പണ്ടുകാലത്ത് നമ്മുടെ നാട്ടില്‍ ഒരു ചൊല്ലുണ്ടായിരുന്നു,'മഴക്കാലത്ത് കറിവെക്കാനില്ലെന്ന് പറയുന്ന പെണ്ണും വേനല്‍ക്കാലത്ത് കത്തിക്കാനില്ല എന്ന് പറയുന്ന പെണ്ണും വീടിന് കൊള്ളില്ല' എന്ന്. ഇത് കാണിക്കുന്നത് അക്കാലത്തെ മഴക്കാലങ്ങളില്‍ മുളച്ചുപൊന്തിയിരുന്ന എല്ലാ ഇലകളെയും കറിയാക്കിയും ഉപ്പേരിയാക്കിയും നാം കേരളീയര്‍ കഴിച്ചിരുന്നു എന്നതാണ്. മഴക്കാലത്ത് മാത്രം മുളച്ചുപൊന്തിവരുന്ന ഒട്ടേറെ നാട്ടുപച്ചകളെക്കുറിച്ച് നമുക്ക് അറിവുള്ളതാണ്. പക്ഷേ, പുതിയ തലമുറയ്ക്ക് ഇത്തരം ചെടികള്‍ പാഴ്ച്ചെടികളാണ് എന്നാല്‍, പണ്ടത്തെ തലമുറയുടെ ആരോഗ്യരക്ഷതന്നെ ഇത്തരം ഇലവര്‍ഗങ്ങളായിരുന്നു. അത്തരത്തില്‍പ്പെട്ട പ്രശസ്തമായ ഒരിനം ഇലക്കറിയാണ് തഴുതാമ. 

ഹൃദയത്തെയും വൃക്കയെയും ഒരുപോലെ ഉത്തേജിപ്പിക്കുന്ന ഒരു പ്രസിദ്ധ ഔഷധസസ്യമാണ് തഴുതാമ. അത് മൂന്നുതരത്തില്‍ കണ്ടുവരുന്നു. അതില്‍ പ്രധാനമായുള്ളത് വെള്ളപൂക്കളുണ്ടാകുന്ന വെള്ളത്തഴുതാമയും ചുവന്ന പൂക്കളുണ്ടാകുന്ന ചുവന്നതഴുതാമയും. അവയുടെ തണ്ടിനും ചുവപ്പ് വെള്ള എന്നിങ്ങനെ നിറമായിരിക്കും.Thazhuthama

മലയാളത്തില്‍ തഴുതാമ, പുനര്‍നവ എന്നെല്ലാം പറയപ്പെടുന്ന ഇത് തമിഴര്‍ക്ക് തമിഴാമൈ, ചട്ടാറാണി എന്നിങ്ങനെയും സംസ്‌കൃതത്തില്‍ പുനര്‍നവഃ, പുനര്‍ഭവഃ, ശോഫഘ്നീ, വര്‍ഷാഭവഃ എന്നിങ്ങനെ ഒരു ഡസനോളം പേരുകളുമുണ്ട്. ബംഗാളിയില്‍ പുനര്‍ന്നവ എന്നാണ് പേര്. ഇതില്‍ ചുവന്നയിനം നിക്ടാജിനേസീ കുടുംബത്തിലെ അംഗമാണ് ശാസ്ത്രീയനാമം ബൊയര്‍ഹാവിയ ഡിഫ്യൂസ ലിന്‍. എന്നാല്‍, വെള്ളത്തഴുതാമ ഐസോയേസി കുടുംബത്തില്‍പ്പെട്ട ട്രയാന്തിമ പോര്‍ട്ടുലാകാസ്ട്രയാണ്. വെള്ള തഴുതാമയെന്ന് നാം കണക്കാക്കുന്ന നിക്ടാജിനേസീ കുടുംബത്തിലെ ബൊയര്‍ഹാവിയ വെര്‍ട്ടിസില്ലേറ്റയും ഇതില്‍പ്പെടുന്നു. ഇത് മൂന്നും നമ്മുടെ നാട്ടില്‍ വ്യാപകമായി കാണപ്പെടുന്നയിനങ്ങളാണ്. 

