ഭൂമിയില്‍ പ്രാണന്റെ നിലനില്‍പ്പിനും പ്രകൃതി സംരക്ഷണത്തിനുമായി മലപ്പുറം ചെമ്മങ്കടവിലെ തോരപ്പ മുസ്തഫ പരിസ്ഥിതി ദിനത്തില്‍ വിവിധ വിദ്യാലയങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കുമായി സൗജന്യമായി നല്‍കിയത് ഒരുലക്ഷം ഔഷധ സസ്യത്തൈകള്‍.
പ്രാണവായുവിന് വേണ്ടി ഒരു വരം എന്ന സന്ദേശ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് തൈകള്‍ നല്‍കിയത്. കഴിഞ്ഞ 12 വര്‍ഷത്തിലധികമായി തന്റെ ഔഷധോദ്യാനത്തില്‍ തയ്യാറാക്കുന്ന ഔഷധ സസ്യങ്ങളാണിവ.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ പലരും ചെയ്യുന്നുണ്ടെങ്കിലും തോരപ്പ മുസ്തഫ അവരില്‍ നിന്നെല്ലാം വ്യത്യസ്തനാണ്. വൈകല്യങ്ങളോട് പോരാടി സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കിയതാണ് ഇദ്ദേഹം. വാഹനാപകടത്തില്‍ അരയ്ക്ക് താഴെ പൂര്‍ണ്ണമായും തളര്‍ന്നിട്ടും മുസ്തഫ മറ്റുള്ളവരുടെ സഹായത്തിനും അനുകമ്പക്കും കാത്ത് നില്‍ക്കാതെ കടുത്ത ജീവിത പരീക്ഷണങ്ങള്‍ അതിജീവിച്ച് പ്രകൃതി സംരക്ഷണത്തിനും കൃഷിക്കും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചു.
അംഗപരിമിതര്‍ക്കായി തയ്യാറാക്കുന്ന പ്രത്യേക വാഹനങ്ങള്‍ രൂപകല്‍പ്പന ചെയ്തതിന്റെ പേരില്‍ ഈ അടുത്ത കാലത്തായി കേന്ദ്രത്തിന്റെ അംഗീകാരം നേടി. മുസ്തഫ വികസിപ്പിച്ചെടുത്ത വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ ദി ഓട്ടോ മോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെയും ( എ.ആര്‍.എ.ഐ) സംസ്ഥാന വാഹനവകുപ്പിന്റെയും ലൈസന്‍സ് ലഭിച്ചു.
കോഡൂര്‍ ചെമ്മങ്കടവ് സ്വദേശിയായ മുസ്തഫയുടെ മാതാപിതാക്കള്‍ കര്‍ഷകരാണ്. മലപ്പുറത്തുള്ളവരുടെ ജീവിതത്തിന് നിറച്ചാര്‍ത്തുകള്‍ നല്‍കിയ ഗള്‍ഫ് തന്നെയായിരുന്നു ജീവിതം കരുപ്പിടിപ്പിക്കാന്‍ മുസ്തഫ തെരഞ്ഞെടുത്തത്. 6 വര്‍ഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടില്‍ ബേക്കറിയും ടാക്‌സിക്കാറുമായി കുടുംബത്തോടൊപ്പം കഴിയാനാഗ്രഹിക്കുമ്പോഴാണ് വിധി ഓട്ടോറിക്ഷാ അപകടത്തിന്റെ രൂപത്തില്‍ മുസ്തഫയെത്തേടിയെത്തിയത്.
1994-ലാണ് മുസ്തഫ വാഹനാപകടത്തില്‍പ്പെട്ടത്. തോരപ്പ മുസ്തഫ ആ അപകടത്തെക്കുറിച്ച് പറയുന്നതിങ്ങനെ: ' വീട്ടില്‍ എന്തോ ചെറിയൊരു പരിപാടി നടക്കുന്നുണ്ടായിരുന്നു. ഞാന്‍ സാധനം വാങ്ങാന്‍ വേണ്ടി ഓട്ടോയില്‍ പോയതാണ്. മലപ്പുറം നൂറാടി പാലത്തിനടുത്തെത്തിയപ്പോള്‍ ഞാന്‍ സഞ്ചരിച്ചിരുന്ന ഓട്ടോ മറ്റൊരു ഓട്ടോയുമായി കൂട്ടിയിടിച്ചു. പുറത്തേക്ക് ഒരപകടവും പറ്റാത്ത ഒരു തുള്ളി ചോരപോലും പൊടിയാത്ത ചെറിയൊരപകടം. പക്ഷെ നെഞ്ചിന് കീഴ്‌പ്പോട്ട് മറ്റ് ഭാഗങ്ങള്‍ ചലിപ്പിക്കാനാകുന്നില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജിലും പിന്നെ മണിപ്പൂര്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളേജിലും ചികിത്സിച്ചു. നട്ടെല്ലിന് പരിക്കേറ്റതായും സുഷുമ്‌നാ നാഡി അറ്റുപോയതായും ഡോക്ടര്‍മാര്‍ വിധി എഴുതി.'
