നാഗഗന്ധിയും ചങ്ങലംപരണ്ടയും ഇടതൂര്‍ന്നു വളരുന്ന മുറ്റം. ചതുരമുല്ലയും പര്‍പ്പിള്‍ ഫാഷന്‍ ഫ്രൂട്ടും മുറ്റത്തെ പന്തലില്‍ പടര്‍ന്നുകിടക്കുന്നു. കിരിയാത്തും കായവും ഇടംപിരിയും വലംപിരിയും നീലക്കൂവയും ഉള്‍പ്പെടെ 125-ലധികം ഔഷധസസ്യങ്ങള്‍ വീടിന് ചുറ്റും. ഇവ വളര്‍ത്തി പറമ്പ് ഒരു കാവാക്കിയിരിക്കുകയാണ് പയ്യന്നൂരിനടുത്ത പെരളത്തെ എം.വി. നാരായണന്‍. 

medicinal plants
എം. വി നാരായണന്‍

കൃഷിയോടുള്ള ആഭിമുഖ്യം കൊണ്ട് പെരളം സര്‍വീസ്  സഹകരണബാങ്ക് സെക്രട്ടറി സ്ഥാനം രാജിവെച്ചാണ് നാരായണന്‍ കൃഷി തുടങ്ങിയത്. സംസ്ഥാന വനംവകുപ്പിന്റെ വനമിത്ര, പ്രകൃതിമിത്ര അവാര്‍ഡുകളും ഭൂമിക്ക് ഒരു കുട പുരസ്‌കാരവും ഔഷധസസ്യങ്ങളുടെ കാവലാളിനെ തേടിയെത്തി. ഔഷധസസ്യങ്ങള്‍ വളര്‍ത്തുന്നതില്‍ മാത്രമല്ല, തൈകള്‍ ഉത്പാദിപ്പിച്ച് ആവശ്യക്കാര്‍ക്ക് നല്‍കുന്നതിലും നാരായണന്‍ നിപുണനാണ്. ഔഷധസസ്യങ്ങള്‍ക്ക് ചേര്‍ത്തുകൊടുക്കുന്ന ജൈവവളവും പ്രത്യേക കൂട്ടുകൊണ്ടാണ് തയ്യാറാക്കുന്നത്.

 പ്ലാസ്റ്റിക് ചാക്കില്‍ പറമ്പിലെ കരിയിലകളും അടുക്കള അവശിഷ്ടങ്ങളും പല അട്ടിയായി കുത്തിനിറയ്ക്കുന്നു. ചാക്കില്‍നിന്ന് കിനിഞ്ഞു ഇറങ്ങുന്ന ദ്രാവകം ഇരട്ടി വെള്ളം ചേര്‍ത്ത് തടം നനയ്ക്കുന്നു. രണ്ടു മാസം ചാക്കില്‍ കെട്ടിവെച്ചാല്‍ ഒന്നാന്തരം ജൈവവളം തയ്യാറാകുന്നു. പ്ലാസ്റ്റിക് ചാക്കില്‍ കരിയിലയും വെണ്ണീരും പല അട്ടിയായി നിറച്ച് കിടത്തിവെച്ച് തയ്യാറാക്കുന്ന ജൈവവള മിശ്രിതവും ഒന്നാന്തരമാണെന്ന് നാരായണന്‍ പറയുന്നു. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാന്‍ മാത്രമല്ല ഔഷധസസ്യകൃഷി വിജയകരമായി മുന്നോട്ടുകൊണ്ടുപോകാനും ജൈവവളക്കൂട്ടാണ് പിന്‍ബലം. പറമ്പില്‍ ലഭ്യമായ പഴങ്ങളും പച്ചക്കറികളും ഔഷധസസ്യങ്ങളും ഉപയോഗിച്ച് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ തയ്യാറാക്കുന്നതിലും നാരായണന്‍ വിദഗ്ധനാണ്.