ചെറുവത്തൂര്‍: കര്‍ഷകരുടെ ആവശ്യം കണ്ടറിഞ്ഞ് പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ പതിനായിരത്തിലേറെ കശുമാവിന്‍തൈ ഇത്തവണ ഒരുക്കി. മാടക്കത്തറയില്‍ നിന്ന് പുറത്തിറക്കിയ ധരശ്രീ ഇനമാണ് പോളീഹൗസില്‍ ഗ്രാഫ്റ്റു ചെയ്ത് ഒരുക്കി വച്ചിരിക്കുന്നത്. 

മൂന്നാഴ്ചയ്ക്കകം വിതരണം തുടങ്ങുമെന്ന് കാര്‍ഷിക ഗവേഷണ കേന്ദ്രം അധികൃതര്‍ പറഞ്ഞു. നട്ട് രണ്ടാംവര്‍ഷം തന്നെ ധരശ്രീ പൂവിട്ടു തുടങ്ങും. മൂന്നാംവര്‍ഷം  വിളവെടുക്കാമെന്നതും കൂടുതല്‍ വിളവുകിട്ടുമെന്നതും ധരശ്രീ ഇനത്തിന്റെ പ്രത്യേകതയാണ്. ഈ ഗുണങ്ങള്‍ കശുമാവ് കര്‍ഷകര്‍ക്ക് ധരശ്രീയെ പ്രിയപ്പെട്ടതാക്കുന്നു.

ധരശ്രീയുടെ തൈ നടുമ്പോള്‍ ഏഴര മീറ്റര്‍ ഇടയുണ്ടാകണം. പാറപ്രദേശത്ത് പാറപ്രദേശത്ത് 75 സെന്റീമീറ്റരും സാധാരണ മണല്‍പ്രദേശത്ത് 50 സെന്റീമീറ്ററും കുഴിയെടുക്കണം. തൈ നടുന്നതിനു മുമ്പായി കുഴിയുടെ പകുതിഭാഗം ജൈവവളം ചേര്‍ക്കണമെന്നും ഡോ.മീര മഞ്ജുഷ പറഞ്ഞു.