പ്രഖ്യാപനങ്ങളും പദ്ധതികളും ഒട്ടേറെയുണ്ടായിട്ടും കേരളത്തിലെ ഔഷധസസ്യമേഖല തളര്‍ച്ചയിലേക്ക്. സംസ്ഥാനത്ത് 700-ഓളം ആയുര്‍വേദ ഔഷധനിര്‍മാണ ഫാക്ടറികള്‍ക്ക് ആവശ്യമായ ഔഷധസസ്യങ്ങള്‍ കിട്ടുന്നില്ല. പല മരുന്നുകളിലും കൃത്യമായ ഔഷധചേരുവകളില്ലെന്ന പരാതിയും വ്യാപകം.

ചേരുവകള്‍ കൃത്യമായി പരിശോധിക്കാനുള്ള സംവിധാനവും നിലവിലില്ല. ആദിവാസികളാണ് പലപ്പോഴും വനങ്ങളില്‍നിന്നും മറ്റും ഔഷധസസ്യങ്ങള്‍ ശേഖരിച്ചുനല്‍കുന്നത്. ഇതിന്റെപേരില്‍ കടുത്ത ചൂഷണവും നടക്കുന്നു. കിലോവിന് 10 രൂപയാണ് കുറുന്തോട്ടിക്ക് കിട്ടുക. മരുന്നുകമ്പനികള്‍ കിലോയ്ക്ക് 140 രൂപവെച്ചു നല്‍കും. ബാക്കി പണം ഇടനിലക്കാര്‍ കൊണ്ടുപോകും.

സംസ്ഥാനത്ത് 1500 കോടി രൂപയുടെ ഔഷധവ്യാപാരമാണ് നടക്കുന്നത്. ഇതില്‍ 30 മുതല്‍ 40 ശതമാനംവരെ ഔഷധസസ്യങ്ങളുടെ മൂല്യമാണ്. അമൂല്യമായ പച്ചമരുന്നുകള്‍ക്ക് കടുത്തക്ഷാമവും വന്‍വിലയുമാണ്. ഓരില, മൂവില, പയ്യാനി, കാതിരിവേര്, കൂവളം, കുമിഴ്, കൊടുത്തൂവ എന്നിവയൊന്നും കിട്ടാനില്ല.

പൂവാംകുരുന്നില, കൈയോന്നി, മുക്കുറ്റി, തിരുതാളി, നിലപ്പന, വിഷ്ണുക്രാന്തി, മുയല്‍ചെവിയന്‍ തുടങ്ങിയവയും അന്യംനിന്നു. ഇതിന് പരിഹാരം കാണാന്‍ ഔഷധസസ്യബോര്‍ഡിന് കഴിയുന്നില്ല. അതുകൊണ്ടുതന്നെ പല ഔഷധങ്ങളിലും വിധിപ്രകാരമുള്ള മരുന്നുകള്‍ ചേരുന്നില്ലെന്ന പരാതിയുണ്ട്.

ഔഷധമേഖലയ്ക്കുമാത്രം ഏകദേശം 1200 ടണ്‍ കുറുന്തോട്ടിവേണം. സംസ്ഥാനസര്‍ക്കാരിന്റെ കീഴിലുള്ള 'ഔഷധി'മാത്രം 150 ടണ്‍ കുറുന്തോട്ടി വാങ്ങുന്നുണ്ട്. തളിപ്പറമ്പില്‍ 80 ഏക്കറില്‍ കുറന്തോട്ടിമാത്രം കൃഷിചെയ്യുന്നതിനുള്ള പദ്ധതിക്ക് രൂപംകൊടുത്തുകഴിഞ്ഞു.

ചടങ്ങുപോലെ ബോര്‍ഡുകള്‍

ദേശിയ ഔഷധസസ്യ ബോര്‍ഡിന്റെയും സംസ്ഥാന ബോര്‍ഡിന്റെയും പ്രവര്‍ത്തനങ്ങള്‍ പലതും പാതിവഴിക്കാണ്. അഞ്ചുവര്‍ഷംമുമ്പ് ദേശീയ ഔഷധസസ്യ ബോര്‍ഡിന്റെ സഹായത്തോടെ 10.36 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു. ഇതില്‍ 1.25 കോടിയുടെ പദ്ധതിമാത്രമേ തുടങ്ങിയുള്ളൂ. അതും വിജയിച്ചില്ല. 

തിരുവനന്തപുരത്തെ അഗസ്ത്യവനത്തില്‍ ആദിവാസിമേഖലയില്‍ ഔഷധകൃഷി നടത്താന്‍ 2017-ല്‍ ജില്ലാ ഭരണകൂടം പദ്ധതി തയ്യാറാക്കി. ശതാവരി, കസ്തൂരി മഞ്ഞള്‍, തിപ്പലി, കറ്റാര്‍വാഴ തുടങ്ങിയവ കൃഷിചെയ്യാനായിരുന്നു പദ്ധതി. എന്നാല്‍, വിജയിച്ചില്ല.

Content Highlights: Kerala needs 1200 tonnes of Kurunthotti