'നാട്ടിന്‍പുറത്ത് പറമ്പുകളിലൊക്കെ മിക്കവാറും കണ്ടിരുന്ന ഒരു മരമാണ് കൊട്ടക്ക മരം. ആരും കാര്യമായി ശ്രദ്ധിക്കാത്ത ഈ വൃക്ഷത്തിന്റെ കുരു ഞങ്ങളൊക്കെ ചെറുപ്പകാലത്ത് വറുത്ത് പൊടിച്ച് കഴിക്കാറുണ്ടായിരുന്നു. ബദാംപരിപ്പ് പോലെത്തന്നെയാണ് ഇതിന്റെ കുരു. ഫെയ്‌സ്ബുക്കില്‍ ഈ മരത്തിന്റെ പടം കണ്ട് അറുന്നൂറോളം വായനക്കാര്‍ വിത്തിനായി എന്നെ സമീപിച്ചിരുന്നു. ഈ മരത്തിന്റെ കുരുവില്‍ നിന്നുണ്ടാക്കുന്ന രാസപദാര്‍ഥത്തിന് കൊതുകിന്റെ കൂത്താടിയെ നശിപ്പിക്കാനുള്ള കഴിവുണ്ട്' , സുരേന്ദ്രന്‍ മാസ്റ്റര്‍ ഇവിടെ പരിചയപ്പെടുത്തുന്നത് വംശനാശ ഭീഷണി നേരിടുന്ന ഒരു വൃക്ഷത്തെയാണ്. 

കണ്ണൂര്‍ ജില്ലയിലെ കവിയൂരിലെ പാറക്കണ്ടി മാപ്പിള സ്‌കൂളില്‍ നിന്ന് പ്രധാനാധ്യാപകനായി വിരമിച്ച സുരേന്ദ്രന്റെ വീട്ടുപറമ്പിലാണ് ഈ വൃക്ഷമുള്ളത്. പുറമേരി വേട്ടക്കൊരു മകന്‍ ക്ഷേത്രത്തിന്റെ സമീപമാണ് മാസ്റ്ററുടെ വീട്. 'പീനാറി, പൊട്ടക്കാവളം, തൊണ്ടി, കൈതൊണ്ടി എന്നീ പേരുകളിലൊക്കെ ഈ വൃക്ഷം അറിയപ്പെടുന്നു. മാല്‍വേസി സസ്യ കുടുംബത്തില്‍പ്പെടുന്ന ചെടിയാണിത്. 20 മീറ്റര്‍ വരെ ഉയരമുണ്ടാകും. പശ്ചിമ ഘട്ടത്തിലാണ് ഈ മരം സാധാരണയായി കണ്ടുവരുന്നത്. ഇലകള്‍ വട്ടത്തിലോ ഹൃദയാകൃതിയിലോ ആയിരിക്കും.' സുരേന്ദ്രന്‍ കൊട്ടക്ക മരത്തെക്കുറിച്ചുള്ള അറിവുകള്‍ പങ്കുവെക്കുന്നു.

kottakkaഭംഗിയുള്ള പൂക്കളും കായ്കളും ഈ മരത്തിന്റെ പ്രത്യേകതയാണ്. ആണ്‍പൂക്കളാണ് പ്രധാനമായും ഉണ്ടാകുന്നത്. പൂക്കളുടെ ദളങ്ങളുടെ ഉള്‍ഭാഗം പര്‍പ്പിള്‍ കലര്‍ന്ന നിറത്തിലും പൂക്കള്‍ മഞ്ഞ നിറത്തിലുമാണ് കാണപ്പെടുന്നത്. കായയുടെ പുറംഭാഗം വെല്‍വെറ്റ് പോലെ കാണപ്പെടുന്നു.സമുദ്രനിരപ്പില്‍ നിന്നും 900 മീറ്റര്‍ ഉയരമുള്ള പ്രദേശങ്ങളില്‍ സമൃദ്ധമായി വളരുന്നു. 

ഈ വൃക്ഷത്തിന്റെ തടി ഉപയോഗിച്ച് കളിപ്പാട്ടങ്ങളും പായ്ക്കിങ് പെട്ടികളും നിര്‍മിക്കുന്നുണ്ട്. മരത്തൊലിയില്‍ നിന്ന് ഒരിനം നാരും ' കതിരഗം'  എന്നറിയപ്പെടുന്ന പശയും ലഭിക്കുന്നു. ഈ പശ തൊണ്ടവേദനയ്ക്ക് ഉത്തമ ഔഷധമാണെന്ന സുരേന്ദ്രന്‍ മാസ്റ്റര്‍ പറയുന്നു. 

kottakka'നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന പല മരങ്ങളും അടുത്ത തലമുറയ്ക്ക് അന്യമാകുന്ന അവസ്ഥയിലേക്കാണ് പോകുന്നത്. 'ഒരു കാല് മുടന്തി'  എന്നൊരു ചെടിയുണ്ട്. റോഡരികിലൊക്കെ പാഴ്‌ച്ചെടിയായി കണ്ടുവരുന്നു. വാതരോഗത്തിനും പൈല്‍സിനുമൊക്കെ പ്രതിവിധിയാണ് ഈ ചെടി. അതുപോലെ തന്നെ 'പൂച്ച മയക്കി ' എന്ന പേരുള്ള മറ്റൊരു ചെടിയുണ്ട്. ഇതൊന്നും തന്നെ ഇന്നത്തെ തലമുറയ്ക്ക് പരിചിതമായിരിക്കില്ല.' ഇത്തരം ചെടികള്‍ നശിപ്പിക്കപ്പെടാതിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് മാസ്‌ററര്‍ വ്യക്തമാക്കുന്നത്. 

ഒരു കാലത്ത് വീട്ടുപറമ്പില്‍ സജീവമായി പച്ചക്കറികള്‍ കൃഷി ചെയ്തിരുന്ന മാസ്റ്റര്‍ കാലിന് അസുഖം ബാധിച്ചതോടെ പറമ്പിലേക്കിറങ്ങാതെയായി. എന്നാലും നിത്യ വഴുതന,വഴുതന, പച്ചമുളക് തുടങ്ങിയവയൊക്കെ പറമ്പില്‍ ഇന്നുമുണ്ട്.

Contact number: 94460 67357