എലിച്ചുഴി എന്താണ്? ചോദ്യം ഐ.എസ്.ആര്‍.ഒയിലെ ഉദ്യോഗസ്ഥനായ ഷാജുവിനോടാണെങ്കില്‍ നിങ്ങള്‍ക്ക് വ്യക്തമായ ഉത്തരം കിട്ടും. ' ഇതൊരു ഔഷധ സസ്യമാണ്‌ . എലിയെ തുരത്താന്‍  ഈ ചെടിക്കു കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. നമ്മുടെ തലമുടി നുറുക്കി കപ്പയുടെ ചുവട്ടില്‍ വിതറിയാല്‍ എലി മൂക്ക് കൊണ്ട് മണം പിടിക്കുമ്പോള്‍ അസ്വസ്ഥതയുണ്ടാകുകയും വിള നശിപ്പിക്കാതെ പോവുകയും ചെയ്യും. അതുപോലെ തന്നെയാണ് എലിച്ചുഴിയുടെ ഇല വിതറിയാലും സംഭവിക്കുന്നത്. ഇലയുടെ അടിഭാഗം രോമാവൃതമായതുകൊണ്ട് ഇവ വീണുകിടക്കുന്ന സ്ഥലങ്ങളില്‍ എലിശല്യം കുറവാണ്. വിഷം വെച്ചാല്‍ പരിസ്ഥിതിക്ക് ദോഷം ചെയ്യും. നമ്മുടെ പൂര്‍വികര്‍ ഇത്തരം ജൈവിക മാര്‍ഗങ്ങള്‍ ഉപയോഗിച്ചവരാണ്. ' മട്ടുപ്പാവില്‍ അപൂര്‍വ ഔഷധ സസ്യങ്ങളുടെ ശേഖരമൊരുക്കിയിരിക്കുന്ന ഷാജു ഇവയെക്കുറിച്ച് കിട്ടാവുന്ന അറിവുകളെല്ലാം ശേഖരിക്കുന്നുണ്ട്. 

തിരുവനന്തപുരത്ത് ആറ്റുകാലില്‍ മരുതൂര്‍ക്കടവിലാണ് ഷാജുവിന്റെ വീട്. ഇവിടെ ബോണ്‍സായി രൂപത്തിലാണ് ഔഷധ മരങ്ങള്‍ നട്ടുവളര്‍ത്തിയിരിക്കുന്നത്. 'ശിവ പുരാണത്തില്‍ വേമ്പാട പട്ടയെപ്പറ്റി വിശദമായി പറയുന്നുണ്ട്. ശിവനെ ധ്യാനിച്ചുകൊണ്ടിരുന്ന ഒരാള്‍ അഗാധ ഗര്‍ത്തത്തിലേക്ക് വീണു. വീഴ്ചയിലും അയാള്‍ ശിവഭക്തി കൈവിടുന്നില്ല. അയാള്‍ വേമ്പാട വള്ളിയില്‍ പിടിച്ചിരിക്കുന്നതുകൊണ്ട് ജീവിതത്തിലേക്ക് പിടിച്ച് കയറുമെന്നായിരുന്നു ശിവഭഗവാന്‍ അരുളിച്ചെയ്തത്. ഇരുമ്പിനെ വരെ വരിഞ്ഞു മുറുക്കാന്‍ കഴിവുള്ളതാണ് ഈ ചെടിയുടെ വള്ളി. വര്‍ഷം കഴിയുന്തോറും ഇരുമ്പിന് തേയ്മാനമുണ്ടാകുന്നു. എന്നാല്‍ ഈ ചെടിയുടെ വള്ളിക്ക് ഒരു മാറ്റവും സംഭവിക്കുന്നില്ല.' ഓരോ ചെടിയുടെ പ്രത്യേകതകളെക്കുറിച്ചും ഷാജുവിന് അറിവുണ്ട് .

ജലത്തെ അര്‍ദ്ധ ഖരാവസ്ഥയിലേക്ക് മാറ്റാന്‍ കഴിവുള്ള സസ്യമായ ജലസ്തംഭിനി, വജ്രാകൃതിയിലുള്ള മുള്ളുകളുള്ള വയ്യങ്കത,ഇലകള്‍ കൊണ്ട് നമസ്‌കാരം പറയുന്ന രാമനാമപ്പച്ച, തീയുണ്ടാക്കാന്‍ ഉപയോഗിക്കുന്ന ചമത, പൂനംകൊല്ലി, എന്നും കായ് തരുന്ന കുരുമുളക് ചെടി എന്നിവയെല്ലാം ഇവിടെയുണ്ട്.