പിന്നീട് ആസ്പത്രികളില്‍ നിന്ന് ആസ്പത്രികളിലേക്ക് മാറി മാറിയുള്ള യാത്രകളായിരുന്നു. കോഡൂര്‍ ചട്ടിപറമ്പിലെ പൊന്നാരം പള്ളിയാലിലെ ഒന്നരയേക്കറോളം വരുന്ന വ്യാപിച്ച് കിടക്കുന്ന ഔഷധോദ്യാനവും ഫാം ഹൗസും അനുബന്ധ കൃഷിത്തോട്ടവും കഴിഞ്ഞ ജൂണ്‍ 3ന് മലപ്പുറം ജില്ലയിലെ വിവിധ വിദ്യാലയങ്ങള്‍ക്ക് ഔഷധസസ്യത്തിന്റെ തൈകള്‍ നല്‍കി. ആദ്യ നാലുവര്‍ഷം ആയിരത്തോളം ചെടികളാണ് വിതരണം ചെയ്തതെങ്കില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി ഓരോ കൊല്ലവും ആറായിരത്തിലേറെ തൈകളാണ് വിതരണം ചെയ്യുന്നത്.
തന്റെ ചികിത്സാര്‍ഥം സ്വാമി നിര്‍മ്മലാനന്ദ ഗിരിയെ കണ്ടപ്പോള്‍ കുറെ ഔഷധങ്ങള്‍ മുസ്തഫയ്ക്ക് അദ്ദേഹം ഓലയില്‍ കുറിച്ച് നല്‍കി. പക്ഷെ ഔഷധം തിരഞ്ഞിറങ്ങിയ മുസ്തഫയ്ക്ക് നിരാശയായിരുന്നു ഫലം. അപൂര്‍വ്വമായ ആ ഔഷധങ്ങളൊന്നും എവിടെയും കിട്ടാനില്ലായിരുന്നു. ആ തിരിച്ചറിവാണ് കോഡൂര്‍ ചട്ടിപറമ്പിലെ 10 സെന്റ് സ്ഥലത്തെങ്കിലും ഔഷധക്കൃഷി തുടങ്ങാന്‍ മുസ്തഫയെ പ്രേരിപ്പിച്ചത്. ഇന്ന് ഒന്നര എക്കറോളം വിസ്തൃതമായ ഔഷധ ചെടിത്തോട്ടത്തില്‍ നിത്യേന എട്ടു തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്യുന്നു. കൂടാതെ ചട്ടിപ്പറമ്പിലും മലപ്പുറം മുണ്ട്പറമ്പിലുമായി 16 ഏക്കറോളം സ്ഥലത്ത് അനുബന്ധ കൃഷികളും നടത്തുന്നു.
4 തരം കപ്പ, 11 തരം വാഴ, ചേന, വെള്ളരി, കുമ്പളം, മറ്റു വിവിധയിനം പച്ചക്കറികള്‍ എന്നിവ കൃഷിചെയ്യുന്നു. പ്രധാനമായും സ്വന്തമായി വികസിപ്പിച്ചെടുത്ത കഷായച്ചണ്ടികള്‍ മറ്റുവളങ്ങളുമായി ചേര്‍ത്തു രൂപപ്പെടുത്തിയ ജൈവ വളമാണ് ഉപയോഗിക്കുന്നത്.
കൂടാതെ ചകിരിച്ചോറ് അടങ്ങിയ കോഴിക്കാഷ്ടവും ഉപയോഗിക്കുന്നു. ചകിരിച്ചോര്‍ മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ ഏറെ സഹായിക്കുന്നു.
