ണ്ടൊക്കെ തറവാട് വീടുകളുടെ മുറ്റത്തിനരികില്‍ അലങ്കരിച്ചിരുന്ന സസ്യമായിരുന്നു പനിക്കൂര്‍ക്ക. കുട്ടികള്‍ക്ക് ഒരു മൃതസഞ്ജീവനിപോലെ എല്ലാരോഗത്തിനുമുള്ള ഒറ്റമൂലിയായിരുന്നു അത്. പനിക്കും ജലദോഷത്തിനും കഫക്കെട്ടിനും ചുമയ്ക്കും നീര്‍ക്കെട്ടിനും വയറുവേദനയ്ക്കും ഗ്രഹണിരോഗത്തിനും പ്രതിവിധിയായിരുന്നു പനിക്കൂര്‍ക്ക. ദഹനശക്തിക്കും ഉപയോഗിച്ചിരുന്നു. കുട്ടികളിലുണ്ടാകുന്ന മിക്ക ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പ്രതിവിധികൂടിയാണ് ഈ സസ്യം.

മലയാളികള്‍ കഞ്ഞിക്കൂര്‍ക്ക എന്ന് വിവക്ഷിക്കുന്ന ഇതിന് സംസ്‌കൃതത്തില്‍ പാഷാണമേദം, പര്‍ണയവനി, പാഷാണഭേദി എന്നിങ്ങനെയും ഹിന്ദി, ബംഗാളിഭാഷകളില്‍ പഥര്‍ചൂര്‍ എന്നും തമിഴില്‍ കര്‍പ്പൂരവല്ലിയെന്നും പറഞ്ഞുവരുന്നു. ഇന്ത്യന്‍ റോക്ക് ഫോയിലെന്ന് ആംഗലേയത്തില്‍ പറയുന്ന ഇത് അഡ്‌ജെറാന്‍ എന്നും അറിയപ്പെടുന്നുണ്ട്. 

പ്ലാനേറ്റേ സാമ്രാജ്യത്തിലെ പ്ലെക്ട്രാന്തസ് ജനുസ്സില്‍പ്പെട്ട ലാമിയേസിയേ കുടുംബക്കാരനാണ്  കോളിയസ് അരോമാറ്റിക്കസ് എന്ന ശാസ്ത്രനാമമുള്ള നമ്മുടെ പനിക്കുര്‍ക്ക. ഏകദേശം 30-40 സെമീ ഉയരത്തിനപ്പുറത്തേക്ക് വളരാത്ത, കുറഞ്ഞ തോതില്‍ പടര്‍ന്നു വളരുന്ന സ്വഭാവം കാണിക്കുന്ന വര്‍ഷം മുഴുവന്‍ നിലനില്‍ക്കുന്ന ഔഷധിയാണിത്. ഇലകളിലും തണ്ടിലും നിറയെ നേരത്ത ലോമികകള്‍ കണ്ടുവരുന്നു.

അധികവും ലൗ ചിഹ്നത്തിന്റെ ആകൃതിയിലാണ് ഇലകള്‍ കണ്ടുവരുന്നത്. ചുരുക്കം ചിലയിടങ്ങളില്‍ വൃത്താകാരവും കാണാറുണ്ട്. ഇലകള്‍ക്ക് 8 സെമീ നീളവും 5 സെന്റീ മീറ്ററില്‍ കൂടുതല്‍ വീതിയുമുണ്ടാകും. അനവധി ശാഖകളായി പൊട്ടിപ്പൊട്ടിയാണ് വളരുക. ശാഖകളുടെ അറ്റത്ത് പൂക്കള്‍ കുലകളായി കാണപ്പെടുന്നു. ചെറിയ പൂക്കള്‍ക്ക് പര്‍പ്പിള്‍ നിറമായിരിക്കും. ചെടിയുടെ ഇളംതലകളാണ് നുള്ളിയെടുത്ത് ഉപയോഗിക്കുന്നത്. തലനുള്ളിക്കഴിഞ്ഞാല്‍ ഇലകള്‍ക്കിടയില്‍നിന്ന് പുതു തലകള്‍ ഉണ്ടായിവരും. തണ്ടും ഇലകളുമാണ് ഔഷധമായി ഉപയോഗിക്കുന്നത്.

പണ്ട് നമ്മുടെ വീട്ടുവളപ്പിലെ  പ്രധാന ഔഷധസസ്യമായിരുന്ന കഞ്ഞിക്കൂര്‍ക്കയുടെ  ആയുര്‍വേദപരവും ശാസ്ത്രീയവും വ്യാവസായികവുമായുമുള്ള മൂല്യങ്ങള്‍ മനസ്സിലാക്കിയ കാര്‍ഷികലോകം അതിനെ വ്യാവസായികമായി കൃഷിചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ദേശീയ മിഷന്‍ ഫോര്‍ മെഡിസിനല്‍ പ്ലാന്റ്‌സിന്റെ സഹായത്തോടെയാണിതിന് തുടക്കം.

 കൃഷിരീതി
 
നമ്മുടെ പുരയിടങ്ങളില്‍ തണ്ടുകള്‍ ഒടിച്ചു നട്ടാണ് പുതിയത് മുളപ്പിക്കുന്നത്‌.  ചെടിയുടെ തണ്ടുകള്‍ക്ക് വെള്ളകലര്‍ന്ന പച്ചനിറമോ പര്‍പ്പിള്‍ നിറം കലര്‍ന്ന പച്ചനിറമോ ആയിരിക്കും. ചാണകവും ഗോമൂത്രം നേര്‍പ്പിച്ചതുമാണ് വളമായി നല്‍കാവുന്നത്. കടലപ്പിണ്ണാക്ക് കുതിര്‍ത്ത് നേര്‍പ്പിച്ചൊഴിച്ചുകൊടുക്കുന്നതും നല്ലതാണ്.

