കോട്ടയം: പ്ലാവിന്റെയും തെങ്ങിന്റെയും വ്യത്യസ്ത ഇനം തൈകള്‍ മുതല്‍ പാഷന്‍ഫ്രൂട്ട് തൈകള്‍വരെ മാതൃഭൂമി കാര്‍ഷികമേളയില്‍ എത്തിക്കും. 30 ഇനം പ്ലാവിന്‍തൈകള്‍, മലേഷ്യന്‍കുള്ളന്‍, ഗംഗ, ഗോദാവരി തുടങ്ങി തെങ്ങിന്‍തൈകള്‍, വിദേശഫലവര്‍ഗങ്ങളുടെ തൈകള്‍ എന്നിവ ഉള്‍പ്പെടുത്തി വിശാലമായ നഴ്‌സറിയാണ് മേളയിലുണ്ടാവുക.
വേമ്പനാട് കായല്‍ത്തീരത്തെ വൈക്കം ബീച്ചാണ് കാര്‍ഷികമേളയ്ക്ക് വേദിയാകുന്നത്. 27ന് തുടങ്ങുന്ന മേള ഒക്ടോബര്‍ മൂന്നിന് സമാപിക്കും. രാവിലെ 11 മുതല്‍ രാത്രി 8 വരെയാണ് മേള.
കന്നുകാലി പ്രദര്‍ശനം, ശ്വാനപ്രദര്‍ശനം, കലാസന്ധ്യ, കര്‍ഷകസംഗമം, വൈക്കത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള ചിത്രപ്രദര്‍ശനം, പഴയതും പുതിയതുമായ കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനം, പുസ്തകപ്രദര്‍ശനം, ഭക്ഷ്യമേള, വിത്തുകളുടെ വിപണനം, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വിവിധ മത്സരങ്ങള്‍, നാട്ടുചന്ത, ഉത്പന്നപ്രദര്‍ശനം, കാര്‍ഷിക സെമിനാറുകള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വി ഗാര്‍ഡ് ഡൊമസ്റ്റിക് ആന്‍ഡ് ആഗ്രിക്കള്‍ച്ചര്‍ പമ്പാണ് കാര്‍ഷികമേളയുടെ മുഖ്യസ്‌പോണ്‍സര്‍, പാപ്‌ജോ പിക്കിള്‍സ് ആന്‍ഡ് ജാം പവേര്‍ഡ് ബൈ സ്‌പോണ്‍സറാണ്. സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മേളയുമായി സഹകരിക്കുന്നുണ്ട്. വിത്തുകളുടെയും തൈകളുടെയും വിശാലമായ സ്റ്റാളുകള്‍ മേളയുടെ ആകര്‍ഷണമാണ്. ചക്ക ഉത്പന്നങ്ങള്‍, മോട്ടോര്‍ പമ്പുകള്‍, വിവിധ സര്‍ക്കാര്‍ സ്റ്റാളുകള്‍ എന്നിവയും മേളയില്‍ ഉണ്ട്.
കലാസന്ധ്യ
മാതൃഭൂമി കാര്‍ഷികമേളയില്‍ എല്ലാ ദിവസവും വൈകുന്നേരം കലാപരിപാടികള്‍ അരങ്ങുണര്‍ത്തും. 27ന് ചേര്‍ത്തല കലാഭദ്രയുടെ നാടന്‍പാട്ട്, 28ന് സാബു കൊക്കോട്ടിന്റെ മെലഡിഫെസ്റ്റ്, 29ന് വണ്‍മാന്‍ഷോ, 30ന് അനില്‍മാടയ്ക്കലിന്റെ സ്റ്റാര്‍വാര്‍ കോമഡിഷോ, ഒക്ടോബര്‍ ഒന്നിന് കാവ്യസന്ധ്യ എന്നിവ നടക്കും.
കന്നുകാലി പ്രദര്‍ശനം
കാസര്‍കോട് കുള്ളന്‍, വെച്ചൂര്‍പശു, സ്വര്‍ണകപില, ഗിര്‍കാള എന്നിവയെ പ്രദര്‍ശനത്തിന് എത്തിക്കും. കന്നുകാലി പ്രദര്‍ശനത്തിലെ താരമായി മാണിക്യവും മേളയില്‍ എത്തും. ലോകത്തിലെ ഏറ്റവും ചെറിയ പശു എന്നപേരില്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്‌സില്‍ ഇടം നേടിയ പശുവാണ് മാണിക്യം.