മുല്ലപ്പൂ കൃഷി, സൂര്യകാന്തി കൃഷി എന്നിവയും ചെയ്യുന്നുണ്ട്. കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ മരുന്നു കൃഷിയുടെയും മരുന്നിന്റെയും ഡീലറാണ് മുസ്തഫ. കൂടെ ജോലിയെടുക്കാന്‍ തൊഴിലാളികളുണ്ടെങ്കിലും കാറിലും വീല്‍ചെയറിലുമായി മുസ്തഫയുടെ കണ്ണെത്താത്ത ഇടങ്ങളില്ല.
നിരന്തരമുള്ള ശ്രദ്ധയും പരിപാലനവുമാണ് മുസ്തഫയുടെ കൃഷിയുടെ വിജയരഹസ്യം. ആത്മയുടെ ഫാം സ്‌കൂളായും കോഡൂര്‍ പഞ്ചായത്തിന്റെ പ്രദര്‍ശന കൃഷിയായും മുസ്തഫയുടെ തോട്ടം തിരഞ്ഞെടുത്തിട്ടുണ്ട്. ഔഷധ മിത്രം അവാര്‍ഡ്, മാതൃക കര്‍ഷകന്‍ അവാര്‍ഡ് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങള്‍ മുസ്തഫയെ തേടി എത്തി. കൂടാതെ ദു:ഖിതരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി 'ലൈഫ്‌ലൈന്‍' എന്ന സംഘടന സ്ഥാപിച്ച് നിരവധികാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.
അംഗപരിമിതര്‍ക്കായി 'ഡീല്‍ ഓര്‍ നോഡീല്‍' പങ്കെടുത്തപ്പോള്‍ ലഭിച്ച മൂന്നരലക്ഷം രൂപയുമായി ഒരു പുനരധിവാസ കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിലാണിപ്പോള്‍ മുസ്തഫ. മുസ്തഫയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും താങ്ങും തണലുമായി ഭാര്യ സഫിയയും മകന്‍ മുര്‍ഷിദും സദാ കൂടെയുണ്ട്.
ചട്ടിപറമ്പിലെ ഒന്നര ഏക്കറിലധികം വ്യാപിച്ച് കിടക്കുന്ന ഹരിതാഭമായ ഔഷധോദ്യാനം കൂടാതെ 16 ഏക്കറോളം സ്ഥലത്ത് പരിസ്ഥിതിക്കനുയോജ്യമായ വിവിധ കൃഷികളും മുസ്തഫ നടത്തിവരുന്നു. കാര്‍ഷിക മേഖലയ്ക്ക് തനതായ സംഭാവന നല്‍കുകയും ചെയ്യുന്നു.
കേരളീയ സംസ്‌ക്കാരത്തിന്റെ പാരമ്പര്യവും, പൈതൃകവും അനുഭവ സമ്പത്തും, അന്യം നിന്നുപോയിക്കൊണ്ടിരിക്കുന്ന ചിലയിനം ഔഷധ ചെടിയുടെ സംരക്ഷണവും നിലനിര്‍ത്തുന്നതോടൊപ്പം ആയുര്‍വ്വേദത്തിന്റെ പ്രാധാന്യവും നിലനില്‍പ്പും പരിഗണിച്ചാണ് മുസ്തഫയുടെ സേവനം.
നാമാവശേഷമായിക്കൊണ്ടിരിക്കുന്ന അപൂര്‍വ്വമായ 350-ല്‍ പരം ഔഷധ സസ്യങ്ങളുടെ സംരക്ഷണമാണ് അദ്ദേഹം ഏറ്റെടുത്ത പ്രധാന ദൗത്യം. സസ്യങ്ങളുടെ വിവിധ ഭാഗങ്ങള്‍ മരുന്ന് നിര്‍മ്മാണത്തിന് നല്‍കുന്നുണ്ട്.
വിദ്യാലയങ്ങള്‍ക്കും പരിതസ്ഥിതി സംരക്ഷണത്തില്‍ താല്‍പ്പര്യമുള്ള സന്നദ്ധ സംഘടനകള്‍ക്കും ഔഷധ സസ്യങ്ങളുടെ തൈകള്‍ നല്‍കുന്നതിലാണ് മുസ്തഫക്ക് ഏറെ താല്‍പ്പര്യം. മുസ്തഫ ജീവിതപാതയില്‍ മറ്റുള്ളവര്‍ക്ക് പിന്തുടരാവുന്ന ഒരു ഉത്തമമാതൃകയായി ഇതിനോടകം തന്നെ മാറിക്കഴിഞ്ഞു.