പണ്ട് ഇന്നത്തെ പാകിസ്താനിലെ തക്ഷശിലയെന്ന ഭാരതീയ പുരാതന സര്‍വകലാശാലയില്‍ ഒരു ഗവേക്ഷണവിദ്യാര്‍ഥി പഠനത്തിനെത്തി. അതിവിചിത്രമായ ഒരു പഠനഗവേഷണത്തിനാണ് അയാള്‍ നിയോഗിക്കപ്പെട്ടത്. ലോകത്തുള്ള എല്ലാ സസ്യങ്ങളെയും കുറിച്ച് പഠിച്ച് ഒരു രീതിയിലും മനുഷ്യര്‍ക്കോ മറ്റ് ജന്തുക്കള്‍ക്കോ ഉപയോഗയോഗ്യമല്ലാത്ത ഏതെങ്കിലുമൊരു ചെടി കണ്ടെത്തുകയെന്നതായിരുന്നു ആ നിയോഗം. ഇന്നത്തെപ്പോലെ 'ഓണ്‍ലൈന്‍ ഗവേഷണം'  സാധ്യമല്ലാതിരുന്ന അന്ന് ഒട്ടേറെ വര്‍ഷങ്ങള്‍ നിരവധി നാടുകളില്‍ ആ വിദ്യാര്‍ഥി അലഞ്ഞു പലക്ലേശങ്ങളും സഹിച്ച് അവസാനം തന്റെ ഗവേഷണപ്രബന്ധം അദ്ദേഹം സര്‍വകലാശാലയില്‍ സമര്‍പ്പിച്ചു. 

ലോകത്ത് ഒരുവിധത്തിലെങ്കിലും ഒരുചെറിയ ഉപയോഗമെങ്കിലുമില്ലാത്ത ഒരു പുല്‍നാമ്പുപോലും ഇല്ലെന്നായിരുന്നു ആ കണ്ടുപിടിത്തം. ചരകനെന്ന നമ്മുടെ പുരാണ ഋഷിയായിരുന്നു ആ വിദ്യാര്‍ഥി. ചരകസംഹിതയാണ് ആ ഗവേഷണപ്രബന്ധം. കഥയെന്തായാലും ആയുര്‍വേദമെന്ന മഹത്തായ പ്രസ്ഥാനത്തിന്റെ നാന്ദിയായിരുന്നു ആ പഠനം. ലോകത്തുള്ള എല്ലാ ചെടികള്‍ക്കും ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ഉപയോഗമുണ്ടെന്നത് സത്യം. നമ്മുടെ ആയുര്‍വേദത്തിന്റെ മഹിമയതാണ്. നമ്മുടെ ചുറ്റും കാണുന്ന ആയുര്‍വേദ സസ്യങ്ങളെക്കുറിച്ച് പരിചയപ്പെടാം 

തുളസി

മഹാവിഷ്ണുവിന്റെ പത്‌നിയായ ലക്ഷ്മീദേവിക്ക് സരസ്വതി ശാപം നിമിത്തം ഭൂമിയില്‍ തുളസിയെന്ന പേരില്‍ ധര്‍മജ രാജാവിന്റെ പുത്രിയായി ജനിച്ചുവെന്നും പിന്നിട് ശാപമോക്ഷം ലഭിച്ച് വൈകുണ്ഠത്തിലേക്ക് തിരിക്കുമ്പോള്‍ ദേവിയുടെ മുടി തുളസിച്ചെടിയായി മാറിയെന്നുമാണ്  പത്മപുരാണത്തില്‍ പറയുന്നത്.

ഹിന്ദുവിശ്വാസപ്രകാരം വിവിധ മതപരമായ അനുഷ്ഠാനങ്ങളിലും നമ്മുടെ നാട്ടുവൈദ്യത്തിലും വളരെയധികം പ്രാധാന്യമുള്ള സസ്യമാണ് തുളസി. നല്ല സുഗന്ധവും ഔഷധ ഗുണവുമുള്ള സസ്യമാണ് തുളസി.

