കല്പറ്റ: ജില്ലയിലെ പത്ത് ഗ്രാമങ്ങള്‍ പഴവര്‍ഗഗ്രാമങ്ങളാവുന്നു. ശീതകാലാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പഴവര്‍ഗങ്ങള്‍ കൃഷി ചെയ്യുന്നതിലൂടെ കാര്‍ഷികമേഖലയില്‍ നിന്ന് കൂടുതല്‍ വരുമാനമുണ്ടാക്കാന്‍ കഴിയുമെന്ന നിഗമനത്തിലാണ് കര്‍ഷകക്ഷേമ വകുപ്പ് മുന്‍കൈയെടുക്കുന്നത്. പ്രത്യേകതരം പഴവര്‍ഗങ്ങള്‍ കൃഷിചെയ്യുന്നതിന് അനുകൂലമായ കാലാവസ്ഥയാണ് വയനാടിനുള്ളത്. അഞ്ചു പഴവര്‍ഗങ്ങളാണ് കൃഷിക്ക് അനുയോജ്യമായി കണ്ടെത്തിയിട്ടുള്ളത്. 

അവാക്കാഡോ, റംബൂട്ടാന്‍, ലിച്ചി, മാങ്കോസ്റ്റിന്‍, പാഷന്‍ഫ്രൂട്ട് എന്നിവയാണ് വ്യാവസായികാടിസ്ഥാനത്തില്‍ കൃഷിചെയ്യുക. അമ്പലവയല്‍, ബത്തേരി എന്നിവിടങ്ങളില്‍ അവക്കാഡോ, മുള്ളന്‍കൊല്ലി, പുല്പള്ളി എന്നിവിടങ്ങളില്‍ റംബൂട്ടാന്‍, മൂപ്പൈനാട്, മേപ്പാടി എന്നിവിടങ്ങളില്‍ ലിച്ചി, തവിഞ്ഞാല്‍, തൊണ്ടര്‍നാട് എന്നിവിടങ്ങളില്‍ മാങ്കോസ്റ്റിന്‍, എടവക, പടിഞ്ഞാറത്തറ എന്നിവിടങ്ങളില്‍ പാഷന്‍ ഫ്രൂട്ട് എന്നീ പഴങ്ങള്‍ കൃഷി ചെയ്യാനാണ് പ്രാഥമിക തീരുമാനം. പിന്നീട് ഇവ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും.

കുറഞ്ഞത് 10 തൈകളെങ്കിലും നടുവാന്‍ താത്പര്യമുള്ള കര്‍ഷകരെ പഴവര്‍ഗകൃഷി പദ്ധതിയില്‍ അംഗങ്ങളാക്കും. ഹൈ ഡെന്‍സിറ്റി മാതൃകയില്‍ മികച്ചയിനം തൈകളും ഗ്രാഫ്റ്റുകളും ഉപയോഗിക്കും. കര്‍ഷകരുടെ സൊസൈറ്റി പഞ്ചായത്തുതലത്തില്‍ രൂപവത്കരിച്ച് നൂതന ശാസ്ത്രീയ പരിചരണ മുറകളും ജൈവകൃഷി പരിശീലനങ്ങളും ഈ െൈസൊസറ്റി മുഖേന നല്‍കും. 

റംബൂട്ടാന്‍, ലിച്ചി, അവക്കാഡോ, മാങ്കോസ്റ്റിന്‍ തുടങ്ങിയവയുടെ 20,000 തൈകള്‍ വീതവും പാഷന്‍ ഫ്രൂട്ടിന്റെ ഒരുലക്ഷം തൈകളും ഇതിനായി കണ്ടെത്തും. ഗുണമേന്മയുള്ള തൈകള്‍ ആര്‍.എ.ആര്‍.എസ്., കെ.വി.കെ. നെല്ലിയാമ്പതി ഫാം എന്നിവിടങ്ങളില്‍ നിന്ന് ആര്‍.എ.ആര്‍.എസിന്റെ നേതൃത്വത്തില്‍ ലഭ്യമാക്കും. സ്വമേധയാ താത്പര്യം പ്രകടിപ്പിക്കുന്ന കര്‍ഷകരെ മാത്രമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. ആദിവാസി കര്‍ഷകര്‍ക്ക് ഈ പദ്ധതിയില്‍ മുന്‍ഗണന നല്‍കും. കാപ്പിക്കൃഷിയില്‍ ഇടവിളയായും പഴവര്‍ഗ കൃഷിയെ പ്രോത്സാഹിപ്പിക്കും. ചെടികള്‍ നട്ട് മൂന്നു വര്‍ഷത്തേക്ക് കൃഷി വ്യാപനത്തിനുള്ള പദ്ധതികളും വിളവ് ലഭിക്കുന്നതോടെ പഞ്ചായത്ത്തലത്തില്‍ കളക്ഷന്‍ സെന്ററുകളും വിപണനവും ഉറപ്പു വരുത്താനാണ് പദ്ധതി. 

തിരഞ്ഞെടുത്ത പഞ്ചായത്തുകളെ ഫ്രൂട്ട് വില്ലേജായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ പഞ്ചായത്ത് വഴി നടപ്പാക്കണം. ഗുണഭോക്തൃ ഗ്രൂപ്പുകള്‍ക്ക് ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി നടീല്‍ വസ്തുക്കളും മറ്റു ഉത്പാദനോപാധികളും നല്‍കുന്നതിന് നടപടി സ്വീകരിക്കണം. ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിലുള്‍പ്പെടുത്തി ഗുണഭോക്തൃ ഗ്രൂപ്പുകള്‍ക്ക് ഫ്രൂട്ട് വില്ലേജ് പദ്ധതിപ്രകാരം ആനുകൂല്യം ലഭിക്കുന്നതിനുള്ള ശുപാര്‍ശ സര്‍ക്കാരിലേക്ക് നല്‍കും. 

ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിവിഹിതം ഉപയോഗപ്പെടുത്തി തൈകള്‍ക്ക് 75 ശതമാനത്തില്‍ കുറയാത്ത സബ്സിഡി നിരക്കില്‍ വിതരണം ചെയ്യാനാണ് തീരുമാനം. പദ്ധതിയില്‍ അംഗമാകുന്ന കര്‍ഷകര്‍ക്ക് കൃഷിരീതികളെക്കുറിച്ചുള്ള പരിശീലനം കാര്‍ഷിക സര്‍വകലാശാല, ഐ.ഐ.എച്ച്.ആര്‍. ചേതാലി തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരുടെ പങ്കാളിത്തത്തോടെ നല്‍കിയ ശേഷം തൈകള്‍ വിതരണം ചെയ്യാനാണ് പദ്ധതി തയ്യാറാക്കുന്നത്.

Content highlights: Wayanad, Kalpetta, Organic farming, Agriculture, Fruit villages