.jpg?$p=96852b9&f=16x10&w=856&q=0.8)
പാൽ ചുരത്തുന്ന പശുക്കിടാവുമായി കാങ്കോൽ പാനോത്തെ കർഷകൻ എം.വി. സജേഷ്
കാങ്കോല്‍: കാങ്കോല്‍ പാനോത്തെ മടത്തില്‍വീട്ടില്‍ സജേഷിന്റെ വീട്ടിലെ 11 മാസം പ്രായമായ പശുക്കിടാവ് പാല്‍ ചുരത്തുന്നു. 15 ദിവസമായി പശുക്കിടാവിനെ കറക്കുന്നതായി എം.വി.സജേഷ് പറഞ്ഞു. ആദ്യ ആഴ്ച മൂന്നുലിറ്റര്‍ പാലാണ് കിട്ടിയത്. പിന്നീട് അഞ്ചരലിറ്ററായി വര്‍ധിച്ചു. കാങ്കോല്‍ പാല്‍സൊസൈറ്റിയില്‍ പാല്‍ പരിശോധിച്ചപ്പോള്‍ 8.8 ശതമാനം കൊഴുപ്പും 8.5 എസ്.എന്‍.എഫുമുള്ളതായി കണ്ടു. എരുമപ്പാലിന്റെ ഗുണമുണ്ട്.
2021 ജൂലായിലാണ് ജേഴ്‌സി ഇനത്തിലുള്ള പശുവിനെയും കിടാവിനെയും വാങ്ങിയത്. പശു അകിട് വീക്കവും അസുഖവും കാരണം ചത്തു. പിന്നീട് പശുക്കിടാവിനെ മുത്താറിയും നിലക്കടലയും കാലിത്തീറ്റയും കൊടുത്താണ് വളര്‍ത്തിയത്. 15 ദിവസം മുന്‍പാണ് പശുക്കിടാവിന്റെ അകിട് വീങ്ങിയതായി കണ്ടത്. കറന്നപ്പോള്‍ പാല്‍ കിട്ടി. ആധുനികരീതിയിലാണ് പശുക്കളെ വളര്‍ത്തുന്നത്. പുല്ല് കൊടുക്കുന്നത് കുറവാണ്. പ്രസവിക്കാത്ത പശു പാല്‍ ചുരത്തുന്നത് കാണാന്‍ ദൂരസ്ഥലത്തുനിന്നും ആളുകള്‍ എത്തുന്നുണ്ട്.
കര്‍ഷകനായ സജേഷ് ആട്, മുട്ടക്കോഴി, എരുമ എന്നിവയെയും വളര്‍ത്തുന്നുണ്ട്. അമ്മ എം.വി.പദ്മാവതി, ഭാര്യ കെ.വി.സുജിത, മക്കളായ ശിവദ, ശിവദര്‍ശ് എന്നിവരും കാലി വളര്‍ത്താനും കൃഷിയിലും സഹായവുമായുണ്ട്.
പശുക്കിടാവ് ഇത്രയും പാല്‍ ചുരത്തുന്നത് അപൂര്‍വ സംഭവമാണ്. ഹോര്‍മോണ്‍ വ്യതിയാനമാകാം കാരണം. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ കൂടുതല്‍ ശാസ്ത്രീയപഠനം ആവശ്യമാണെന്ന് ഓലയമ്പാടി വെറ്ററിനറി സര്‍ജന്‍ ഡോ. കെ.സി.അര്‍ജുന്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..