പാറശ്ശാല: മികച്ച കര്‍ഷകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ 2012-2013 വര്‍ഷത്തെ പുരസ്‌കാരം നേടിയയാളുടെ കൃഷിയിടത്തേക്കുള്ള സൗജന്യ വൈദ്യുതി കണക്ഷന്‍ കെ.എസ്.ഇ.ബി. വിച്ഛേദിച്ചു. വൈദ്യുതി ബില്ലില്‍ കുടിശ്ശികയുണ്ടെന്ന കാരണം പറഞ്ഞായിരുന്നു കുളത്തൂര്‍ പ്ലാമൂട്ടുക്കട വണാടാഴംവിള വീട്ടില്‍ സിസില്‍ ചന്ദ്രന്റെ കൃഷിയിടത്തേക്കുള്ള വൈദ്യുതി വിച്ഛേദിച്ചത്. 

Electric towerവ്യാഴാഴ്ച രാവിലെയാണ് കെ.എസ്.ഇ.ബി. പൂഴിക്കുന്ന് സെക്ഷന്‍ ഓഫീസിലെ ജീവനക്കാര്‍ വൈദ്യുതി വിച്ഛേദിച്ചത്. മുന്നറിയിപ്പൊന്നും നല്‍കിയിരുന്നില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സിസില്‍ ചന്ദ്രന്‍ വൈദ്യുതിബന്ധം വിച്ഛേദിക്കാനുള്ള കാരണം ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ വൈദ്യുതിബില്‍ അടച്ചിട്ടില്ലെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സിസില്‍ ചന്ദ്രന്‍ കൃഷി ഓഫീസില്‍ പരാതി നല്കി.

കാര്‍ഷികാവശ്യത്തിനായി അനുവദിച്ചിട്ടുള്ള സൗജന്യ വൈദ്യുതി കണക്ഷനുകളുടെ ചാര്‍ജ് കൃഷിവകുപ്പാണ് അടയ്ക്കുന്നത്. എന്നാല്‍, സിസില്‍ ചന്ദ്രന്റെ വൈദ്യുതി കണക്ഷനില്‍ കുടിശ്ശികയുള്ള വിവരം കെ.എസ്.ഇ.ബി. അറിയിച്ചില്ലെന്ന് കൃഷി വകുപ്പ് അധികൃതര്‍ പറഞ്ഞു. 

വൈദ്യുതി ബന്ധം അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കുളത്തൂര്‍ കൃഷി ഓഫീസില്‍നിന്ന് കെ.എസ്.ഇ.ബി. പൂഴിക്കുന്ന് സെക്ഷന്‍ ഓഫീസിലേക്ക് കത്ത് നല്‍കിയെങ്കിലും വൈകുന്നേരം അഞ്ചുമണിവരെയും നടപടിയുണ്ടായില്ല. 

സിസില്‍ ചന്ദ്രന് 1987-ലാണ് കൃഷിവകുപ്പില്‍നിന്നും സൗജന്യ വൈദ്യുതി അനുവദിച്ചത്. ഇത്തരത്തില്‍ വൈദ്യുതിബന്ധം വിച്ഛേദിച്ച സംഭവം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് സിസില്‍ ചന്ദ്രന്‍ പറഞ്ഞു. വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടതോടെ സിസില്‍ ചന്ദ്രന്റെ പത്തേക്കറിലെ കൃഷിയിലെ ജലസേചനം മുടങ്ങി. പോളിഹൗസിലെ കൃഷിയുടെ താളം തെറ്റി ചെടികള്‍ വാടി. 

Content highlights: Agriculture, Organic farming, Electricity , K.S.E.B