മഴക്കാലമാണ് ഇതിന്റെ ഹരിതകാലം. നന്നായി മഴ ലഭിക്കുന്ന ലോകത്തിന്റെ എല്ലാഭാഗത്തും ഇത് നന്നായി വളര്‍ന്നുവരുന്നു. മിക്ക ഏഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കയിലും തെക്കേ അമേരിക്കയിലും കണ്ടുവരുന്ന തഴുതാമ മഴക്കാലത്തിനുശേഷം ഉണങ്ങി നശിക്കുമെങ്കിലും അത് നിലത്ത് ഉപേക്ഷിക്കുന്ന വിത്തുകള്‍ പുതുമഴയോടെ മുളയ്ക്കും. നന്നായി പടര്‍ന്നുവളരുന്ന അരമീറ്റര്‍ ഉയരംവെക്കുന്ന ചെടിയില്‍ നിറയെ പച്ചയും ഇളം പച്ചയും കലര്‍ന്ന ഇലകളുണ്ടാകും. ഇലകള്‍ വിന്യസിച്ചിരിക്കുന്നത് സമുഖമായാണ്. ശാഖകളും ഉപശാഖകളും ധാരാളമായുണ്ടാകും.

ഇലകള്‍ക്ക് വലിപ്പവ്യത്യാസമുണ്ടാകും. വലിയ ഇലകള്‍ക്ക് മൂന്നു സെ.മീ ഉം ചെറിയവയ്ക്ക് 10 -18 മില്ലീമീറ്റര്‍ വിസ്താരമുണ്ടാകും. കൈയിലിട്ടുരച്ചു നോക്കിയാല്‍ നല്ല ഗന്ധവുമുണ്ടാകും. വിത്തുകള്‍ വളരെച്ചെറുതും തവിട്ടുകലര്‍ന്ന കറുപ്പു നിറവുമായിരിക്കും. ജൂണ്‍, ജൂലായ് മാസങ്ങളില്‍ മുളച്ചു പൊന്തുന്ന ഇവ നവംബര്‍ മാസത്തോടെ  വിത്തായി ജനുവരി ഫിബ്രവരിയാകുമ്പോഴേക്കും നശിച്ചുപോവും. വള്ളികള്‍ പറിച്ചുമാറ്റി നല്ലവളവും വെള്ളവും നല്‍കി പിടിപ്പിച്ചാല്‍ എല്ലാകാലത്തും ഇലപറിക്കാം. 

ഔഷധഗുണം 

ഇന്ത്യ മുഴുവനും ലോകവ്യാപകമായും ഉപയോഗിച്ചുവരുന്ന ഒരു ചെടിയാണ് തഴുതാമ. പുരാതനകാലം മുതലേ ചൈനയിലും ആഫ്രിക്കന്‍ അമേരിക്കന്‍ രാജ്യങ്ങളിലും  മൂത്രാശയ രോഗങ്ങള്‍ക്കും ഹൃദ്രോഗത്തിനും മലബന്ധം നീക്കാനും കാന്‍സറിനെ തടയാനുമുള്ള മരുന്നായും ഇത് വ്യാപകമായി ഉപയോഗിച്ചുവരുന്നു. ആഫ്രിക്കയില്‍ ബോട്സ്വാന. ഈജിപ്ത്, ഘാന, മലാവി, മൊസാംബിക്, ഏഷ്യയില്‍ ഇന്ത്യ കൂടാതെ ബര്‍മ, ചൈന, ജപ്പാന്‍, ലാവോസ്, മലേഷ്യ, നേപ്പാള്‍, ഫിലപ്പീന്‍സ്, അമേരിക്കയില്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ്‌, മെക്സിക്കോ, അര്‍ജന്റീന, ബ്രസീല്‍, ബൊളീവിയ, കരീബിയന്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലെല്ലാം തഴുതാമ ഉപയോഗിച്ചുവരുന്നു.Thazhuthama

