എ. ബാലകൃഷ്ണൻ തന്റെ കുരുമുളക് തോട്ടത്തിൽ
മാനന്തവാടി: സംസ്ഥാന ജൈവവൈവിധ്യബോര്‍ഡിന്റെ ജൈവവൈവിധ്യസംരക്ഷണ അവാര്‍ഡ് കമ്മന അമ്പിളിനിലയത്തില്‍ എ. ബാലകൃഷ്ണന്. സസ്യജാല സംരക്ഷണവിഭാഗത്തിലെ മികച്ച സംരക്ഷകകര്‍ഷകനുള്ള അവാര്‍ഡാണ് ബാലകൃഷ്ണനെ തേടിയെത്തിയത്.
ബാലകൃഷ്ണന്‍ വികസിപ്പിച്ചെടുത്ത അശ്വതി, സുവര്‍ണ കുരുമുളക് വള്ളികള്‍ ഏറെ ശ്രദ്ധനേടിയതാണ്. പ്രീതി എന്ന കുരുമുളകിനം പുതുതായി വികസിപ്പിച്ചെടുത്ത് പേറ്റന്റിന് അപേക്ഷനല്‍കി കാത്തിരിക്കുകയാണ് ഇദ്ദേഹം. കല്ലുവള്ളി, വാലന്‍കൊട്ട, ചെറുവള്ളി, ഉതിരന്‍ കൊട്ട, കറുത്തവാലന്‍ കൊട്ട, കരിങ്കോട്ട, മൂലന്തേരി, ഉപ്പുതിരണ്ട, തുടങ്ങി 11 ഇനം പാരമ്പര്യ കുരുമുളക് വള്ളികളുടെ ജനിതകശേഖരവും ബാലകൃഷ്ണന്‍ സംരക്ഷിക്കുന്നുണ്ട്.
24 ഇനം മഞ്ഞള്‍ കൃഷിചെയ്യുന്ന ബാലകൃഷ്ണന്‍ സ്വയം വികസിപ്പിച്ചെടുത്ത 916 എന്ന മഞ്ഞളും കൃഷിചെയ്യുന്നുണ്ട്. ഗന്ധകശാല, ഉമ എന്നിവയ്ക്കുപുറമേ സോണ എന്ന നെല്ലിനത്തില്‍ ഗന്ധകശാലയുടെ പൂമ്പൊടിനിക്ഷേപിച്ചുള്ള ജി.എസ്. വണ്‍ (ഗന്ധകശാലXസോണ) എന്ന നെല്ലും കൃഷിചെയ്യുന്നുണ്ട്. 127 ഇനം ഔഷധസസ്യങ്ങളും സംരക്ഷിച്ച് പരിപാലിക്കുന്നു.
കര്‍ഷക ശാസ്ത്രജ്ഞ അവാര്‍ഡ് (2008), ദേശീയ കര്‍ഷക അവാര്‍ഡ് (2009) എന്നിവയും ബാലകൃഷ്ണന് ലഭിച്ചിട്ടുണ്ട്. അഞ്ചുവര്‍ഷത്തോളമുള്ള പ്രയത്‌നത്തിന്റെ ഫലമായാണ് ജി.എസ്. വണ്‍ നെല്‍കൃഷി വികസിപ്പിച്ചെടുത്തത്.
ഭാര്യ രുക്മിണിയും മക്കളായ അമ്പിളിയും സുമിതയും മകന്‍ സുധീപിന്റെ ഭാര്യ രോഹിണിയും തനിക്ക് കൃഷിക്ക് ഏറെ സഹായം നല്‍കുന്നുണ്ടെന്ന് ബാലകൃഷ്ണന്‍ പറഞ്ഞു. പ്രായം 73 പിന്നിട്ടെങ്കിലും നൂതനപരീക്ഷണങ്ങളുമായി കൃഷിയില്‍ സജീവമാണ് ഈ കര്‍ഷകന്‍.
Content Highlights: a balakrishnan, wayanad, best biodiversirty conservation farmer award, state biodiversity board
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..