ഞ്ചിയും മഞ്ഞളും കൃഷിചെയ്യുന്നതുപോലെത്തന്നെ കേരളത്തില്‍ കച്ചോലവും കൃഷിചെയ്യാം. നല്ല നീര്‍വാര്‍ച്ചയും വളപ്പറ്റുമുള്ള എക്കല്‍മണ്ണും ജൈവാംശമുള്ള വെട്ടുകല്‍മണ്ണുമാണ് ഉത്തമം. എങ്കിലും ചാണകപ്പൊടി, എല്ലുപൊടി എന്നിവ അടിവളമായി ചേര്‍ത്ത് പരുവപ്പെടുത്തിയാല്‍ ഏതുമണ്ണിലും കച്ചോലം വളര്‍ത്താം.

വൈക്കോലോ കരിയിലയോ കൊണ്ട് തടങ്ങളില്‍ പുതയിടാനും നട്ടുകഴിഞ്ഞ് പച്ചച്ചാണകം വെള്ളത്തില്‍ കലക്കി നേര്‍പ്പിച്ച് തെളിയൂറ്റി തടങ്ങളില്‍ ഒഴിച്ചുകൊടുക്കാനും കഴിഞ്ഞാല്‍ നല്ലതാണ്. മാര്‍ച്ചുമാസം കിളച്ച് ഒരുക്കിയ സ്ഥലത്ത് വേനല്‍മഴ കിട്ടുന്നതോടെ മുളച്ച വിത്തുകഷണങ്ങള്‍ നടാം.

ഒരുമീറ്റര്‍ വീതിയും 25 സെന്റീമീറ്റര്‍ ഉയരവും സൗകര്യപ്രദമായ നീളവുമുള്ള വാരങ്ങളില്‍ വിത്തുകിഴങ്ങുകള്‍ പാകണം. 20 സെന്റീമീറ്റര്‍ അകലത്തില്‍ ചെറിയ കൈക്കുഴികളെടുത്ത് മുള മുകളിലേക്കാക്കി നടണം. വിത്ത് 4-5 സെന്റീമീറ്ററിലധികം താഴരുത്. ഒന്നരമാസത്തിലും മൂന്നുമാസത്തിലും കളകള്‍ നീക്കി ജൈവവളങ്ങള്‍ ചേര്‍ത്ത് മണ്ണണച്ചുകൊടുക്കണം. തെങ്ങിന്‍തോപ്പില്‍ ഇടവിളയായും കച്ചോലം ആദായകരമായി വളര്‍ത്താം.

Medicinal Plants

തടങ്ങളില്‍ പുതയിടല്‍ പ്രധാനമാണ്. തടത്തില്‍ വെള്ളംകെട്ടരുത്. നട്ട് ഏഴുമാസം മതി വിളവെടുക്കാന്‍. ഇലകള്‍ ഉണങ്ങാന്‍തുടങ്ങിയാല്‍ ചുവട്ടിലെ കിഴങ്ങുകള്‍ക്കു കേടുപറ്റാതെ ഇളക്കി ഇലയും വേരുകളും നീക്കി കഴുകിയുണക്കി മൂര്‍ച്ചയുള്ള കത്തികൊണ്ട് അറ്റമൊഴികെ വട്ടത്തില്‍ ഒരേകനത്തില്‍ കഷണങ്ങളായി അരിയുക.

ഇവ വൃത്തിയുള്ളിടത്ത് ഒരേകനത്തില്‍ നിരത്തി നാലുദിവസം ഉണക്കണം. തുടര്‍ന്ന് വൃത്തിയാക്കി ചാക്കുകളിലാക്കി ഈര്‍പ്പംതട്ടാതെ സൂക്ഷിക്കാം. സാധാരണമായി നാടന്‍ ഇനങ്ങളാണ് കൃഷിചെയ്യുക പതിവെങ്കിലും ഇപ്പോള്‍ കേരള കാര്‍ഷിക സര്‍വകലാശാല കണ്ടെത്തിയ രണ്ടു മികച്ച പുതിയ ഇനങ്ങളും രംഗത്തുണ്ട് -രജനി, കസ്തൂരി എന്നിങ്ങനെയാണ് പേര്.

സംസ്‌കരിച്ച കച്ചോലത്തിന് നാട്ടിലും മറുനാട്ടിലും നല്ല ഡിമാന്‍ഡാണ്. പ്രത്യേകിച്ച് അറബ് നാടുകളില്‍. ദശമൂലാരിഷ്ടം, വലിയാരാസ്‌നാദി കഷായം, അഗസ്ത്യരസായനം, വലിയനാരായണതൈലം തുടങ്ങി ഒട്ടേറെ ആയുര്‍വേദമരുന്നുകളില്‍ ചേരുവയായതിനാല്‍ കച്ചോലത്തിന് ഇവിടത്തെ വിവിധ ആയുര്‍വേദ ഔഷധ നിര്‍മാതാക്കള്‍ക്കും നിരന്തരം ആവശ്യമുണ്ട്.

വീട്ടാവശ്യത്തിന് ചെറിയതോതിലും വാണിജ്യകൃഷിക്ക് ഏതെങ്കിലും ആയുര്‍വേദഔഷധസ്ഥാപനവുമായി ധാരണയിലായും കൃഷിചെയ്യാവുന്നതേയുള്ളൂ.

തയ്യാറാക്കിയത്: സുരേഷ് മുതുകുളം

Content Highlights: Medicinal Plant Kacholam (Aromatic Ginger)