പുത്തന്‍ചിറ ( തൃശ്ശൂര്‍): ശിവരാത്രിയുടെ പുണ്യം പകര്‍ന്ന് പുത്തന്‍ചിറയില്‍ രുദ്രാക്ഷപ്പൂക്കള്‍ വിരിഞ്ഞു. പുത്തന്‍ചിറ പകരപ്പിള്ളി ക്ഷേത്രത്തിനടുത്തുള്ള പുന്നശ്ശേരി കാവുക്കുട്ടിയമ്മയുടെ വീട്ടുമുറ്റത്താണ് രുദ്രാക്ഷവൃക്ഷത്തില്‍ പൂക്കളും കായ്കളും നിറഞ്ഞുനില്‍ക്കുന്നത്. ശിവരാത്രിക്ക് മുമ്പാണ് പൂക്കള്‍ വിരിയാറുള്ളത്. പൂക്കള്‍ക്ക് വെളുത്ത നിറമാണ്. കായ്കള്‍ക്കാകട്ടെ കടും പച്ചനിറവും. കായ്കള്‍ മൂത്തുപഴുക്കുമ്പോള്‍ പച്ചയും വയലറ്റും കലര്‍ന്ന നിറമാകും.

പുരാണത്തില്‍ പറയുന്ന കാളകൂടവിഷത്തിന്റെ നിറമാണ് ഇതെന്ന് പറയപ്പെടുന്നു. ഇവിടത്തെ രുദ്രാക്ഷവൃക്ഷത്തിന് 20 വര്‍ഷം പ്രായമുണ്ട്. 15 മീറ്ററോളം ഉയരമുള്ള ഈ വൃക്ഷത്തില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി കായ്കള്‍ വിരിയുന്നു. കേരളത്തില്‍ രുദ്രാക്ഷവൃക്ഷം അപൂര്‍വമായി മാത്രം കാണുന്നതിനാല്‍ പൂവിട്ടുതുടങ്ങിയാല്‍ നിരവധിപേരാണ് കാണാനായി കാവുക്കുട്ടിയമ്മയുടെ വീട്ടിലെത്താറുള്ളത്.

Content Highlights: Rudraksha tree blossoms in Thrissur