പ്ളാനേറ്റെ സാമ്രാജ്യത്തിലെ ഒസിമം ജനുസ്സില്‍പ്പെട്ട ലാമിയേസിയേ കുടുംബക്കാരനാണ് ഒസിമം സാങ്റ്റം എന്ന ശാസ്ത്രനാമമുള്ള നമ്മുടെ തുളസി. സംസ്‌കൃതത്തില്‍ സുരസ, ഗ്രാമ്യ, ഗൗരി, ഭുത്ഘനി, സുലഭ, ബഹുമഞ്ജരി, എന്നിങ്ങനെ ഒട്ടേറെ പേരുകളില്‍ വിളിക്കപ്പെടുന്ന തുളസി ഹിന്ദിയില്‍ തുലസി, തെലുങ്കില്‍ തുളുചി, തമിഴില്‍ തുളചി എന്നിങ്ങനെ പറയപ്പെടുന്നു. 

 

 

രണ്ടുതരത്തിലാണ് പ്രധാനമായും തുളസിച്ചെടി കണ്ടുവരുന്നത്. കരിനീലത്തണ്ടും കരിഞ്ഞനീല കലര്‍ന്ന പച്ച ഇലകളുമുള്ള കൃഷ്ണതുളസിയും വെള്ളകലര്‍ന്ന പച്ചത്തണ്ടുകളും പച്ച ഇലകളുമുള്ള രാമതുളസിയും. ഈ രണ്ടിനം തുളസിയിലും എല്ലാ ഔഷധഗുണങ്ങളും കണ്ടുവരുന്നു. ബെംഗളൂരുവിലെ ബയോളജിക്കല്‍ സയന്‍സസിന്റെ ദേശീയകേന്ദ്രം 2014ല്‍ നടത്തിയ  ഗവേഷണങ്ങള്‍ തുളസിയെന്ന ചെടിയുടെ അദ്ഭുതസിദ്ധികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കി. ആന്റി ബാക്ടീരിയലായി നമ്മുടെ ശാസ്ത്രലോകം പണ്ടേ അംഗീകരിച്ചതാണെങ്കിലും ആന്റി ഓക്‌സിഡന്റ്, ആന്റിഫംഗല്‍, ആന്റിസെപ്റ്റിക്, എന്നീഗുണങ്ങളും കൂടാതെ കാന്‍സറിനെ പ്രതിരോധിക്കുകയെന്ന ഗുണവും തുളസിച്ചെടിക്കുണ്ടെന്ന് തെളിഞ്ഞിരിക്കുന്നു. തുളസിയില്‍ കര്‍പ്പൂരത്തോട് സാമ്യമുള്ള ബാസില്‍ കാംഫര്‍ എന്ന തൈലം അടങ്ങിയിരിക്കുന്നു. 

കൃഷിചെയ്യാം

Thulasi

പണ്ട് നമ്മുടെ തുളസിത്തറകളിലും അമ്പലവളപ്പിലും മാത്രം ഒതുങ്ങിയിരുന്ന തുളസിയുടെ ആയുര്‍വേദപരവും ശാസ്ത്രിയവും വ്യാവസായികമായി മരുന്നുത്പാദിപ്പിക്കാനുള്ള മൂല്യങ്ങള്‍ മനസ്സിലാക്കിയ കാര്‍ഷികലോകം അതിനെ വ്യാവസികമായി കൃഷിചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. തമിഴ്‌നാട്ടിലെ പല കര്‍ഷകരും തൂത്തുക്കുടിയില്‍ പ്രധാനമായും  ദേശീയ മിഷന്‍ഫോര്‍ മെഡിസിനല്‍ പ്ലാന്റ്‌സിന്റെ സഹായത്തോടെ തുളസിക്കൃഷി ആരംഭിച്ചിരിക്കുന്നു. 

