തൃശ്ശൂര്‍: മഴയത്തും വെയിലത്തും വെള്ളം കയറിക്കിടക്കുന്ന കണ്ണെത്താദൂരത്തെ ചതുപ്പുണ്ടായിരുന്നു തൃശ്ശൂരില്‍. 1916 വരെ ഈ ഭൂമി ഒന്നുംചെയ്യാതെ കിടന്നു. സമുദ്രനിരപ്പിനും താഴെയുള്ള ഈ സ്ഥലങ്ങളിലെ വെള്ളം ഒഴിവാക്കിയാല്‍ കൃഷിക്ക് യോഗ്യമാകുമെന്നു കണ്ടെത്തിയത് കര്‍ഷകര്‍ തന്നെ. കടലില്‍നിന്ന് കയറുന്ന ഉപ്പുവെള്ളത്തെ മണ്ണുബണ്ട് കെട്ടി പ്രതിരോധിക്കുകയാണ് ആദ്യം ചെയ്തത്. അതിനുശേഷം കഠിനാധ്വാനത്തിലൂടെ ചവിട്ടിത്തേവി ചതുപ്പിലെ വെള്ളമെല്ലാം കടലിലേക്കൊഴുക്കി. പിന്നീട് ചതുപ്പുപാടം ഒരുക്കി നെല്‍വിത്തിട്ടു. ആശങ്കയൊഴിഞ്ഞു. ചതുപ്പിലെ കതിരില്‍ വിളഞ്ഞ പൊന്‍മണികള്‍ ധാരാളം വിളവ് നല്‍കി. ആശങ്ക മാറി വന്‍ കോളടിച്ചു. ആ കോളാണ് ചതുപ്പുപാടങ്ങളെ കോളിന്റെ പാടങ്ങളാക്കിയത്. ക്രമേണ ഇത് കോള്‍പ്പാടങ്ങളായി.

തൃശ്ശൂര്‍ ജില്ലയില്‍ 30000 ഏക്കറിലാണ് കോള്‍പ്പാടങ്ങള്‍. ഇതേവരെയുണ്ടാകാത്ത പ്രതിസന്ധിയിലാണ് ഇത്തവണ കോള്‍പ്പാടങ്ങള്‍. പ്രളയം കോള്‍പ്പാടങ്ങളെയും ബാധിച്ചെങ്കിലും അതെല്ലാം കര്‍ഷകര്‍ അതിജീവിച്ചു. പ്രളയത്തോടെ അണക്കെട്ടുകളില്‍ ധാരാളം വെള്ളമെത്തിയപ്പോള്‍ കോള്‍പ്പാടങ്ങളിലെ കര്‍ഷകരും മറ്റ് നെല്‍ക്കര്‍ഷകരും സന്തോഷിച്ചു. ഇത്തവണ തുലാമഴയില്ലെങ്കിലും പ്രശ്‌നമില്ലെന്നു കരുതി. കരുതിയതുപോലെ തുലാമഴ ചതിച്ചു. സാധാരണ തുലാമഴയുടെ പത്ത് ശതമാനംപോലും കിട്ടിയില്ല. പ്രളയഭീതി മാറാത്തതിനാല്‍ ആരും അത് ശ്രദ്ധിച്ചില്ല, കര്‍ഷകരൊഴികെ. തുലാവര്‍ഷക്കുറവിനു പിന്നാലെ ജലസേചനവകുപ്പും ചതിച്ചു. പ്രളയത്തില്‍ നശിച്ച കനാലുകളാണ് ജലസേചന വകുപ്പിനെ ചതിച്ചത്.

അല്പം വൈകിയാണെങ്കിലും മിക്കയിടങ്ങളിലേക്കും വെള്ളമെത്തിത്തുടങ്ങി. അത് കര്‍ഷകര്‍ക്ക് ചെറിയ ആശ്വാസം നല്‍കിയിട്ടുണ്ട്. എങ്കിലും കൊയ്ത്ത് കഴിയണം. കതിരായതെല്ലാം പണമാകുമോ എന്ന് അപ്പോഴേ അറിയാനാകൂ.

Content highlights: Thrissur, Flood, Agriculture, Farmer, Organic farming, Paddy field