നന്നായി അടിവളം ചേര്‍ത്ത മണ്ണിലേക്ക് തണ്ടുകള്‍ പറിച്ചുനട്ട് വളര്‍ത്തിയെടുക്കാം. പറച്ചുനടുന്ന സ്ഥലത്ത് നല്ല സൂര്യപ്രകാശം ലഭിക്കണം. പതിനഞ്ചു ദിവസം കൂടുമ്പോള്‍ ചാണകപ്പൊടി അടിയില്‍ വിതറി മണ്ണ് കൂട്ടിക്കൊടുക്കാം. ചെടി തഴച്ചുവളരാന്‍ യൂറിയയും നല്‍കാറുണ്ട്. ചെടിയുടെ ചുവട്ടില്‍വെള്ളം കെട്ടിനില്‍ക്കരുത്. അങ്ങനെ നിന്നാല്‍ ചെടി മൊത്തം ചീഞ്ഞുപോവും. വേനല്‍ക്കാലത്ത് ഒരു ദിവസം ഇടവിട്ട് നനയ്ക്കാം. മഴക്കാലത്ത് വേരുപൊന്താതിരിക്കാന്‍ മുരട്ടില്‍ മണ്ണ് കൂട്ടിക്കൊടുക്കണം.

നല്ല പ്രതിരോധശേഷിയുള്ള ചെടിയാണ് പനിക്കൂര്‍ക്ക. എന്നാലും ചിലപ്പോള്‍ ചില ചെടികള്‍ക്ക് രോഗങ്ങള്‍ വരാറുണ്ട്.  കീടങ്ങള്‍ ഇവയെ സാധാരണഗതിയില്‍  ആക്രമിക്കാറില്ല. വേരുചീയലാണ് പ്രധാനമായും കണ്ടുവരുന്ന രോഗം. തടത്തില്‍ കൂടുതല്‍ വെള്ളം നിര്‍ത്താതിരിക്കലാണ് പ്രതിവിധി.
 
ഔഷധഗുണവും ഉപയോഗവും

കുട്ടികളുള്ള വീട്ടില്‍ ഒരു മുരട് പനിക്കൂര്‍ക്ക നിര്‍ബന്ധമായിരുന്നു. കാര്‍വക്രോള്‍ എന്ന രാസവസ്തുവുള്ള ബാഷ്പശീല തൈലമാണ് ഇതില്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത്. സിര്‍സിമാരിറ്റിന്‍, സിറ്റോസ്‌റ്റൈറോള്‍, ഗഌക്കോസൈഡ്, ഒലിയാനോലിക്, ഡിഹൈഡ്രോക്‌സി ഒലീന്‍, പാമോലിക്, ടോര്‍മെന്റിക്, ക്രേറ്റീജനിക് എന്നിവ ഇവയില്‍ അടങ്ങിയിരിക്കുന്നു. 

മൂത്രവിരേചിയായ ഇത് മൂത്രവസ്തിയെ ശുദ്ധമായി സംരക്ഷിക്കുന്നു. വെള്ളപോക്കിനെ ശമിപ്പിക്കാനും ഇത് സഹായകമാണ്. കുട്ടികള്‍ക്കുണ്ടാകുന്ന വിവിധരോഗങ്ങള്‍ക്ക് ശമനം നല്‍കുന്നതാണ് പനിക്കൂര്‍ക്കയുടെ ഇല. ഇതിന്റെ ഇല ചൂടാക്കി ഞെക്കിപ്പിഴിഞ്ഞെടുത്ത നീര് മൂന്നുനേരം മൂന്നുദിവസമായാണ് കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത്. വയറിളക്കാന്‍ ത്രിഫലയുടെ കൂടെ ഇതിന്റെ ഇല അരച്ചത് കഴിച്ചാല്‍ കൃമി മുഴുവനും പുറത്തുപോവും. 

ഗ്രഹണിരോഗത്തിന് മറ്റ് ആഹാരങ്ങളുടെ കൂടെ ഇതിന്റെ ഇല അല്പാല്പം ചേര്‍ത്ത് കഴിച്ചാല്‍ മതി.. പണ്ട്‌ കോളറ രോഗം ശമിക്കുന്നതിന് പനിക്കൂര്‍ക്കയുടെ ഇലചേര്‍ത്ത വെള്ളം തിളപ്പിച്ചാറ്റി കഴിക്കുമായിരുന്നു.

ലോകവ്യാപകമായി ഇതിന്റെ ഗുണങ്ങളെക്കുറിച്ച് ഒട്ടേറെ ഗവേഷണങ്ങള്‍ നടന്നുവരുന്നു. ആയുര്‍വേദത്തില്‍ വലിയ രാസ്‌നാദിക്കഷായം, വാകാദിതൈലം, ഗോപിചന്ദനാദിഗുളിക, പുളിലേഹ്യം എന്നിവയില്‍ പനിക്കൂര്‍ക്ക ചേര്‍ക്കാറുണ്ട്. ഇതിലടങ്ങിയിരിക്കുന്ന കാര്‍വക്രോള്‍ നല്ലൊരു ആന്റി ബയോട്ടിക്കാണ്. ഇനി മുതല്‍ പറിച്ചുമാറ്റിയ പനിക്കൂര്‍ക്ക നട്ടുവളര്‍ത്താന്‍ തുടങ്ങാം.