അപൂര്‍വ പച്ചമരുന്നുകളുടെ കലവറയാണ് പോക്കര് ഹാജിയുടെ വീടും ചുറ്റുപാടും. നാട്ടുവൈദ്യനൊന്നുമല്ലെങ്കിലും ഹാജിക്ക് പച്ചമരുന്നുകളുടെ പേരും ഗുണവും ഉപയോഗവും നന്നെ ഹൃദിസ്ഥം.
കോഴിക്കോട് ദേവര്‍കോവില്‍ നീര്പ്പാലത്തിനടുത്താണ് മണിയലങ്കണ്ടി പോക്കര്‍ഹാജിയുടെ വീടിനോടുചേര്‍ന്ന ഔഷധസസ്യോദ്യാനം. വീടും അതിനോടുചേര്‍ന്ന 24 സെന്റ് സ്ഥലത്താകെയും ഔഷധച്ചെടികള്‍. ഗ്രോബാഗിലും സിമന്റ് ചാക്കുകളിലും മണ്ണുനിറച്ചാണ് കൃഷി. പറമ്പില്‍ സാധാരണനിലയില്‍ വെച്ചുപിടിപ്പിച്ച അശോകം, ചെമ്പകം, പിച്ചകം തുടങ്ങി വളര്ന്നുവലുതാവുന്നവ വേറെയും.
ഒരിലത്താമര, മുഞ്ഞ, ചെറൂള തുടങ്ങി നാട്ടില്‍ സാധാരണയായി കണ്ടുവരുന്ന ശംഖുപുഷ്പം വരെയുള്ള ഇരുനൂറോളം ഔഷധച്ചെടികള്‍ ഇദ്ദേഹം നട്ടുവളര്‍ത്തി പരിപാലിക്കുന്നു. നാലുവര്‍ഷമായി നാട്ടുമരുന്നുകള്‍ വളര്‍ത്തി പരിപാലിക്കുന്ന ഹാജി ഇവ വില്‍പ്പന നടത്താറില്ല. കൃഷിക്ക് ചെലവേറെയുണ്ടുതാനും. വിദ്യാര്‍ഥിയായിരുന്നപ്പോള്‍ വീട്ടില്‍ ദാരിദ്ര്യമായിരുന്നു. ഒരു നാട്ടുവൈദ്യരുടെ മരുന്നുകടയില്‍ കുറുന്തോട്ടി വേരോടെ പിഴുതെടുത്ത് കൊണ്ടുപോയിക്കൊടുത്താല്‍ ചില്ലറ കിട്ടും. അതൊരു വലിയ സമ്പാദ്യമായിക്കണ്ടാണ് പോക്കര് പച്ചമരുന്നുകളുടെ ലോകത്തെത്തുന്നത്. പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് തിരിച്ചെത്തിയതിനിടയിലാണ് ഹാജി ഔഷധസസ്യക്കൃഷിയില്‍ സജീവമാകുന്നത്.
(ഫോണ്‍: 8086913251)