നാം കേരളീയര്‍ ഭക്ഷണത്തില്‍ നന്നായി മീന്‍ ഉള്‍പ്പെടുത്തുന്നവരാണ്. നീണ്ടുകിടക്കുന്ന തീരദേശവും നിറഞ്ഞൊഴുകിയിരുന്ന 44 നദികളും നമ്മളെ മീന്‍തീറ്റക്കാരാക്കി. മീന്‍ കറിവെക്കണമെങ്കില്‍ പുളി അത്യാവശ്യമാണ്. അത് മുളകിടാനായാലും വറ്റിക്കാനാണെങ്കിലും. വാളന്‍പുളിയാണ് വടക്കന്‍ ഭാഗത്ത് അധികവും ഉപയോഗിച്ചുവരുന്നത്. എന്നാല്‍, അതിനെക്കാളും ഔഷധഗുണമുള്ള പുളിയിനമാണ് കുടംപുളി. കേരളമെമ്പാടും പ്രാദേശികഭേദമില്ലാതെ വളരുന്ന നിത്യഹരിതവൃക്ഷമാണിത്.
ആയുര്‍വേദത്തിലും മിക്ക ഔഷധനിര്‍മാണത്തിലും കുടമ്പുളി ഉപയോഗിച്ചുവരുന്നു. ക്ലൂസിയേസി കുടുംബത്തില്‍പ്പെട്ട കുടമ്പുളിയുടെ ശാസ്ത്രീയനാമം ഗാര്‍സിനിയ ഗമ്മിഗട്ട എന്നാണ്.
സംസ്‌കൃതത്തില്‍ വൃക്ഷാമ്ല, രക്തസംജ്ഞം, അമൃതദ്രുമം, രസാമ്ലം, ഫലാമ്ലം, തിന്തിണി എന്നിങ്ങനെ പറയപ്പെടുന്ന കുടംപുളിക്ക് തമിഴില്‍ അരടന്‍, മക്കിയെന്നും ബംഗാളിയില്‍ ഥൈകന്‍, ഹിന്ദിയില്‍ കോകം, ബിലാത്തി അംലി എന്നിങ്ങനെയും പറഞ്ഞുവരുന്നു. ഇംഗ്ലീഷില്‍ മലബാര്‍ ടാര്‍മിന്‍ഡ് എന്നാണ് നാമം. ഇതേ ജനുസില്‍പ്പെട്ട ഗാര്‍സീനിയ ഇന്‍ഡിക്ക, ഗാര്‍സിനിയ പെഡന്‍കുലേറ്റ എന്നിവയും കുടമ്പുളിയായി ഗണിക്കുന്നവയാണ്.
60-80 വര്‍ഷം വരെയാണ് അതിന്റെ ആയുസ്സ്. 20-25 മീറ്റര്‍ വരെ പൊക്കം വെക്കുന്ന ഇവ 5 വര്‍ഷം കൊണ്ടുതന്നെ 4-5 മീറ്റര്‍ നീളം വെക്കും. പൂര്‍ണവളര്‍ച്ചയെത്തിയാല്‍ ഇതിന്റെ തടിക്ക് മുക്കാല്‍ മീറ്ററോളം വണ്ണം കാണും. നിറയെ ശാഖകളുണ്ടാകും. ഇലകള്‍ക്ക് മുകള്‍ ഭാഗത്ത് കടുംപച്ചയും അടിഭാഗത്ത് ഇളം പച്ചയുമായിരിക്കും. ലഘുസമുഖമായാണ് ഇലകളുടെ വിന്യാസം. ഇലകള്‍ക്ക് 6-8 സെ.മീ. നീളവും 4-5 സെ.മീ. വീതിയും കാണും. ഏകലിംഗമായും ദ്വിലിംഗമായും വൃക്ഷങ്ങള്‍ കണ്ടുവരുന്നു.
പൂക്കള്‍ക്ക് മഞ്ഞഛവിയുള്ള വെള്ളനിറമാണ്. ആണ്‍പൂക്കള്‍ പെണ്‍പൂക്കളേക്കാള്‍ ചെറുതായി പുഷ്പ മഞ്ജരിപോലെയാണ് കാണുക. വലിപ്പമുള്ള പെണ്‍പൂക്കള്‍ മൂന്നോ നാലോ അടങ്ങിയ കുലകളായാണ് ഉണ്ടാവുക. വിദളം, ദളം എന്നിവ നാലുവീതം കാണപ്പെടുന്നു. ചിലതില്‍ അഞ്ചുവീതവുമുണ്ടാകാറുണ്ട്.
ഉരുണ്ട ഓറഞ്ചിന്റെ വലിപ്പത്തിലായിരിക്കും കായകള്‍. ഇതിന്റെ പുറം ഭാഗം 6-8 എണറുകളായി വിഭജിച്ചിരിക്കും. ഇളം കായകള്‍ക്ക് നല്ല പച്ചനിറമായിരിക്കും. മൂത്തുപഴുത്താല്‍ നല്ല മഞ്ഞനിറമായിമാറുന്നു. മാംസളമായ കായയുടെ ഉള്ളില്‍ നീരുണ്ടാകും. കാലവര്‍ഷത്തിന് തൊട്ടുമുമ്പാണ് പുഷ്പിച്ച് കായ്ക്കുന്നത്. രണ്ടു മൂന്നുമാസംകൊണ്ട് കായ വിളയുന്നു. പഴുത്ത കായയുടെ ഉള്ളില്‍ അഞ്ചോ ആറോ വിത്തുകളുമുണ്ടാകും. വിത്തുകള്‍ നീക്കംചെയ്ത കായ ഉണക്കിയാല്‍ കറുത്ത നിറമാകും. അതാണ് കറികളില്‍ ഉപയോഗിക്കുന്നത്.
തൈകള്‍ തയ്യാറാക്കലും കൃഷിയും
നന്നായി മൂത്തുവിളഞ്ഞ കായകളില്‍ നിന്ന് ശേഖരിച്ച വിത്തുകള്‍ പാകി മുളപ്പിച്ചും ബഡ്ഡിങ് നടത്തിയും തൈകള്‍ ഉണ്ടാക്കിയെടുക്കാം. കേരളത്തിലെല്ലായിടത്തും കുടമ്പുളി നന്നായി വളരാറുണ്ടെങ്കിലും കായ്ഫലം കൂടുതല്‍ ലഭിക്കുന്നത് മലയോരമേഖലയിലാണ്. മുളച്ചുപൊന്തിയ തൈകള്‍ രണ്ട് മൂന്ന് മാസം പ്രായമാകുമ്പോള്‍ നല്ല നീര്‍വാര്‍ച്ചയുള്ള നന്നായിവെയില്‍ കിട്ടുന്ന സ്ഥലത്ത് മുക്കാല്‍ മീറ്റര്‍ നീളത്തിലും വീതിയിലും ആഴത്തിലും ഉള്ള കുഴിയെടുത്ത് അതില്‍ കാലിവളമോ കമ്പോസ്‌റ്റോ പകുതിഭാഗം നിറച്ച് അതില്‍ നട്ട് വളര്‍ത്തിയെടുക്കാം. ചെടി് വളര്‍ത്തിയെടുക്കാന്‍ കുറച്ച് ശ്രദ്ധ ആവശ്യമാണ്. ചെടികള്‍ തമ്മില്‍ വിത്തുതൈകള്‍ നടുമ്പോള്‍ 7 മീറ്റര്‍ അകലം പാലിക്കണം. എന്നാല്‍ ബഡ്ഡ്‌തൈകള്‍ നടുമ്പോള്‍ അത്രയും അകലം ആവശ്യമില്ല.
