ഓളപ്പരപ്പിലെ കൃഷിക്കായി ചേര്‍ത്തല വേമ്പനാട്ടുകായലില്‍ ഒഴുകിനടക്കുന്ന കൃഷിയിടങ്ങള്‍ ഒരുങ്ങുന്നു. ആദ്യം ബന്തിക്കൃഷിയും പിന്നാലെ മറ്റുകൃഷികളുമാണു ലക്ഷ്യമിടുന്നത്. ഇതോടെ മത്സ്യബന്ധനത്തിനു തടസ്സമാകുന്ന പോള(പായല്‍) ശല്യത്തിനും പരിഹാരമാകും.

പോളകൊണ്ട് ശാസ്ത്രീയമായി തടമൊരുക്കിയാണ് കൃഷി. അതിനായി പോളകള്‍ കായല്‍പ്പരപ്പില്‍ കൃത്യമായ ഇടത്ത് അടുക്കും. 10 മീറ്റര്‍ നീളവും ആറുമീറ്റര്‍ വീതിയുമുള്ള അത്തരം രണ്ടു പോളത്തടങ്ങള്‍ വേമ്പനാട്ടുകായലിലെ തണ്ണീര്‍മുക്കം കണ്ണങ്കരയില്‍ ഒരുക്കിയാണു പരീക്ഷണാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നത്. മണ്ണ് ആവശ്യമില്ല. നനയും വേണ്ടാ. ഞായറാഴ്ച വൈകുന്നേരം കൃഷിമന്ത്രി പി. പ്രസാദ് കൃഷിക്കു തുടക്കംകുറിക്കും.

ചൊരിമണലില്‍ സൂര്യകാന്തിയടക്കം വിളയിച്ച യുവകര്‍ഷകന്‍ സുജിത് സ്വാമിനികര്‍ത്തിലാണു പരീക്ഷണത്തിനുപിന്നില്‍. 45 ദിവസംകൊണ്ടാണു സുജിത് കൃഷിക്കുപറ്റിയ പോളത്തടം ഒരുക്കിയത്. നാലഞ്ചുടണ്ണോളം പോള ഉപയോഗിച്ചു. ഒരുതടത്തില്‍ മൂന്നുനാലുതവണ കൃഷിയിറക്കാം.

പദ്ധതി വിജയമായാല്‍ കൂടുതല്‍പ്പേര്‍ കായല്‍ക്കൃഷിയിലിറങ്ങുമെന്നാണു പ്രതീക്ഷ. അതിനായി കൃഷിവകുപ്പിന്റെ സഹകരണത്തില്‍ പദ്ധതികളും ഒരുങ്ങുന്നു. കുട്ടനാടന്‍ പാടശേഖരങ്ങളില്‍നിന്ന് ഒഴുകിയെത്തി വലിയപ്രതിസന്ധി സൃഷ്ടിക്കുന്ന ടണ്‍കണക്കിനു പോള നീക്കാന്‍ പലപഞ്ചായത്തുകളും ലക്ഷങ്ങളാണു ചെലവിടുന്നത്. ഓളപ്പരപ്പിലെ കൃഷി വിജയമായാല്‍ പോളശല്യത്തിനു കുറച്ചെങ്കിലും പരിഹാരമാകുമെന്നാണു പ്രതീക്ഷ.

വലിയപ്രതീക്ഷ

പൂക്കൃഷിക്കു പ്രാധാന്യംനല്‍കുന്നതു വിനോദസഞ്ചാരംകൂടി ലക്ഷ്യമിട്ടാണ്. പച്ചക്കറികളും വിളയിക്കാനാകും. - സുജിത് സ്വാമിനികര്‍ത്തില്‍, കര്‍ഷകന്‍

പ്രത്യേകപദ്ധതി തയ്യാറാക്കും

കാര്‍ഷികമേഖലയ്‌ക്കൊപ്പം മത്സ്യ- വിനോദസഞ്ചാര മേഖലയ്ക്കുകൂടി പ്രയോജനകരമാണു പദ്ധതി. ഇതിനു പ്രോത്സാഹനം നല്‍കാന്‍ പ്രത്യേകപദ്ധതി തയ്യാറാക്കും.- പ്രവീണ്‍ ജി. പണിക്കര്‍, തണ്ണീര്‍മുക്കം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ്

Content Highlights: 'Floating agriculture' idea by a farmer from Alappuzha