മലപ്പുറം: വഴിക്കടവിലെ ആശ സംഘക്കൃഷിയുടെ വാഴത്തോട്ടങ്ങളില്‍ വിളവെടുപ്പ് തുടങ്ങി. ഔഷധഗുണമുള്ള പൂവന്‍പഴം ഇനി വിപണിയില്‍ ലഭിക്കും. പൂവത്തിപൊയിലിലെ ഷാലി അമയോലിക്കലും അഞ്ചു വനിതകളും ചേര്‍ന്ന് നടത്തുന്ന വാഴക്കൃഷിയാണ് വിളവെടുപ്പ് തുടങ്ങിയത്. ഔഷധഗുണമുള്ള ഞാലിപ്പൂവനാണ് കൂടുതല്‍ കൃഷിചെയ്തത്. പഞ്ചായത്ത് അങ്ങാടി, പൂവത്തിപ്പൊയില്‍ എന്നിവിടങ്ങളിലെ പാട്ടത്തിനെടുത്ത പത്ത് ഏക്കര്‍ തരിശ് സ്ഥലത്താണ് ഇവര്‍ കൃഷി ഇറക്കിയത്. 3000 വാഴകളാണ് നട്ടുവളര്‍ത്തിയത്. നിലമ്പൂരിലെ വിവിധ ടൗണുകള്‍, ബെംഗളൂരു, മൈസൂരു, ഗൂഡല്ലൂര്‍ എന്നിവിടങ്ങളിലാണ് വാഴക്കുലയ്ക്ക് ഏറെ ആവശ്യക്കാരുള്ളത്. വഴിക്കടവിലെ കൃഷി ഓഫീസര്‍ ഉമ്മര്‍കോയയാണ് പൂവന്‍വാഴ കൃഷി ചെയ്യാനുള്ള നിര്‍ദേശം നല്‍കിയത്. 

നേന്ത്രവാഴയെക്കാള്‍ ലാഭം പൂവനാണെന്ന ഇദ്ദേഹത്തിന്റെ നിര്‍ദേശം ഇവര്‍ സ്വീകരിച്ചു. കഴിഞ്ഞ വേനലിലാണ് കൃഷി ഇറക്കിയത്. മുക്കത്ത് നിന്ന് വാഴക്കന്നുകള്‍ എത്തിച്ചു. അല്പം രാസവളവും ആട്ടിന്‍കാഷ്ടവും ചാണകപ്പൊടിയുമാണ് വളമായി ഉപയോഗിച്ചത്. കീടനാശിനികള്‍ ഉപയോഗിച്ചില്ല. കിലോയ്ക്ക് 32 രൂപ വരെയാണ് വില ലഭിക്കുന്നത്. 

വേനല്‍ക്കാലത്ത് പൂവന്‍പഴത്തിന് ആവശ്യക്കാര്‍ ഏറെയാണെന്ന് ഇവര്‍ പറയുന്നു. പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും ധനസഹായങ്ങള്‍ ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. പ്രസിഡന്റ് ഇ.എ. സുകുവിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങളും കൃഷി ഓഫീസിലെ ജീവനക്കാരും നിര്‍ദേശങ്ങളുമായി തോട്ടത്തിലെത്തും. വിളവെടുപ്പിന് ബ്ലോക്ക് പഞ്ചായത്ത് അഗം പി.ടി. ഉഷ, വൈസ് പ്രസിഡന്റ് പി.ടി. സാവിത്രി, പഞ്ചായത്ത് അംഗം മുഹമ്മദ് അഷറഫ്, കൃഷി അസിസ്റ്റന്റ് സുഭാഷ് എന്നിവര്‍ നേതൃത്വംനല്‍കി. 

Content highlights: Poovan banana, Agriculture, Malappuram