സുനാമിത്തിരമാലകള്‍ ആന്‍ഡമാന്‍ തീരത്തുനിന്നു തുടച്ചുനീക്കിയ 'പൈപ്പര്‍ സാര്‍മെന്റൊസം' എന്നയിനം ചെടിയെ അവിടെ നട്ടുപിടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കേരള സര്‍വകലാശാലയുടെ സസ്യശാസ്ത്ര വകുപ്പ്. ഇന്ത്യയുടെ മരതകദ്വീപുകള്‍ക്ക് ഒന്നുകൂടി ഹരിതഭംഗി പകരും ഈ ചെടികള്‍. വെറ്റിലയും കുരുമുളകും തിപ്പലിയും ഉള്‍പ്പെടുന്ന പൈപ്പര്‍ ജനുസില്‍പ്പെട്ടതാണ് പൈപ്പര്‍ സാര്‍മെന്റൊസം എന്ന ശാസ്ത്രനാമമുള്ള ചെടി.

വൈല്‍ഡ് ബീറ്റല്‍, വൈല്‍ഡ് പെപ്പര്‍ എന്നൊക്കെ ഇംഗ്ലീഷില്‍ പറയുമെങ്കിലും കാട്ടുവെറ്റിലയെന്നോ കാട്ടുകുരുമുളകെന്നോ വിളിക്കാന്‍ മലയാളികള്‍ മടിച്ചേക്കും. കാരണം, നമുക്കു പരിചയമുള്ള തിപ്പലിയോടാണ് ഈ ചെടിക്കു കൂടുതല്‍ സാമ്യം. ചൈനയുടെ തെക്കന്‍ ഭാഗങ്ങളിലും തെക്കുകിഴക്കേഷ്യന്‍ രാജ്യങ്ങളിലും ഈ ചെടി സാധാരണം. 

ഇന്ത്യയില്‍ ആദ്യമായി ഇതിനെ കണ്ടെത്തിയത് തെക്കന്‍ ആന്‍ഡമാനില്‍, മൗണ്ട് ഹാരിയറ്റ് ദേശീയ പാര്‍ക്കിലെ നോര്‍ത്ത് ബേയിലാണ്. പാലോട് ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡനിലെ ശാസ്ത്രജ്ഞനായ ഡോ. സാം പി.മാത്യു 1990-കളില്‍ ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളിലെ സസ്യങ്ങളെപ്പറ്റി ഗവേഷണം നടത്തവെയാണ് അതു കണ്ടെത്തിയത്. അക്കാര്യം 2004-ലെ കറന്റ് സയന്‍സ് എന്ന ജേണലില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. തിപ്പലി എന്നു തോന്നിച്ച ഈ സസ്യം പൈപ്പര്‍ സാര്‍മെന്റൊസം ആണെന്ന് ഗവേഷണങ്ങളിലൂടെ മനസ്സിലായി.

കാത്തുസൂക്ഷിച്ചതില്‍നിന്ന്....

അക്കാലത്ത് ഗവേഷകര്‍ അവരുടെ സങ്കേതങ്ങളില്‍ ഇത് അല്പം നട്ടുപിടിപ്പിച്ചത് ആശ്വാസമായി. 2004 ഡിസംബറിലെ സുനാമി ആന്‍ഡമാന്‍ തീരത്ത് ഈ ചെടികളെ പാടേ ഇല്ലാതാക്കി. ഇപ്പോള്‍ പോര്‍ട്ട് ബ്ലെയറിലെ ബൊട്ടാണിക് സര്‍വേ ഓഫ് ഇന്ത്യയിലും പാലോട്ടെ ബൊട്ടാണിക് ഗാര്‍ഡനിലും കാര്യവട്ടം കാമ്പസിലെ സസ്യശാസ്ത്ര വകുപ്പിലും ഈ ചെടിയുണ്ട്.

