ആലപ്പുഴ: കര്‍ഷകരെ പ്രതിസന്ധിയിലാക്കി കുട്ടനാട്ടില്‍ കനത്തമഴ. മഴ ശക്തമായതും കിഴക്കന്‍ വെള്ളത്തിന്റെ വരവ് കൂടിയതും മൂലം മിക്ക പാടശേഖരങ്ങളിലും വിളവിറക്കുന്നത് മാറ്റിവച്ചിരിക്കുകയാണ്. ചമ്പക്കുളം എ.ഡി.എ. പരിധിയില്‍ റാണി, ചിത്തിര എന്നീ കായല്‍നിലങ്ങളില്‍ മാത്രമാണ് വിത പൂര്‍ത്തിയായത്. 

മാര്‍ത്താണ്ഡത്ത് വിത ആരംഭിച്ചെങ്കിലും കനത്തമഴ കര്‍ഷകര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. വിതയാരംഭിച്ച രാമങ്കരി എ.ഡി.എ. പരിധിയില്‍ എച്ച് ബ്ലോക്ക് കായലില്‍ മാത്രമാണ് വിത പൂര്‍ത്തിയായത്. എ.ഡി.എ. പരിധിയില്‍ ഒക്ടോബര്‍ 30വരെ ആവശ്യപ്പെട്ട വിത്ത് എത്തിച്ചിട്ടുണ്ടെങ്കിലും മഴയെത്തുടര്‍ന്ന് വിത മാറ്റിവച്ചിരിക്കുകയാണ്. വിത്തുക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് ഒക്ടോബര്‍ 15ന് വിത നിശ്ചയിച്ചിരുന്ന കായല്‍നിലങ്ങളില്‍ താമസിച്ചാണ് വിത ആരംഭിച്ചത്.

വിത്തു ക്ഷാമത്തിന് ഏറക്കുറെ പരിഹാരമായപ്പോഴാണ് മഴ ശക്തമായിരിക്കുന്നത്. പാടശേഖരത്തില്‍ മട വീഴ്ചയുണ്ടാകുമെന്ന ഭീതിയില്‍ കര്‍ഷകര്‍ വിതയിറക്കുന്നത് വൈകിപ്പിക്കുകയാണ്. കൂടാതെ പാടശേഖരങ്ങളുടെ പുറംബണ്ട് കവിഞ്ഞ് വെള്ളമൊഴുകാന്‍ തുടങ്ങിയതോടെ പമ്പിങ്ങിന് കരാറെടുത്തവര്‍ പമ്പിങ് നിര്‍ത്തിയിരിക്കുകയാണ്. 

വിതയ്ക്കായി ഒരുക്കിയിരുന്ന പുളിങ്കുന്ന് മേച്ചേരിവാക്ക, വെളിയനാട് കേളംമൂല പാടശേഖരങ്ങളില്‍ ബണ്ട് കവിഞ്ഞതിനെത്തുടര്‍ന്ന് പമ്പിങ് നിര്‍ത്തി. കഴിഞ്ഞ ദിവസങ്ങളില്‍ കാവാലം മാണിക്യമംഗലം, വെളിയനാട് മല്ലടി, എടത്വാ ആനക്കിടാവിരുത്തി എന്നീ പാടശേഖരങ്ങളില്‍ മട വീണിരുന്നു. നൂറോളം പാടശേഖരങ്ങളാണ് പുഞ്ചക്കൃഷിയുടെ വിതയ്ക്കായി ഒരുക്കിയിട്ടിരിക്കുന്നത്. 

വിതയിറക്കുന്നതിന് ഇനിയും വൈകിയാല്‍ പുഞ്ചക്കൃഷി ഉപേക്ഷിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.