ചെങ്ങന്നൂര്‍: ഒരു കാലത്ത് സര്‍വസാധാരണമായിരുന്ന ശര്‍ക്കരയുടെ കൊതിപ്പിക്കുന്ന മണം മധ്യതിരുവിതാംകൂറില്‍ മടങ്ങിയെത്താന്‍ വഴിതെളിയുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന കര്‍ഷകക്കൂട്ടായ്മയില്‍ പങ്കെടുത്തവര്‍ കരിമ്പുകൃഷിയിലേക്ക് മടങ്ങുന്നതിനുള്ള താത്പര്യം പങ്കുവെച്ചു. പൊതുമേഖലയില്‍ കരിമ്പാട്ടി ശര്‍ക്കര ഉണ്ടാക്കി വില്‍ക്കുന്ന പദ്ധതിക്ക് അനുമതി ലഭിച്ചതാണ് കരിമ്പ് കര്‍ഷകര്‍ക്ക് പ്രതീക്ഷയേകുന്നത്.

കാര്‍ഷിക സര്‍വകലാശാല വഴി 20 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. കൃഷി വിജ്ഞാനകേന്ദ്രം കോട്ടയം ജില്ലാ മേധാവി ഡോ. ജി.ജയലക്ഷ്മി കാര്‍ഷിക സര്‍വകലാശാല വഴി തയ്യാറാക്കി സമര്‍പ്പിച്ച പ്രോജക്ടിനാണ് തുക ലഭിച്ചിരിക്കുന്നത്. ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ആവശ്യത്തിന് സ്ഥലം ലഭിക്കുന്നിടത്ത് പദ്ധതി ആരംഭിക്കും.     

വെല്ലുവിളികള്‍ അനവധി
   
ശാസ്ത്രീയ കരിമ്പുകൃഷിക്ക് പദ്ധതിയില്ലാതെ ശര്‍ക്കര നിര്‍മാണം തുടങ്ങിയാല്‍ വിജയിക്കുമോ എന്നതാണ് കര്‍ഷകരുടെ സംശയം. സര്‍ക്കാരിന് സമര്‍പ്പിക്കപ്പെട്ട പദ്ധതിയില്‍ ആദ്യത്തെ ഇനം കൃഷി ആയിരുന്നു. അതിന് തുക നിലവില്‍ അനുവദിച്ചിട്ടില്ല. കരിമ്പാട്ടാന്‍ ചക്ക്, ശര്‍ക്കര ഉദ്പാദിപ്പിക്കാനുള്ള അടുപ്പ്, യൂണിറ്റ് സ്ഥാപിക്കാനുള്ള ഷെഡ് എന്നിവയാണ് 20 ലക്ഷം രൂപയ്ക്ക് പണിയുക. 13 ലക്ഷം രൂപ ഷെഡിനുവേണം.

യന്ത്രവത്കൃത കരിമ്പുകൃഷിക്ക് 50 ലക്ഷവും ശര്‍ക്കര നിര്‍മാണത്തിന് 50ലക്ഷവും വീതം ഒരുകോടിയുടെ പദ്ധതിയാണ് സര്‍വകലാശാല സമര്‍പ്പിച്ചിരുന്നത്. ഇതില്‍ രണ്ടാമത്തെ ഭാഗമായ ശര്‍ക്കര ഉത്പാദനത്തിന് പ്രാഥമികഘട്ടത്തില്‍ സര്‍ക്കാര്‍ തുക അനുവദിച്ചു. 50 ലക്ഷം എന്നത് വെട്ടിച്ചുരുക്കി 20 ലക്ഷമാക്കി. 
ശര്‍ക്കര നിര്‍മാണ യൂണിറ്റ് തുടങ്ങിയാലും ആവശ്യത്തിന് കരിമ്പ് കിട്ടിയില്ലെങ്കില്‍ പദ്ധതി പാളും.

യന്ത്രവത്കൃത കരിമ്പ് കൃഷിക്ക് അനുമതി ലഭിച്ചിരുന്നെങ്കില്‍ ഉത്പാദനച്ചെലവ് 80 ശതമാനത്തോളം കുറയ്ക്കാന്‍ സാധിക്കുമെന്ന് കരിമ്പ് ഗവേഷകര്‍ പറയുന്നു. കര്‍ഷകക്കൂട്ടായ്മയില്‍ കൃഷിവകുപ്പിലെയും കല്ലുങ്കല്‍ കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെയും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു. മധ്യതിരുവിതാംകൂര്‍ കരിമ്പ് കൃഷി വികസനസമിതി ഭാരവാഹികളായി ജോ ഇലഞ്ഞിമൂട്ടില്‍ (പ്രസി.), ജി.സുരേഷ് (സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.