വല്ലപ്പുഴ: കതിരുവരാറായ നെല്പാടങ്ങള്‍ ഉഴുതുമറിച്ച് പന്നിക്കൂട്ടങ്ങള്‍ വിലസുന്നത് കര്‍ഷകര്‍ക്ക് തലവേദനയാകുന്നു. വല്ലപ്പുഴയില്‍ ഏക്കറുകണക്കിന് പാടശേഖരങ്ങളിലെ നെല്‍ക്കൃഷി പന്നിശല്യംമൂലം നശിച്ചു. ഇതോടെ ഈ മേഖലയിലെ കര്‍ഷകര്‍ ഏറെ ദുരിതത്തിലാണ്. വല്ലപ്പുഴ പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന വേലൂര്‍ പള്ളിയാലില്‍ രണ്ടരയേക്കറോളം പാടശേഖരത്ത് നെല്‍ക്കൃഷി പന്നികള്‍ നശിപ്പിച്ചു. ചെറുകോട് കുണ്ടുപള്ളിയാലില്‍ മുഹമ്മദിന്റെ കൃഷിയിടത്തിലാണ് നാശം വിതച്ചത്. 

പന്നികള്‍ രാത്രികാലങ്ങളില്‍ കൂട്ടമായെത്തിയാണ് കൃഷി നശിപ്പിക്കുന്നത്. കതിരു വരാറായ പാടങ്ങളില്‍ പന്നികളിറങ്ങിയാല്‍ കൃഷി പൂര്‍ണമായും നശിക്കും. വരമ്പുകള്‍ വെട്ടിപ്പൊളിച്ചും നെല്‍ക്കതിരുകള്‍ മണ്ണില്‍ കുഴച്ചുമറിച്ച രീതിയിലുമാണ് കൃഷി നശിപ്പിക്കുന്നത്.

പന്നികളെ അകറ്റാനായി ചെറിയ കമ്പിവേലികള്‍ സ്ഥാപിക്കുന്നുണ്ടെങ്കിലും ഫലം കാണുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. വല്ലപ്പുഴയില്‍ മാത്രമല്ല കുലുക്കല്ലൂര്‍, കൊപ്പം പഞ്ചായത്തുകളിലെ വിവിധ പാടശേഖരങ്ങളിലും പന്നിശല്യം രൂക്ഷമാണ്. നെല്‍ക്കൃഷിക്ക് പുറമേ മറ്റ് കിഴങ്ങുവിളകളും ഇവ നശിപ്പിക്കുന്നുണ്ട്. 

മിക്കപ്പോഴും കൂട്ടമായാണ് ഇവയെത്തുന്നത്. ഇവയുടെ ശല്യം എങ്ങനെ ഇല്ലാതാക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ കൃഷിവകുപ്പ് അധികൃതര്‍ക്ക് വ്യക്തമായ ഉത്തരമില്ല. പ്രളയത്തിനുശേഷം കൃഷിയിറക്കിയ മിക്ക പാടങ്ങളിലും പന്നിശല്യംമൂലം കര്‍ഷകര്‍ പൊറുതിമുട്ടിയിരിക്കയാണ്.  

Content highlights: Agriculture, Organic farming, Paddy field, Vallappuzha