കേരള സര്‍വകലാശാല പുതുതായി തുടങ്ങിയ ജൈവവൈവിധ്യ സംരക്ഷണകേന്ദ്രത്തില്‍ (സെന്റര്‍ ഫോര്‍ ബയോഡൈവേഴ്സിറ്റി കണ്‍സര്‍വേഷന്‍) ഈ ചെടിയെയും ഉള്‍പ്പെടുത്തി. സാം പി.മാത്യുവിന്റെയും സസ്യശാസ്ത്ര വകുപ്പ് പ്രൊഫസറും മേല്പറഞ്ഞ കേന്ദ്രത്തിന്റെ ഓണററി ഡയറക്ടറുമായ ഡോ. എ.ഗംഗാപ്രസാദിന്റെയും നേതൃത്വത്തിലാണ് ഈ ചെടിയെ സംരക്ഷിക്കാന്‍ പദ്ധതി തയ്യാറാക്കിയത്. അവരുടെ മാര്‍ഗനിര്‍ദേശങ്ങളോടെ ഈ ചെടിയെപ്പറ്റിയുള്ള ഗവേഷണം എസ്.സ്റ്റെഫിന്‍ എന്ന വിദ്യാര്‍ഥിനിയെ ഏല്പിച്ചു. 

അതിന്റെ ഭാഗമായി ഈ ചെടിയുടെ ടിഷ്യൂകള്‍ച്ചര്‍ തൈകള്‍ ഉത്പാദിപ്പിക്കാനും ഈ ചെടിയിലെ ഘടകപദാര്‍ഥങ്ങളും അവയുടെ ഔഷധമൂല്യവും കണ്ടെത്താനും കഴിഞ്ഞു. പൂന്തുറയിലെ മത്സ്യത്തൊഴിലാളി കുടുംബത്തില്‍നിന്നുവന്ന ആ വിദ്യാര്‍ഥിനിക്ക് ആ ഗവേഷണഫലമായി അടുത്തിടെ പിഎച്ച്.ഡി. ലഭിച്ചിരുന്നു.

പ്രയോജനം കേരളത്തിനും

പൈപ്പര്‍ സാര്‍മെന്റൊസം ആന്‍ഡമാന്‍ തീരത്ത് അവിടത്തെ അധികാരികളുടെ സഹകരണത്തോടെ നട്ടുപിടിപ്പിക്കാനാണ് ഉദ്ദേശ്യം. കേരളത്തിലും ഈ ഔഷധസസ്യം നന്നായി വളരും. തെങ്ങിന്‍ തോപ്പുകളില്‍, പ്രത്യേകിച്ച് തീരദേശത്ത് ഇത് ഇടവിളയാക്കാം. പല ആയുര്‍വേദ ഔഷധങ്ങളിലുമുള്ള തിപ്പലിക്കു പകരമായി ഇതുപയോഗിക്കാന്‍ കഴിഞ്ഞേക്കും. തിപ്പലിക്കായേക്കാള്‍ ഇതിന്റെ കായ് വലുതാണ്.

തെക്കുകിഴക്കേഷ്യന്‍ ജനങ്ങള്‍ കറികളിലും പലഹാരങ്ങളിലും പൈപ്പര്‍ സാര്‍മെന്റൊസം ഇലകള്‍ ചേര്‍ക്കാറുണ്ട്. അവര്‍ക്ക് പല അസുഖങ്ങള്‍ക്കും ഈ ചെടി മരുന്നുമാണ്. അര്‍ബുദത്തിനുള്ള പ്രതിവിധികളിലൊന്നായി ശാസ്ത്രം മുന്നോട്ടുവെയ്ക്കുന്ന മിരിസ്റ്റിസിന്‍ എന്ന ഘടകം തിപ്പലിയിലുള്ളതിലും കൂടുതല്‍ പൈപ്പര്‍ സാര്‍മെന്റൊസത്തിലുണ്ട്.

Content highlights: Kerala University is preparing to plant Piper sarmentosum in Andaman islands