ണ്ണൂര്‍ നഗരമധ്യത്തില്‍ ഔഷധച്ചെടികളുടെ കലവറയൊരുക്കുകയാണ് കക്കാട് റോഡിലെ ദമ്പതിമാര്‍. ഔഷധസസ്യങ്ങളെക്കുറിച്ചും അവയുടെ ഉപയോഗത്തെക്കുറിച്ചും ജനിച്ചനാള്‍ തൊട്ട് കേട്ടുവളര്‍ന്ന രജീവും ഭാര്യ കവിതയുമാണ് അപൂര്‍വങ്ങളായ ഔഷധച്ചെടികള്‍ ശേഖരിച്ച് പരിപാലിക്കുന്നത്. ഔഷധ ചെടികള്‍ വരുംതലമുറയെ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യവും ഇവര്‍ക്കുണ്ട്.

കണ്ണൂര്‍ കക്കാട്ടെ ജില്ലാ ഹോമിയോ ആസ്പത്രിക്ക് സമീപത്തെ പഴയ വീടിനുചുറ്റും മണ്‍ചട്ടിയില്‍ 268 ഇനം ചെടികളാണ് രജീവും കവിതയും നട്ടുവളര്‍ത്തുന്നത്. ഒരുകാലത്തെ പ്രശസ്തനായ മരക്കാര്‍കണ്ടി വൈദ്യര്‍ എന്നറിയപ്പടുന്ന ശങ്കരന്‍ വൈദ്യരുടെ മകന്‍ അച്ഛന്റെ ഓര്‍മ നിലനിര്‍ത്തുകയാണ് ഔഷധത്തോട്ടത്തിലൂടെ. അച്ഛന്‍ ചികിത്സ നടത്തിയ ഓടിട്ട കെട്ടിടത്തിന് ചുറ്റുമാണ് ഔഷധത്തോട്ടം ഒരുക്കിയിരിക്കുന്നത്.

medicinal plant

മിക്ക അസുഖങ്ങള്‍ക്കുമുള്ള മരുന്നുചെടികള്‍ ഇവിടെയുണ്ട്. വെള്ളം കട്ടയാവുന്ന ജലസ്തംഭനി മുതല്‍ വാത-പിത്ത- കഫജന്യ രോഗങ്ങള്‍ക്കും മാറാവ്യാധികള്‍ക്കും ഉപയോഗിക്കുന്ന മരുന്നുചെടികള്‍ അവയുടെ പേരിനൊപ്പം ഉപയോഗവും ശാസ്ത്രീയനാമവും രേഖപ്പെടുത്തിയാണ് സംരക്ഷിക്കുന്നത്. അശ്വതി മുതല്‍ രേവതി വരെ നക്ഷത്രങ്ങളെ പ്രതിനിധാനം ചെയ്യുന്ന ചെടികളെ അവയുടെ ശാസ്ത്രീയനാമത്തോടെ വളര്‍ത്തുന്നു.

ജില്ലയ്ക്കകത്തും പുറത്തുനിന്നുമായി മാസങ്ങളുടെ പ്രയത്‌നഫലമായാണ് ചെടികള്‍ ശേഖരിച്ചതെന്ന് രജീവ് പറയുന്നു. പ്രഗല്ഭരായ ആയുര്‍വേദാചാര്യന്‍മാരുടെ ഉപദേശ നിര്‍ദേശവും രജീവിനുണ്ട്. ഭാര്യ കവിത കണ്ണിലെ കൃഷ്ണമണി പോലെ ഓരോ ചെടിയും നട്ടുനനച്ച് പരിപാലിക്കുന്നു. മകള്‍ എല്‍.കെ.ജി. വിദ്യാര്‍ഥിനി ശ്രീലക്ഷ്മി ഔഷധത്തോട്ടത്തിലെ സസ്യങ്ങളുടെ പേര് മനസ്സിനകത്ത് സൂക്ഷിച്ചുവെക്കാനുള്ള വ്യഗ്രതയിലാണ്.

സ്‌കൂള്‍ കുട്ടികള്‍ക്കും ഔഷധച്ചെടികളെക്കുറിച്ച് ഗവേഷണം നടത്തുന്നവര്‍ക്കും ഉപകരിക്കുന്ന തരത്തില്‍ തോട്ടത്തെ മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് ഈ ദമ്പതിമാര്‍.

Content Highlights: Kannur Couple Plants more 286 types of medicinal plants