പറമ്പുകളിലും കുറ്റിക്കാടുകളിലുമൊക്കെ വ്യാപകമായി കണ്ടിരുന്ന മത്തിപ്പുളി ഇന്ന് അപൂര്‍വമാണ്. ഇതിന്റെ ഒട്ടേറെ  ഔഷധഗുണങ്ങള്‍ ഇപ്പോള്‍ വെളിപ്പെട്ടിട്ടുണ്ട്. മത്തിപ്പുളിയുടെ പുളിരസമുള്ള പുറമിതള്‍ മീന്‍കറിയില്‍ പുളിക്ക് പകരം ചേര്‍ത്തിരുന്നു. മൂന്നു മീറ്റര്‍വരെ ഉയരം വെക്കുന്നതാണ് ഈ ചെടി. കായ് മൂത്ത് താനെ പൊട്ടി പുറത്തുവരുന്ന വിത്ത് വീണാണിത് മുളയ്ക്കുന്നത്.

മത്തിപ്പുളിമാംസളമായ പൂക്കളുടെ പുറമിതളിന് നല്ല ചുവപ്പ് നിറമാണ്. പഞ്ചാബിലെ 'ഐ.എസ്.എഫ്. കോളേജ് ഓഫ് ഫാര്‍മസിയില്‍' മത്തിപ്പുളിയുടെ ഔഷധമേന്മകളെക്കുറിച്ച് പഠനം നടന്നു. 

ജേണല്‍ ഓഫ് ന്യൂട്രിഷന്‍, ജേര്‍ണല്‍ ഓഫ് എത്തനോഫാര്‍മക്കോളജി, കറണ്ട് മെഡിസിനല്‍ കെമിസ്ട്രി തുടങ്ങിയ ജേണലുകളില്‍ മത്തിപ്പുളിയുടെ മേന്മകളെക്കുറിച്ച് പഠനറിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദം, കൊഴുപ്പുകോശങ്ങളുടെ രൂപംകൊള്ളല്‍ എന്നിവ തടയാന്‍ മത്തിപ്പുളിയിലെ ഘടകങ്ങള്‍ക്കാവുമെന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തിയത്. കാന്‍സറിനെ പ്രതിരോധിക്കുന്ന ഘടകങ്ങളും കരളിന്റെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുന്നവയും മത്തിപ്പുളിയില്‍നിന്ന് വേര്‍തിരിച്ചു. ബീജത്തിന്റെ ചലനശേഷി മെച്ചപ്പെടുത്താന്‍ ഇതിന്റെ സത്തിനാവുമെന്നാണ് മറ്റൊരു കണ്ടെത്തല്‍.