ചൊവ്വന്നൂര്‍: ഗ്രാമപ്പഞ്ചായത്തിലെ പഴുന്നാന, പന്തല്ലൂര്‍ മേഖലകളിലെ 300 ഏക്കര്‍ പാടശേഖരം വെള്ളമില്ലാതെ ഉണക്കം ബാധിക്കാന്‍ തുടങ്ങി. പാടശേഖരങ്ങള്‍ വിണ്ടുകീറിയതോടെ കൃഷി ഉപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് കര്‍ഷകര്‍.

paddy fieldമഴയേയും വാഴാനി ഡാമിലെ വെള്ളത്തെയും ആശ്രയിച്ചാണ് ഈ മേഖലയില്‍ നെല്‍കൃഷി ചെയ്യുന്നത്. ആദൂര്‍, എലുവത്തിങ്കല്‍ ചിറകളില്‍ നിന്നാണ് പഴുന്നാന പാടശേഖരത്തിലേക്ക് വെള്ളമെത്തിക്കുന്നത്. കാലങ്ങളായി പാടത്തേക്ക് വെള്ളം വരുന്ന തോടുകളുടെയും ചിറകളുടെയും അറ്റകുറ്റപ്പണികള്‍ നടത്താറില്ല. പ്രളയത്തില്‍ ചീപ്പുകളും ചിറകളുടെ പലകകളും മറ്റും തകര്‍ന്നിരുന്നു. പലതും ഒഴുകിപ്പോയി. തോടുകളുടെ അരികിലെ ഭിത്തികള്‍ തകര്‍ന്നതും മണ്ണിടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടതും നെല്‍കൃഷിക്ക് വെള്ളം ലഭിക്കുന്നതിനും സംഭരിക്കുന്നതിനും തടസ്സമായി. തുലാവര്‍ഷത്തില്‍ മഴ ലഭിക്കാതിരുന്നതും നെല്‍ച്ചെടികള്‍ക്ക് ആവശ്യത്തിന് വെള്ളം ലഭിക്കാത്ത അവസ്ഥയുണ്ടാക്കി.

പ്രതീക്ഷയോടെ വിത്തെറിഞ്ഞ കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയാണ് വരള്‍ച്ച നല്‍കുന്നത്. വാഴാനി ഡാമില്‍നിന്ന് വെള്ളമെത്തിക്കാനായാല്‍ പാടശേഖരങ്ങളുടെ വിവിധ ഭാഗങ്ങളിലേക്ക് വെള്ളമെത്തിക്കാനാകും.

നെല്‍കൃഷിക്ക് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ സര്‍ക്കാരുകളും ബന്ധപ്പെട്ട വകുപ്പുകളും ശ്രദ്ധിക്കുന്നില്ലെന്ന് പാടശേഖര സമിതി പ്രസിഡന്റ് വില്‍സണ്‍ പുലിക്കോട്ടില്‍ കുറ്റപ്പെടുത്തി. കൃഷിയെ സംരക്ഷിക്കാന്‍ നിലവിലുള്ള കനാലുകള്‍, തോടുകള്‍, ചീപ്പുകള്‍, ചിറകള്‍ മുതലായവ പുനര്‍നിര്‍മിക്കണം. ആവശ്യമായ സ്ഥലങ്ങളില്‍ നീര്‍ച്ചാലുകളും ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളും നടപ്പിലാക്കണം. കാര്‍ഷിക മേഖലയ്ക്ക് വേണ്ടി പദ്ധതി തയ്യാറാക്കേണ്ടി വരുമ്പോള്‍ ഗുണഭോക്തൃവിഹിതം അടയ്ക്കേണ്ടി വരുന്നത് പദ്ധതികള്‍ നടപ്പിലാക്കുന്നതിന് തടസ്സമാകുന്നുണ്ട്. കാര്‍ഷികമേഖലയിലെ നിര്‍മാണങ്ങള്‍ക്ക് ഗുണഭോക്തൃവിഹിതം ഒഴിവാക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.

Content highlights : Agriculture, Organic farming, Paddy field, Chovvannur