നമ്മുടെ പുരയിടങ്ങളില്‍ താനെ മുളച്ചുവന്നിരുന്ന തുളസി വിത്തിലൂടെയാണ് മുളയ്ക്കുന്നത്. ചെടിക്ക് മുക്കാല്‍ മീറ്റര്‍ മുതല്‍ ഒരു മീറ്റര്‍ വരെ നീളംവെക്കും. ചെടിയുടെ തണ്ടുകള്‍ക്ക് വെള്ളകലര്‍ന്ന പച്ച നിറമോ കരിഞ്ഞ നീലനിറമോ ആയിരിക്കും. സമുഖമായി വിന്യസിച്ചിരിക്കുന്ന ഇലകള്‍ക്ക് 56 സെമീ നീളം കാണും. ഇലയുടെ തൂമ്പില്‍ നിന്ന് മുളച്ചുവരുന്ന കതിരുകള്‍ മൂന്നെണ്ണമുള്ള കൂട്ടങ്ങളായാണ് കണ്ടുവരുന്നത്. പുഷ്പങ്ങളെ വഹിക്കുന്ന തണ്ടില്‍ സമവിന്യാസത്തില്‍ ഒട്ടേറെ ശാഖകള്‍ കണ്ടുവരുന്നു. അതിലാണ് ഇളം നീലനിറത്തിലും പച്ചനിറത്തിലുമുള്ള പൂക്കളുണ്ടാകുന്നത്. പൂക്കള്‍ക്ക് നാല് കേസരങ്ങളുണ്ടാകും. മഞ്ഞയോ ചുവപ്പോ ആയിരിക്കും വിത്തുകളുടെ നിറം. വിത്തിനും ചെടിക്ക് സമൂലവും നല്ല സുഗന്ധമായിരിക്കും.

കാര്‍ഷികാവശ്യത്തിനായി ശേഖരിച്ച വിത്തുകള്‍, ചാണകം, മണല്‍ എന്നിവ കൂട്ടിക്കലര്‍ത്തിയ പൊടിമണ്ണില്‍ വിതറി ചെറുനന നല്‍കി മുളപ്പിച്ചെടുക്കാം. മുളച്ച് രണ്ടാഴ്ചയ്ക്കുശേഷം. നന്നായി അടിവളം ചേര്‍ത്ത മണ്ണിലേക്ക് പറിച്ചുനട്ട് വളര്‍ത്തിയെടുക്കാം. പറച്ചുനടുന്ന സ്ഥലത്ത് നല്ല സൂര്യപ്രകാശം ലഭിക്കുമെന്ന് ഉറപ്പാക്കിയിരിക്കണം. പതിനഞ്ചു ദിവസം കൂടുമ്പോള്‍ ചാണകപ്പൊടി അടിയില്‍ വിതറി മണ്ണ് കൂട്ടിക്കൊടുക്കാം ചില കര്‍ഷകര്‍ ചെടി തഴച്ചു വളരാന്‍ യൂറിയയും നല്‍കാറുണ്ട്. ചെടിയുടെ ചുവട്ടില്‍ വെള്ളം കെട്ടിനില്‍ക്കരുത്. അങ്ങനെ നിന്നാല്‍ ചെടിമൊത്തം ചീഞ്ഞുപോവും. വേനല്‍ക്കാലത്ത് ദിവസവും നന നിര്‍ബന്ധമാണ്. മഴക്കാലത്ത് വേരുപൊന്താതിരിക്കാന്‍ മുരട്ടില്‍ മണ്ണ് കൂട്ടിക്കൊടുക്കണം.

നല്ലപ്രതിരോധ ശേഷിയുള്ള ചെടിയാണ് തുളസി. എന്നാലും ചിലപ്പോള്‍ ചില ചെടികള്‍ക്ക് രോഗങ്ങള്‍ വരാറുണ്ട്‌. ചിലതിനെ കീടങ്ങള്‍ ആക്രമിക്കാറുമുണ്ട്. അവയെ സംരക്ഷിക്കാന്‍ സാധാരണ പച്ചക്കറികള്‍ക്ക് ഉപയോഗിക്കുന്ന ജൈവകീടനാശിനികള്‍ തന്നെ ഉപയോഗിക്കാം. 

ഇല ചുരുളല്‍, വേരുചീയല്‍ എന്നിവയാണ് പ്രധാനമായും കണ്ടുവരുന്ന പ്രശ്‌നങ്ങള്‍. തടത്തില്‍ കൂടുതല്‍ വെള്ളം നിര്‍ത്താതിരിക്കുക. വേപ്പധിഷ്ഠിത കീടനാശിനികള്‍ ഉപയോഗിക്കുക എന്നിവയാണ് രോഗങ്ങളെ പ്രതിരോധിക്കാനുള്ള നടപടി.