തൈകള്‍ മികച്ച പ്രതിരോധശേഷി കാണിക്കുന്നതായതിനാല്‍ അതിനെ കീടങ്ങളും രോഗങ്ങളും ബാധിച്ചുകാണാറില്ല. അഥവാ ബാധിച്ചാല്‍ത്തന്നെ കുരുന്നിലകളെ ബാധിക്കുന്ന ഫംഗസ് രോഗം മാത്രമേ വരൂ. അതിനെ ചെടി സ്വയം തന്നെ പ്രതിരോധിക്കും. ചെറിയ പ്രായത്തിലാണ് ഫംഗസ്‌രോഗം വരുന്നതെങ്കില്‍ വേപ്പധിഷ്ഠിത കീടനാശിനികള്‍ ഉപയോഗിച്ച് ചെറുക്കാം. ചില പ്രാണികള്‍ ഇലയും ഇളം തണ്ടും തിന്നുതീര്‍ക്കാറുണ്ട്.
ഔഷധ ഗുണത്തെ അറിയാം
ഉഷ്ണവീര്യമുള്ളതെന്ന് ആയുര്‍വേദത്തില്‍ പറയപ്പെടുന്ന ഇതിന്റെ പഴങ്ങള്‍ ഭക്ഷ്യയോഗ്യമാണ്. ചെറിയ മധുരം കലര്‍ന്ന പുളിരസം നിറഞ്ഞ പഴങ്ങള്‍ക്ക് രസം അമ്ലമാണ്.
ഇതിന്റെ ഫലത്തില്‍ ടാര്‍ട്ടറിക്ക് അമ്ലം, സിട്രിക്ക് അമ്ലം, ഫോസ്‌ഫോറിക്ക് അമ്ലം, എന്നിവയുണ്ട്. ഇലയില്‍ നിന്ന് എല്‍ലൂസിനും തടിയില്‍ നിന്ന് വോള്‍കെന്‍സിഫ്‌ളാവോണ്‍, മോറിലോഫഌവോണും അടങ്ങിയിരിക്കുന്നു. ആയുര്‍വേദത്തില്‍ വാതം,കഫം,അതിസാരം തുടങ്ങിയവക്ക് നിര്‍മ്മിക്കുന്ന മരുന്നുകളില്‍ പ്രധാന ചേരുവയാണിത്.
കൂടാതെ ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനും കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും ഇതിലെ ഘടകങ്ങള്‍ക്ക് കഴിവുണ്ട്. പുളിലേഹ്യത്തിലും ഇത് ഉപയോഗിക്കുന്നു. ചുടുവാതം, ഗുല്‍മം, അര്‍ശസ്സ്, അശ്മരി, രക്തവാര്‍ച്ച എന്നിവ ശമിപ്പിക്കുന്ന കുടംപുളി മാറാത്ത വ്രണങ്ങള്‍ക്ക് മരുന്നാണ്. അഷ്ടാംഗഹൃദയത്തില്‍ വായു കോപത്തിന് കുടംപുളിയിട്ട കറി നല്ലതാണെന്ന് പറഞ്ഞിരിക്കുന്നു. വേരിന്റെ തൊലി അരച്ചുപുരട്ടിയാല്‍ തൊലിപ്പുറത്തുള്ള വ്രണങ്ങള്‍ക്ക് ശമനമുണ്ടാകും. പൊളളലിനും, രക്തവാര്‍ച്ചക്കും കുടംപുളിയുടെ നീര് മികച്ച മരുന്നാണ്.
സംസ്‌കരിക്കല്‍
മൂപ്പെത്തി മഞ്ഞനിറമായി തുടുക്കുന്ന കായകള്‍ പറിച്ചെടുത്ത് കുരു ഒഴിവാക്കി തോട് നല്ല വെയിലില്‍ ഉണക്കിയ ശേഷം അത് പുകയത്തോ, ചൂളകളിലോ 80-100 ഡിഗ്രി ചൂടില്‍ വീണ്ടും ഉണക്കി 10 കിലോ പുളിയില്‍ 1.800 കിലോഗ്രാം ഉപ്പും, 700 ഗ്രാം വെളിച്ചെണ്ണയും ചേര്‍ത്ത് തിരുമ്മി സൂക്ഷിക്കാം. ഇത് വാറ്റിയെടുക്കുന്ന സത്ത് ദീര്‍ഘകാലം കേടുകൂടാതെ സൂക്ഷിക്കാം.
pramodpurath@gmail.com