' പശ ഉത്പാദിപ്പിക്കുന്ന ചെടിയാണ് കരുവേലം. ഈ ചെടിയുടെ കമ്പ് ഉപയോഗിച്ച് പല്ലുതേക്കാം. പല്ലിന്റെ ഇനാമലിന് ആവശ്യമായ സംരക്ഷണം നല്‍കാന്‍ ഇതിന് കഴിവുണ്ട്. തമിഴ്‌നാട്ടുകാര്‍ അച്ചാര്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നതാണ് എലന്തപ്പഴം. മറ്റൊരു പ്രധാന സസ്യമായ ശിംശപ വൃക്ഷവും ഇവിടെയുണ്ട്. സന്താന സൗഭാഗ്യമില്ലാത്ത ദമ്പതികള്‍ ആ വൃക്ഷത്തിന്റെ ചുവട്ടില്‍ ഇരുന്നാല്‍ അനുഗ്രഹമുണ്ടാകുമെന്നാണ് പുരാണങ്ങള്‍ പറയുന്നത്. മറ്റൊരു സസ്യമാണ് മദനപ്പൂവ്. ആരെയും മോഹിപ്പിക്കുന്ന സുഗന്ധമാണ് ഇതിന്റെ പുഷ്പത്തിന്. ' പുരാണങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള വൃക്ഷങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഷാജു ശേഖരിക്കുന്നുണ്ട്. 

 പൂച്ചപ്പഴത്തെപ്പറ്റി കേട്ടിട്ടുണ്ടോ? ഈ ചെടിയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാല്‍ വൃക്കരോഗികളില്‍ ഡയാലിസിസിന്റെ തവണകള്‍ കുറയ്ക്കാന്‍ കഴിയും. ശരീരത്തിലെ ക്രിയാറ്റിന്റെ അളവ് ക്രമപ്പെടുത്തുകയാണ് ചെയ്യുന്നത്. ക്ഷേത്ര വിഗ്രഹങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ചെടിയാണ് ഇലിപ്പ.

പ്രമേഹത്തിനുള്ള ഔഷധമായി ഉപയോഗിക്കുന്ന വേങ്ങ, തീപ്പൊള്ളലേറ്റാല്‍ മുറിവ് ഉണങ്ങാന്‍ സഹായിക്കുന്ന തീവിഴുങ്ങി,തോക്കിന്റെ പാത്തിയുണ്ടാക്കാന്‍ ഉപയോഗിക്കുന്ന നാങ്ക്, കൊതുകിനെ അകറ്റിയോടിക്കുന്ന കൊതുകുവിരട്ടി എന്നിവയെല്ലാം ഷാജുവിന്റെ വീട്ടിലുണ്ട്. ഭക്ഷണം കഴിക്കാതെ കാട് കാണാന്‍ എത്തുന്നവര്‍ക്കായി 'പശി അടക്കി' എന്നൊരു അപൂര്‍വയിനം മരം ഇവിടെയുണ്ട്. ഇതിന്റെ കായ ആണ് ഭക്ഷ്യവസ്തുവായി ഉപയോഗിക്കുന്നത്.വിവിധയിനത്തില്‍പ്പെട്ട അഞ്ചു വിത്തുകള്‍ ഒറ്റത്തടിയാക്കി മുളപ്പിച്ചെടുത്ത മാവും ഇവിടെയുണ്ട്. 

'മരബന്ധുക്കള്‍ എന്ന പേരിലുള്ള ഒരു ഗ്രൂപ്പിലെ അംഗമാണ് ഞാന്‍. കൃഷിയോട് താത്പര്യമുള്ള ആളുകളാണ് ഈ ഗ്രൂപ്പിലുള്ളത്. എന്റെ കൈയിലുള്ള ചെടികളുടെ തൈകള്‍ ഇല്ലാത്തവര്‍ക്ക് കൊടുക്കും. അറിവുകള്‍ പകര്‍ന്നു നല്‍കുകയും ഔഷധ സസ്യങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുകയും ചെയ്യുകയെന്നതാണ് എന്റെ ലക്ഷ്യം. ഇത്തരത്തിലുള്ള അറിവുകള്‍ ഒരാളില്‍ മാത്രം ഒതുങ്ങി നില്‍ക്കേണ്ടതല്ല. എല്ലാവരിലും എത്തണം'. ഏകദേശം അഞ്ഞൂറോളം ഔഷധ സസ്യങ്ങള്‍ വീട്ടിലുണ്ട്. ഗവേഷണ വിദ്യാര്‍ഥികള്‍ക്കും സസ്യശാസ്ത്രം പഠിക്കുന്നവര്‍ക്കും ആവശ്യമായ വിവരങ്ങള്‍  ഷാജു പകര്‍ന്നു നല്‍കുന്നുമുണ്ട്. 

Phone number: 9495 269 845