തൃശ്ശൂര്‍: വൈകിത്തുടങ്ങിയ നെല്ല് സംഭരണം ലക്ഷ്യം കണ്ടില്ല. ഒന്നാം വിളയില്‍ നിന്ന് 1.6 ലക്ഷം ടണ്‍ നെല്ലാണ് സംഭരിക്കേണ്ടിയിരുന്നത്. ഇതുവരെ കിട്ടിയത് 41,219 ടണ്‍ മാത്രം. ലക്ഷ്യമിട്ടതിന്റെ നാലിലൊന്നുമാത്രം. സപ്ലൈകോ നെല്ലെടുപ്പ് തുടങ്ങിയിട്ട് ഒരു വര്‍ഷം പിന്നിട്ടു. സംഭരണം പുരോഗമിക്കുകയാണെന്നാണ് സപ്ലൈകോ അധികൃതര്‍ പറയുന്നത്.

പാലക്കാട് ജില്ലയില്‍ നിന്നാണ് ഒന്നാംവിളയുടെ 40 ശതമാനം സംഭരിക്കേണ്ടത്. അതുപ്രകാരം പാലക്കാട്ടുനിന്ന് 64,00 ടണ്‍ കിട്ടണം. എന്നാല്‍ കിട്ടിയത് 28,364 ടണ്‍ മാത്രം. പാലക്കാട് ജില്ലയില്‍ സംഭരണം ഏതാണ്ട് പൂര്‍ത്തിയായെന്ന് സപ്ലൈകോ പറയുന്നു. ചിറ്റൂര്‍മേഖലയില്‍ മാത്രമാണ് നെല്ല് സംഭരിക്കാനുള്ളത്. 

താങ്ങുവില പ്രഖ്യാപനം നേരത്തേയുണ്ടായെങ്കിലും നെല്ലെടുത്ത് അരിയാക്കുന്നതില്‍നിന്ന് മില്ലുടമകള്‍ തുടക്കത്തില്‍ വിട്ടു നിന്നു. അതോടെ നെല്ലു സംഭരണം വൈകി. ഓഗസ്റ്റില്‍ കൊയ്ത്തു തുടങ്ങി സെപ്റ്റംബര്‍ പകുതിയോടെ സംഭരണം തുടങ്ങുകയായിരുന്നു പതിവ്. ഇത്തവണ സംഭരണം തുടങ്ങിയതായി അറിയിപ്പുണ്ടായത് ഒക്ടോബര്‍ മൂന്നിനാണ്. മില്ലുകാര്‍ക്ക് പാടം തിട്ടപ്പെടുത്തി കൃത്യമായി സംഭരണം തുടങ്ങിയത് ഒക്ടോബര്‍ പകുതിയോടെയും.

നെല്ലളന്ന് കര്‍ഷകര്‍ക്ക് ഉടന്‍ പണം നല്‍കുന്ന പദ്ധതിയില്‍ നിന്ന് എസ്.ബി.ഐ തുടക്കത്തില്‍ വിട്ടു നിന്നതും കര്‍ഷകരെ പ്രയാസത്തിലാക്കി. കൊയ്‌തെടുത്ത നെല്ല് സംഭരിച്ചുവെയ്ക്കാനാകാതെ മിക്കവരും വിറ്റു. മഴയായിരുന്നു പ്രധാന പ്രതിസന്ധി. രണ്ടാം വിളയിറക്കാന്‍ പണമില്ലാതായതോടെ മിക്കകര്‍ഷകരും പൊതുവിപണിയില്‍ നെല്ല് വിറ്റു. വിപണിയില്‍ ഇത്തവണ കിലോഗ്രാമിന് 17 രൂപവരെ കിട്ടി. സപ്ലൈകോ കിലോഗ്രാമിന് 23.30 രൂപയ്ക്കാണ് നെല്ലെടുക്കുന്നത്.