വൃക്ഷായുര്‍വേദത്തിന്റെ അറിവുകള്‍ കാര്‍ഷിക ജീവിതത്തില്‍ പ്രയോജനപ്പെടുത്താന്‍ ഒരുങ്ങുകയാണ് ഒരുകൂട്ടം കര്‍ഷകര്‍. 'വൃക്ഷായുര്‍വേദം' എന്ന പ്രാചീന വിജ്ഞാന മേഖലയിലെ അറിവുകള്‍ ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് കൃഷിവകുപ്പും.
കോലഞ്ചേരിക്കടുത്ത് ഐക്കരനാട് കൃഷിഭവന്റെ കീഴില്‍ ഇതിനുള്ള പരിശ്രമം പുരോഗമിക്കുന്നു. ജൈവകൃഷി കൂടുതല്‍ മെച്ചപ്പെടുത്താനാണ് ഇവിടെ ശ്രമിക്കുന്നത്. മൂന്നര ഏക്കര്‍ സ്ഥലം ഇത്തരത്തില്‍ കൃഷി ചെയ്യുന്നുണ്ട്. പഠനത്തിനായി ശേഷിക്കുന്ന രണ്ടേക്കറില്‍ അല്ലാതെയും.
വൃക്ഷായുര്‍വേദവും കൃഷിയും
അര്‍ത്ഥശാസ്ത്രത്തില്‍ പരാമര്‍ശിക്കുന്ന സസ്യവിജ്ഞാനശാഖയാണ് 'വൃക്ഷായുര്‍വേദം'. കേരളത്തില്‍ ഏഷ്യന്‍ അഗ്രി ഹിസ്റ്ററി ഫൗണ്ടേഷന്റെ ചാപ്റ്റര്‍ 2019-ല്‍ കണ്ണൂരില്‍ സ്ഥാപിച്ചതോടെയാണ് ഈ പുരാതന ജ്ഞാനമേഖലയിലെ അറിവുകള്‍ നമ്മിലേക്ക് തിരികെയെത്തുന്നത്. കണ്ണൂരില്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ (മാര്‍ക്കറ്റിങ്) സി.വി. ജിതേഷിന്റെ നേതൃത്വത്തില്‍ വൃക്ഷായുര്‍വേദത്തിലെ കാര്‍ഷിക അറിവുകള്‍ ഉപയോഗപ്പെടുത്തുന്നു.
സര്‍ക്കാര്‍ ചെയ്യാന്‍പോകുന്നത്
വൃക്ഷായുര്‍വേദത്തിലെ അറിവുകള്‍ ഉത്തമ കാര്‍ഷികമുറകളില്‍ പ്രയോജനപ്പെടുത്തുന്നതിനായി പ്രത്യേക ക്ലാസുകളും പരിശീലനങ്ങളും നല്‍കാനുള്ള ആലോചനയുണ്ട്.
സര്‍വകലാശാലകളിലും വിള ഗവേഷണ കേന്ദ്രങ്ങളിലും ഇതിന് പ്രത്യേകം പരീക്ഷണ കൃഷിയിടങ്ങള്‍ സജ്ജമാക്കാനും ശ്രമമുണ്ട്. അടുത്ത വര്‍ഷത്തോടെ ഇത് കൂടുതല്‍ ഊര്‍ജിതമാക്കും.
ഹരിത കഷായവും ചെമ്പുപാത്ര ഗോമൂത്ര കീടനാശിനിയും
നല്ല വിളവു നല്‍കി കര്‍ഷകരെ രക്ഷിക്കുന്ന വളവും കീടനാശിനികളും ഉപഭോക്താവിനെ സംബന്ധിച്ച് വില്ലന്‍മാരാണ്. ഇവിടെയാണ് വൃക്ഷായുര്‍വേദ വിധിപ്രകാരം തയ്യാറാക്കുന്ന ഹരിത കഷായത്തിന്റെയും കീടനാശിനിയുടെയും പ്രാധാന്യം.
പച്ചിലകളും ശര്‍ക്കരയും മറ്റുമുപയോഗിച്ചുള്ള കഷായവും ഗോമൂത്രം കൊണ്ടുള്ള കീടനാശിനിയും ഏറെ ഫലപ്രദമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു ഐക്കരനാടിലെയും ആവോലിയിലേയും കര്‍ഷകര്‍.
Content Highlights: A Group of farmers to utilize the knowledge of Vrikshayurveda