ഔഷധഗുണങ്ങള്‍

ആയിരക്കണക്കിന് കൊല്ലം മുമ്പുതന്നെ ആയുര്‍വേദ ഭിഷഗ്വരന്മാര്‍ക്ക് തുളസിച്ചെടിയിലെ അമൂല്യമായ ഔഷധങ്ങളെക്കുറിച്ച് അറിയാമായിരുന്നു. ഉഷ്ണവീര്യമുള്ള തുളസിയെക്കുറിച്ച് വേദങ്ങളിലും പുരാണങ്ങളിലും ഇതിനെക്കുറിച്ച് പരാമര്‍ശമുണ്ട്. പ്രാണികളെയും കീടങ്ങളെയും അകറ്റാനുള്ള മരുന്നായും തുളസി ഉപയോഗിച്ചുവരുന്നു. ലിനോലിക് ആസിഡ്, റോസ് മാരിനിക് ആസിഡ്, ഇഗുനോള്‍, കര്‍വാക്കോള്‍, ലിനാലോള്‍, കാരിയോഫൈലിന്‍ തുടങ്ങിയ രാസവസ്തുക്കളടങ്ങിയിരിക്കുന്നു. ഇ-കോളി ബാക്ടീരിയയ്‌ക്കെതിരെ വലിയ നശീകരണശേഷി പ്രകടിപ്പിക്കുന്നതാണ് തുളസി. ശ്രീലങ്കയില്‍ തുളസിനീര് മികച്ച കൊതുകു നശീകരണിയായ ലേപനമാണ്. 

തൊണ്ടവേദന, ചുമ, ഉദരരോഗങ്ങള്‍, എന്നിവയ്ക്ക്  മികച്ച മരുന്നുകള്‍ തുളസിയില്‍ നിന്ന് ഉണ്ടാക്കുന്നുണ്ട്. ത്വക്‌രോഗങ്ങള്‍, കൃമിശല്യം, ജ്വരം എന്നിവയ്ക്ക് മരുന്നായും തുളസിനീര് ഉപയോഗിക്കുന്നു. ജലദോഷം, മൂക്കടപ്പ് എന്നിവയ്ക്ക് തുളസിയില ഉണക്കിപ്പൊടിച്ചത് നസ്യം ചെയ്താല്‍ മതി. പത്തുമില്ലി തുളസിനീര് സമം തേനില്‍ച്ചേര്‍ത്ത് കുടിക്കുക. വസൂരിശമനത്തിന് പണ്ടുമുതലേ ഉപയോഗിച്ചു വന്നിരുന്നു.

നല്ലൊരു വിഷഹാരിയാണ് തുളസി. മഞ്ഞള്‍, തഴുതാമയില, തുളസിയിലയും പൂവും എന്നിവ അരച്ച് വിഷമേറ്റഭാഗത്ത് തേച്ചുപിടിപ്പിക്കുകയും 6 ഗ്രാം വീതം നിത്യേന അകത്തുകഴിക്കുകയും ചെയ്താല്‍ വിഷം ശമിക്കും.

തുളസിയില തിരുമ്മി മണത്താല്‍ പകര്‍ച്ചപ്പനി തടയാന്‍ സാധിക്കും. തുളസിയിലയിട്ട വെള്ളം രണ്ടുതുള്ളി വീതം കണ്ണിലൊഴിച്ചാല്‍ ചെങ്കണ്ണിന് ശമനമുണ്ടാകും. എട്ടുകാലി വിഷത്തിന് പച്ചമഞ്ഞള്‍ തുളസിനീരില്‍ അരച്ചു പുരട്ടിയാല്‍ മതി. വയറുകടി, മഞ്ഞപ്പിത്തം, മലേറിയ എന്നിവയുടെ ശമനത്തിന് അതിരാവിലെ ഒരു ടീസ്പൂണ്‍ കുടിക്കുന്നത് നല്ലതാണ. ഇത്രയുമല്ല. ഇതിലുമെത്രയോ ഗുണങ്ങളുള്ളതാണ് തുളസി. അതിന്റെ പ്രധാന്യം കണ്ടറിഞ്ഞ് അതിന്റെ കൃഷി വ്യാപകമാക്കാം.

pramodpurath@gmail.com