സംസ്ഥാനഫലമായ ചക്ക ഇനി സീസണല്ലാത്ത സമയങ്ങളിലും ലഭിക്കും. സീസണ്‍ സമയത്ത് കിട്ടുന്ന ചക്ക ശീതീകരിച്ച് കേടാവാതെ സൂക്ഷിക്കാന്‍ കൃഷിവകുപ്പ് ഒരുങ്ങുന്നു. 2020-21 സാമ്പത്തികവര്‍ഷത്തില്‍ 35 ടണ്ണോളം ചക്കയുടെ വിപണനം നടന്ന സാഹചര്യത്തിലാണ് ഈ നീക്കം. ചക്കയ്ക്ക് മികച്ചവില ലഭ്യമാക്കി കര്‍ഷകര്‍ക്ക് അധിക വരുമാനം ഉറപ്പാക്കയാണ് ലക്ഷ്യം. വി.എഫ്.പി.സി.കെ.യും കൃഷിവകുപ്പും ചേര്‍ന്ന് ചക്ക കര്‍ഷകര്‍ക്ക് അനുയോജ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും കൃഷിവകുപ്പ് അധികൃതര്‍ പറഞ്ഞു.

ഇപ്പോള്‍ വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ കേരള (വി.എഫ്.പി.സി.കെ.) മുഖേന പഴവര്‍ഗ കൃഷിവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പ്രവൃത്തി മാത്രമാണ് നടക്കുന്നത്. വി.എഫ്.പി.സി.കെ.യുെട കീഴില്‍ ഇടുക്കിയിലെ കലയന്താനിയിലും വയനാട്ടിലെ മുട്ടിലിലും ചക്കവിപണന കേന്ദ്രം തുടങ്ങിയിട്ടുണ്ട്. ഇതിനൊപ്പം വിപണനശൃംഖല വിപുലമാക്കുന്നതിനും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിപണി കണ്ടെത്തുന്നതിനും വി.എഫ്.പി.സി.കെ ശ്രമിക്കുന്നു.

ചക്ക സംഭരണത്തിന് കിലോഗ്രാമിന് അഞ്ചുരൂപ നിരക്കില്‍ വി.എഫ്.പി.സി.കെ. കര്‍ഷകര്‍ക്ക് സഹായം നല്‍കുന്നുണ്ട്. ചക്കയുടെ മൂല്യവര്‍ധനയ്ക്കുള്ള പരിശീലനം കര്‍ഷകര്‍ക്ക് നല്‍കുന്നതിനുള്ള പദ്ധതിയും നടത്തുന്നു.

നാരുകളാലും പോഷകഗുണങ്ങളാലും സമൃദ്ധമായ ചക്ക ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതുവഴി ജങ്ക് ഭക്ഷണരീതി കുട്ടികളിലുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഒരു പരിധിവരെ തടയാന്‍ സാധിക്കും. ചക്ക ഉപയോഗിച്ചുള്ള ഭക്ഷണം പ്രോത്സാഹിപ്പിക്കുന്നതിന് ചക്കയുടെ മൂല്യവര്‍ധിത ഉത്പന്നങ്ങളായ ഉണക്കിയ ചക്ക, ചക്ക ഉപ്പേരി, ചക്ക അട, ചക്ക സ്‌ക്വാഷ്, ചക്ക ഹല്‍വ എന്നിവ വി.എഫ്.പി.സി.െക. മുഖാന്തരം തളിര്‍ ബ്രാന്‍ഡില്‍ വിപണനം ചെയ്യുന്നുണ്ട്.

സ്മാള്‍ ഫാര്‍മേഴ്‌സ് അഗ്രി ബിസിനസ് കണ്‍സോര്‍ഷ്യം (എസ്.എഫ്.എ.സി.) വഴി മൂല്യവര്‍ധിത വ്യവസായങ്ങള്‍ക്ക് നാലുകോടിരൂപ ഈ വര്‍ഷം ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ചക്കയുടെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ തയ്യാറാക്കുന്നവരായി കൂടുതല്‍ പേര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൃഷിവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

Content Highlights: Agriculture Department, Frozen Jackfruit