കൊടിത്തൂവ എന്നു കേട്ടാല്‍ത്തന്നെ ചൊറിച്ചിലാണ് ദേഹമാസകലം അനുഭവപ്പെടുക. അപ്പോള്‍പ്പിന്നെ തൂവയെ ഭക്ഷണമാക്കാമെന്ന് പറഞ്ഞാല്‍ പുതിയ തലമുറ മൊത്തം കടിച്ചുകീറാന്‍ വരും. തൂവയുടെ ഇനത്തില്‍പ്പെട്ട മുള്ളന്‍തൂവയെന്ന മുളച്ചുപൊന്തി നമ്മുടെ കറിയിനത്തില്‍ പ്രമുഖമായിരുന്നു. മുള്ളന്‍തുവ നെയ്ക്കുന്‍പ്പ, തഴുതാമ , പൊന്നാംകണ്ണി,  ചെറൂള, കൊഴുപ്പ... എന്നിങ്ങനെയുള്ള നാടന്‍ മുളച്ചുപൊന്തികള്‍. അവയില്‍ കൊടിത്തൂവ കുടുംബക്കാരനായ മുള്ളന്‍ തുവയെ പരിചയപ്പെടാം.

തൊട്ടാല്‍ ചൊറിച്ചിലുണ്ടാകുന്നതിനാല്‍ ഇതിന് സംസ്‌കൃതത്തില്‍ ദുരാലഭാ, ദുസ്പര്‍ശ എന്നിങ്ങനെ പറയപ്പെടുന്നു. കൊടിത്തൂവ ചുറ്റിക്കയറുന്ന വള്ളിയിനമാണെങ്കില്‍ ഇത് നിലത്തുനിന്ന് ഏറിയാല്‍ ഒരു മീറ്റര്‍ വരെ മാത്രം ഉയരം വെക്കുന്ന ശാഖകള്‍ ഇല്ലാത്ത കാണ്ഡത്തില്‍ നിന്ന് നേരിട്ട് ഇലമുളയ്ക്കുന്ന ഇനമാണ്. ഇവയുടെ ഇലകള്‍ കൊടിത്തൂവയെപ്പോലെ വട്ടത്തിലാണ്‌. എന്നാല്‍ കൂറേക്കൂടി വിസ്താരം കാണപ്പെടുന്നു. ഇലയുടെ വക്രങ്ങള്‍ ദന്തുരമായിരിക്കും ഇലയിലും തണ്ടിലും നിറച്ചും രോമങ്ങള്‍ കണ്ടുവരുന്നു. എന്നാല്‍ കൊടിത്തൂവയ്ക്ക്‌ ഇളം പച്ചനിറമാണെങ്കില്‍ മുള്ളന്‍തൂവയ്ക്ക് കടുംപച്ചനിറവും ഇലകളില്‍ നിറഞ്ഞിരിക്കുന്ന എണ്ണയുടെ സാന്നിധ്യം കാരണം നല്ല മിനുമിനുപ്പും ഉണ്ടാകും. കൊടിത്തൂവയെപ്പോലെ തന്നെ തൊട്ടാല്‍ ചൊറിയും. 

medicinalplant

യുട്രികേസ്യെ കുടുംബത്തിലെ ലെപ്പോര്‍ഷ്യെ ഇന്ററപ്റ്റ് എന്ന ഇനത്തില്‍പ്പെട്ട മുള്ളന്‍തൂവ കേരളത്തിലുടനിളം മഴക്കാലത്ത് നൈസര്‍ഗികമായി മുളച്ച് വളരുന്നു. ഇതിന്റെ തളിരിലകള്‍ കറിവെക്കാനും ഉപ്പേരിയുണ്ടാക്കാനും നാം ഉപയോഗിച്ചുവരുന്നു. 

ഒരുചെടിയില്‍ത്തന്നെ കുലകളായി ആണ്‍പൂക്കളും പെണ്‍പൂക്കളും ഉണ്ടാകുന്നു. ചെറിയ പീതവര്‍ണത്തിലുണ്ടാകുന്ന പൂക്കളില്‍ നിന്ന് കായകള്‍ ഉണ്ടാകുകയും അവയിലുണ്ടാകുന്ന അണ്ഡാകൃതിയിലുള്ള വിത്തുകള്‍  മണ്ണില്‍ നിക്ഷേപിക്കപ്പെട്ട് മഴക്കാലങ്ങളില്‍ മുളയ്ക്കുകയുമാണ് ചെയ്തുവരുന്നത്. 

ആയുര്‍വേദത്തില്‍ മൂലക്കുരുവിനുള്ള ഉത്തമ ഔഷധമായാണ് മുള്ളന്‍തുവ ഗണിച്ചുവരുന്നത്‌. കൊടിത്തൂവ കൊണ്ടുണ്ടാക്കുന്ന ദുരുലഭാരിഷ്ടം അര്‍ശ്ശസിന് നല്ല മരുന്നാണ്. തലചുറ്റലിനും പനിക്കും പ്രമേഹത്തിന്റെ നിയന്ത്രണത്തിനും മുള്ളന്‍തൂവ ഭക്ഷണമാക്കുന്നത് നല്ലതാണ്. ശ്വാസകോശരോഗങ്ങള്‍ക്കും മലബന്ധം അകറ്റാനും ഇത് ഉപയോഗിച്ചുവരുന്നു.  

നമ്മുടെ പറമ്പിലും വഴിയോരങ്ങളിലും മുളച്ചുപൊന്തി വളരുന്ന മുള്ളന്‍തുവയെ പഴമക്കാര്‍ കറിയായും ഉപ്പേരിയായും അകത്താക്കിയതിന്റെ രഹസ്യം ഇതാണ്. നമുക്കും മുള്ളന്‍ തുവയുടെ രുചിയറിയാം.