കോട്ടയം: സേനാപതി മാര്‍ ബേസില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ജൈവവൈവിധ്യ ഉദ്യാനത്തില്‍ നിറയെ കായ്കളുമായി നില്ക്കുന്ന രുദ്രാക്ഷമരം വേറിട്ട കാഴ്ചയാണ്. 

ശിവപ്രീതിക്കായി ഭക്തര്‍ ജപമാലയില്‍ കോര്‍ക്കുന്ന രുദ്രാക്ഷം ഇവിടെ മൂന്നു വര്‍ഷമായി കായ്ച്ചു നില്ക്കുന്നു. 2005ല്‍ ഇവിടത്തെ അധ്യാപകനായിരുന്ന ബിനു പോള്‍ ഉദ്യാനത്തില്‍ നട്ട രണ്ട് രുദ്രാക്ഷമരങ്ങളും കായ്ച്ചുനില്ക്കുകയാണിപ്പോള്‍.

ഇരുപത് അടിയോളം ഉയരത്തില്‍ തലയെടുപ്പോടെ നില്ക്കുന്ന രുദ്രാക്ഷമരങ്ങളിലെ കായ്കള്‍ കൊഴിഞ്ഞുവീഴുമ്പോള്‍ കുട്ടികള്‍ പെറുക്കിയെടുത്ത് സൂക്ഷിക്കാറുണ്ട്. രുദ്രാക്ഷത്തിന്റെ ഗുണത്തെക്കുറിച്ചും മൂല്യത്തെക്കുറിച്ചും അറിയുന്നവരും ഇവിടെയെത്തി കായ്കള്‍ സമാഹരിക്കുന്നു.

അമ്പതുസെന്റ് സ്ഥലത്ത് അമ്പതിലധികം ഔഷധ സസ്യങ്ങള്‍ ഇവിടെ പരിപാലിക്കുന്നുണ്ട്. തെള്ളിപൈന്‍, കര്‍പ്പൂരമരം തുടങ്ങിയ വിശിഷ്ട സസ്യജാലങ്ങള്‍ക്കിടയിലാണ് രുദ്രാക്ഷമരങ്ങള്‍ നിലകൊള്ളുന്നത്. സ്‌കൂള്‍ മാനേജര്‍ ഗീവര്‍ഗീസ് കൂറ്റാലില്‍ കോര്‍ എപ്പിസ്‌കോപ്പ, പ്രിന്‍സിപ്പല്‍ ബിനു പോള്‍, ഹെഡ്മിസ്ട്രസ് ബിജി വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ സ്‌കൂളിലെ സീഡ് ക്ലബ്ബാണ് ഔഷധസസ്യങ്ങള്‍ പരിപാലിക്കുന്നത്.