തെങ്ങിന്‍തോപ്പുകളില്‍ ഇടവിളയായി കൃഷി ചെയ്യാന്‍ അനുയോജ്യമായ വിളയാണ് ഔഷധനെല്ലിനമായ ഞവര. രണ്ടു പതിറ്റാണ്ടു മുമ്പുവരെ കേരളത്തില്‍ ഞവരക്കൃഷി സാധാരണമായിരുന്നു. ഔഷധമൂല്യമേറെയുള്ള ഈ നെല്ലിനെക്കുറിച്ച് അഷ്ടാംഗഹൃദയത്തിലും സുശ്രുതസംഹിതയിലും പരാമര്‍ശമുണ്ട്. 

ഞവരയിലെ മാംസ്യത്തിന്റെ അളവ് സാധാരണ ചുവന്ന നെല്ലിനേക്കാള്‍ 17 ശതമാനം കൂടുതലും നാരുകളുടെ അളവ് 30 ശതമാനം കൂടുതലുമാണ്.

ഞവര ഇനങ്ങള്‍

വിത്തിന്റ പുറംതോടിന്റെ നിറമനുസരിച്ച് ഞവര രണ്ടുതരത്തിലുണ്ട്. കറുപ്പു നിറത്തിലും സ്വര്‍ണനിറത്തിലും. 

വടക്കന്‍ കേരളത്തില്‍ വ്യാപകമായി കൃഷി ചെയ്യുന്ന കറുത്ത ഞവരയ്ക്ക് രോഗപ്രതിരോധ ശക്തിയും വരള്‍ച്ചയെ അതിജീവിക്കുന്നതിനുള്ള കഴിവും കൂടുതലാണ്. കറുത്ത ഇനത്തിലാണ് ഔഷധ മൂല്യം കൂടുതലെന്ന് ആയുര്‍വേദാചാര്യന്‍മാര്‍ പറയുന്നു.

സ്വര്‍ണനിറമുള്ള ഞവര  'വെള്ള ഞവര' എന്നാണ് പൊതുവെ അറിയപ്പെടുന്നത്. ഇതിന് വിളവ് കൂടുതലാണ്. രോഗപ്രതിരോധ ശക്തിയും വരള്‍ച്ചയെ അതിജീവിക്കാനുള്ള കഴിവും കുറവാണ്.

കൃഷിരീതി

ഞവര അടിസ്ഥാനപരമായി നെല്ല് തന്നെയാണ്. ഞവര അരിയുടെ ഔഷധഗുണം കാലാവസ്ഥ, കൃഷിരീതികള്‍ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ധനുമാസത്തില്‍ നടുന്ന നെല്ലിന് ഔഷധമൂല്യം കൂടുതലുള്ളതായി ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ പറയുന്നു.

വെള്ളം അധികം കെട്ടിനില്‍ക്കാത്ത ഏതു സ്ഥലത്തും ഞവര കൃഷി ചെയ്യാം.  കൂടുതല്‍ വളര്‍ച്ചയും വിളവും ഞവര പാടത്ത് കൃഷി ചെയ്യുമ്പോഴാണ്. ഔഷധമൂല്യം കൂടുതലായി കാണുന്നത് ഇടവിള കൃഷിയിലാണ്. 

രാസവളങ്ങളും കീടനാശിനികളും  ഒഴിവാക്കിയുള്ള കൃഷിരീതിയാണ് ഞവരയ്ക്ക് നല്ലത്. വിത്ത് നേരിട്ട് വിതയ്ക്കുകയോ , പാകി മുളപ്പിച്ചതിനു ശേഷം പറിച്ചുനടുകയോ ചെയ്യാം. എന്നാല്‍ തെങ്ങിന്‍തോപ്പില്‍  ഇടവിളയായി കൃഷി ചെയ്യുമ്പോള്‍ നേരിട്ട് വിതയ്ക്കുന്നതാണ് ലാഭകരം. ഒരു സെന്റിന് ഏകദേശം 400 ഗ്രാം വിത്ത് വേണ്ടിവരും.

നിലം നല്ലവണ്ണം ഉഴുത് മറിച്ച് സെന്റിന്  20 കി.ഗ്രാം കാലിവളമോ, കമ്പോസ്‌റ്റോ, ആട്ടിന്‍കാഷ്ഠമോ ചേര്‍ത്ത് കൊടുക്കണം. വിതച്ച് രണ്ടാഴ്ച കഴിഞ്ഞാല്‍ കളകള്‍ നീക്കി ചെറിയ കൈതൂമ്പ ഉപയോഗിച്ച് മണ്ണിളക്കിക്കൊടുക്കണം. അതിനുശേഷം സെന്റൊന്നിന് ഒരു കി.ഗ്രാം വെണ്ണീറും 2 കി.ഗ്രാം  വേപ്പിന്‍പിണ്ണാക്കും  വിതറിക്കൊടുക്കാം.

കീടനാശിനി പ്രയോഗം പരമാവധി ഒഴിവാക്കി ജൈവമാര്‍ഗങ്ങളിലൂടെ കീടരോഗനിയന്ത്രണം നടത്തണം. 

മൂപ്പെത്തിയാലുടന്‍ മണികള്‍ കൊഴിയും എന്നതുകൊണ്ട് ശ്രദ്ധയോടെ വേണം കൊയ്‌തെടുക്കാന്‍. അങ്കുരണശേഷി 4-5 മാസങ്ങള്‍ക്കുള്ളില്‍ നഷ്ടപ്പെടും എന്നതുകൊണ്ട് ദീര്‍ഘകാലം വിത്തിനായി ശേഖരിച്ച് വയ്ക്കാനാകില്ല. 

സാധാരണ നെല്ലിനെ അപേക്ഷിച്ച് വിളവ് കുറവാണ്. പക്ഷെ വില ഇരട്ടിയില്‍ കൂടുതല്‍ കിട്ടാന്‍ സാദ്ധ്യതയുണ്ട്. എന്നതിനാല്‍ ഞവര ലാഭകരം തന്നെ. കൂടുതല്‍ ആവശ്യക്കാരുള്ള കര്‍ക്കിടക മാസത്തില്‍ (ജൂണ്‍-ജൂലായ്) വിളവെടുക്കാവുന്ന രീതിയില്‍ ഞവര കൃഷി ചെയ്താല്‍ വിപണനവും എളുപ്പമാകും.

(കടപ്പാട് : ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ )