൗണ്ടിലെത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും ഇതിന് കാലതാമസം വരുത്തുംവിധം പുതിയ വ്യവസ്ഥകളുമായി ബാങ്കുകള്‍. മറ്റുബാങ്കുകളില്‍ വായ്പാ കുടിശ്ശികയില്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍മാത്രമേ പണം നല്‍കാന്‍ കഴിയൂയെന്ന നിലപാടിലാണ് ബാങ്കുകള്‍.

കനറാ ബാങ്കിന്റെ പല്ലശ്ശന ശാഖയില്‍ പി.ആര്‍.എസ്. ഹാജരാക്കിയ കളത്തില്‍പുരവീട്ടില്‍ വി. ബാലകൃഷ്ണനാണ് നെല്ല് കൊടുത്ത് പണത്തിനായി കാത്തിരിക്കുന്നത്. ഒക്ടോബര്‍ 29-നാണ് പി.ആര്‍.എസ്. ലഭിച്ചത്. പിറ്റേന്നുതന്നെ ഇത് ബാങ്കില്‍ സമര്‍പ്പിക്കുകയുംചെയ്തു. ഏഴാം തീയതിയാണ് ബാങ്കില്‍ ചെല്ലാന്‍ അറിയിപ്പ് ലഭിച്ചത്.

പണം കിട്ടുമെന്നുകരുതി എത്തിയ കര്‍ഷകനോട് മറ്റൊരു ബാങ്കില്‍നിന്നെടുത്ത കടത്തിന്റെ കുടിശ്ശികയില്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ പണം നല്‍കാന്‍ കഴിയൂയെന്നാണ് ബാങ്കധികൃതര്‍ പറഞ്ഞത്. കടം കുടിശ്ശികയില്ലാതെ അടച്ചുകൊണ്ടിരിക്കുകയാണെങ്കിലും ബാങ്കില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനുള്ള ശ്രമത്തിലാണ് ഈ കര്‍ഷകന്‍.

നട്ടംതിരിയുന്ന കര്‍ഷകര്‍ 

കര്‍ഷകരെ സഹായിക്കുന്നതിന് വകുപ്പുമന്ത്രി നടത്തിയ ആത്മാര്‍ഥമായ ശ്രമത്തിനൊടുവിലാണ് പി.ആര്‍.എസ്. സമര്‍പ്പിച്ചാല്‍ ബാങ്കുകള്‍ പണം കൊടുക്കുന്നതിനുള്ള നടപടിയുണ്ടായത്. എന്നാല്‍, നിയമത്തിന്റെ നൂലാമാലകള്‍ വീണ്ടും അവരെ ബുദ്ധിമുട്ടിക്കുന്നതാണ് കാണുന്നത്. ബാങ്കില്‍നിന്ന് കര്‍ഷകന് നല്‍കുന്ന പണം സപ്ലൈകോയാണ് കടമായെടുക്കുന്നത്. സര്‍ക്കാര്‍ പണം നല്‍കുന്നമുറയ്ക്ക് പലിശസഹിതം ഇത് തിരിച്ചടയ്ക്കും. സ്ഥിതി ഇങ്ങനെയായിട്ടും ഓരോരോ സര്‍ട്ടിഫിക്കറ്റിനായി തങ്ങളെ ഓടിക്കേണ്ടതുണ്ടോ എന്നാണ് കര്‍ഷകര്‍ ചോദിക്കുന്നത്.

നടപടിക്രമം പാലിക്കാതെ പണം നല്‍കാനാകില്ലെന്ന് അധികൃതര്‍ 

കരാര്‍ സപ്ലൈകോയുമായിട്ടാണെങ്കിലും വായ്പ നല്‍കുന്നത് കര്‍ഷകര്‍ക്കായതിനാല്‍ നടപടിക്രമങ്ങള്‍ പാലിച്ചുമാത്രമേ പണം നല്‍കാനാകൂയെന്ന് കനറാ ബാങ്ക് ശാഖാ മാനേജര്‍ മിധു പി. മാത്യു പറഞ്ഞു. പലകര്‍ഷകരും വിളവായ്പ എടുക്കുന്നവരാണ്. അങ്ങനെ എടുത്തിട്ടുണ്ടെങ്കില്‍ നെല്ലിന്റെ വില ആ ബാങ്കിലാണ് അടയ്ക്കേണ്ടത്. പണം കര്‍ഷകന്റെ കൈയിലെത്തിയാല്‍ ലോണെടുത്ത ബാങ്കില്‍ ഇത് അടയ്ക്കുമെന്നുറപ്പില്ല. ഇത് സപ്ലൈകോയുമായുള്ള കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റ് ബാങ്കുകളില്‍നിന്ന് കടമെടുത്തിട്ടുള്ളവര്‍ക്കുമാത്രമേ ഇത് ബാധകമാക്കിയിട്ടുള്ളൂവെന്നും അവരറിയിച്ചു.

ഇതുവരെ സംഭരിച്ചത് 32000 ടണ്‍ നെല്ല് 

സപ്ലൈകോ ഇതുവരെ ജില്ലയില്‍നിന്ന് സംഭരിച്ചത് 32,000 ടണ്‍ നെല്ലാണെന്ന് പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ കൃഷ്ണകുമാരി അറിയിച്ചു. ഏഴുകോടിരൂപ കര്‍ഷകര്‍ക്ക് നല്‍കി.

Content Highlights: Agriculture, Paddy, Paddy Subsidy