മൃതസഞ്ജീവനി അഥവാ 'സഞ്ജീവനി' ഒരു ഔഷധസസ്യമാണ്. 'സഞ്ജീവനി' എന്നാല്‍ 'ജീവന്‍ നല്‍കുന്നത്' എന്നാണര്‍ഥം. 'സെലാജിനെല്ല ബ്രയോപ്‌ടെറിസ്' എന്ന സസ്യനാമത്തിലറിയപ്പെടുന്ന ചെടിയാണ് സഞ്ജീവനിയായി കണക്കാക്കിവരുന്നത്. 'സഞ്ജീവനി'യുടെ സത്തിന് അപൂര്‍വമായ ചില ഔഷധസിദ്ധികളുണ്ട്.

കോശവളര്‍ച്ച ത്വരപ്പെടുത്താനുള്ള കഴിവാണ് ഇതിലൊന്ന്. അമിതസമ്മര്‍ദത്താല്‍ നശിച്ചുപോകുന്ന കോശങ്ങളെ അതില്‍നിന്ന് പ്രതിരോധിക്കാന്‍ ഇത് സഹായിക്കും. സസ്തനികളുടെ കോശങ്ങളിലാണിത് കണ്ടെത്തിയത്. കൂടാതെ ഈ സസ്യരസത്തില്‍ കോശങ്ങള്‍ വളര്‍ച്ചപ്രാപിക്കുന്നതായും കണ്ടെത്തി. കോശങ്ങളെ നശിപ്പിക്കുന്ന ഓക്‌സീകരണപ്രക്രിയയെയും ഇത് വലിയൊരു പരിധിവരെ തടയുന്നു.

അള്‍ട്രാവയലറ്റ് രശ്മികളും താപവികിരണവുമൊക്കെ കോശങ്ങളെ നശിപ്പിക്കുന്നത് തടയാനും ഇതിന് കഴിവുണ്ട്. ഉഷ്ണമേഖലാ പ്രദേശങ്ങളിലെ മലനിരകളിലാണ് മൃതസഞ്ജീവനി വളരുന്നത്.  പ്രത്യേകിച്ച് ഇന്ത്യയുടെ കിഴക്കുപടിഞ്ഞാറന്‍ ഭാഗത്തെ ആരവല്ലി മലനിരകളില്‍.

 കടുത്ത വേനല്‍ക്കാലത്ത് ഈ ചെടി ഉണങ്ങിവരണ്ട് കരിഞ്ഞ് പൂര്‍ണമായും നശിക്കും. എന്നാല്‍, അല്പം വെള്ളം കിട്ടിയാല്‍ 'മരിച്ചുകഴിഞ്ഞ' ചെടി വീണ്ടും ഇലകള്‍ വിടര്‍ത്തി, പച്ചനിറമായി പഴയപടി വളരുന്നതുകാണാം. ഇത് ഒരു 'ഉയിര്‍ത്തെഴുന്നേല്പിന്റെ' സൂചകമായും കരുതുന്നു.

'ബയോഫ്‌ലേവനോയിഡ്' എന്നുപേരായ ജൈവസംയുക്തങ്ങളാണ് ചെടിയുടെ കാതല്‍. പരമ്പരാഗതമായി ഇത് മുറിവുണക്കാനും ആര്‍ത്തവ ക്രമക്കേടുകള്‍ പരിഹരിക്കാനും മൂത്രതടസ്സം ക്രമീകരിക്കാനും ആന്തരികക്ഷതങ്ങള്‍ക്കുമെല്ലാം ഉപയോഗിച്ചിരുന്നു. ഇത് ഒരേസമയം അണുനാശകവും നിരോക്‌സീകാരകവും അര്‍ബുദപ്രതിരോധകവുമൊക്കെയാണ്.

അപൂര്‍വ ഔഷധസിദ്ധികളുള്ളതുകൊണ്ടുതന്നെ വളരെയധികം ചൂഷണംചെയ്ത് നശിപ്പിക്കപ്പെടുന്ന ഒരു ചെടികൂടിയാണ് മൃതസഞ്ജീവനി.

ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ബിഹാര്‍, ഒഡിഷ, മഹാരാഷ്ട്ര, തമിഴ്‌നാട്, നേപ്പാള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇത് കൂടുതല്‍ വളരുന്നു. ഹിന്ദുപുരാണമനുസരിച്ച് 'മൃതസഞ്ജീവനി' എന്നത് മരിച്ച ആളുകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും അല്ലെങ്കില്‍ അമരത്വം പ്രദാനംചെയ്യാനും കഴിവുള്ള അദ്ഭുതച്ചെടിയായാണ് കണക്കാക്കുന്നത്. ഇതേക്കുറിച്ചുള്ള പഠനവും ഗവേഷണങ്ങളും  തുടര്‍ന്നുവരുന്നു.