വിരകള്‍ക്കുള്ള മരുന്നുകളില്‍ അലോപ്പതിയിലും ഇതിലെ ഔഷധത്തിന്റെ സാന്നിധ്യമുണ്ട്. പൊട്ടാസ്യം നൈട്രേറ്റിന്റെ സാന്നിധ്യം കൂടുതലുള്ളതുകൊണ്ടാണ് ഇത് മൂത്രത്തെ ഉത്തേജിപ്പിക്കുന്നത്. മൂത്രക്കല്ലിന്റെ അസുഖത്തിന്  മികച്ച ഒരൗഷധമാണിത്. ഒരു വിട്രോ ആന്റി കാന്‍സര്‍ ആണിത്. ആന്റി ഓക്സിഡന്റ്, ആന്റി ഈസേ്ട്രാജനിക്, ആന്റി ആമിയോബിക് എന്നിവയായി ഇത് അലോപ്പതിയില്‍ ഉപയോഗിക്കുന്നു. കൂടാതെ ഇതില്‍ പുനര്‍നവിന്‍ എന്ന ആല്‍ക്കലോയ്ഡും അടങ്ങിയിരിക്കുന്നു. ഇതിന്റെ വേര് നല്ല ആന്റിസെപ്റ്റിക് ഗുണമുള്ളതാണ്. അലോ ഇമോള്‍ഡിന്‍, ക്രൈസോഫനോള്‍, കാഥര്‍ടെയ്ന്‍, കാത്സ്യം, ഇരുമ്പ്, ഫോസ് ഫറസ്, ബീറ്റാ സിറ്റോസ്റ്റിറോള്‍, ഇമോഡിന്‍, റുബ്രോഫുസാരിന്‍, സ്റ്റിഗ്മാസ്റ്റിറോള്‍, ടാര്‍ടാറിക് ആസിഡ് എന്നിങ്ങനെ തുടങ്ങി ഒട്ടേറെ രാസ സംയുക്തങ്ങളാല്‍ അനുഗൃഹീതമാണ് നമ്മുടെ തഴുതാമ.  

ആയുര്‍വേദത്തില്‍ മൂത്രാശയരോഗം, പിത്തം, കഫം, വിഷം, കൃമി, തലയ്ക്കുണ്ടാകുന്ന അസുഖങ്ങള്‍, രക്തദോഷം എന്നിവയ്ക്ക് തഴുതാമ സമൂലം ഉപയോഗിക്കുന്നു. മലബന്ധത്തിന് തഴുതാമക്കഷായം കഴിക്കുന്നത്  നല്ലതാണ്. ശ്വാസംമുട്ടിനും ചുമയ്ക്കും നല്ല മരുന്നാണ് ഇതിന്റെ ഇലയുടെ നീര്. നിംബാദിചൂര്‍ണം, കാസിസാദി ഘൃതം, മഹാവിഷഗര്‍ഭതൈലം എന്നിങ്ങനെ ഒട്ടേറെ ആയുര്‍വേദ മരുന്നുകളില്‍ തഴുതാമ സമൂലം ഉപയോഗിക്കുന്നു. വൃക്കരോഗത്തിന്റെ പ്രധാന ലക്ഷണമായ നീര് പോകാന്‍ തഴുതാമ സമൂലമെടുത്ത് അത് ഇടിച്ചുപിഴിഞ്ഞ് നീര് 15 മില്ലി ദിവസവും രാവിലെ കഴിക്കുന്നത് നല്ലതാണ്.

സഹസ്രയോഗത്തില്‍ വിഷജീവികള്‍ കടിച്ചുള്ള തടിപ്പിന് അരച്ചുപുരട്ടുന്ന മരുന്നുകളില്‍ ഒന്നാണിത്. വാതരക്തം ശമിക്കാന്‍ വെള്ള തഴുതാമ കഷായംവെച്ചു കഴിച്ചാല്‍ മതി. അമിതമദ്യപാനം കൊണ്ടുള്ള ക്ഷീണം മാറാന്‍ തഴുതാമ സമൂലം കഷായംവെച്ച് അതില്‍ സമം പാല്‍ചേര്‍ത്ത് കഴിച്ചാല്‍ മതി. നേത്രസംബന്ധമായ ചൊറിച്ചിലിനും വെള്ളം ഒലിപ്പിനും നീര്‍വീഴ്ചയ്ക്കും വെള്ളത്തഴുതാമ വേരടക്കം ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് അത് അരിച്ച് അല്പം മുലപ്പാല്‍ ചേര്‍ത്ത് കണ്ണില്‍ ഇറ്റിച്ചാല്‍ മതി. കഫം സംബന്ധമായ അസുഖത്തിന് തഴുതാമവേര് വയമ്പുചേര്‍ത്ത് അരച്ച് കുടിച്ചാല്‍ മാറിക്കിട്ടും Thazhuthama

കരളിനെയും വൃക്കയെയും കണ്ണിനെയും ത്വക്കിനെയും ഹൃദയത്തെയും ഒരുപോലെ സംരക്ഷിക്കാനും തലവേദനയെയും രക്താദിമര്‍ദത്തെയും മലബന്ധത്തെയും വിട്ടുമാറാത്ത ചൊറിയെയും അകറ്റാനും ഉപയോഗിക്കുന്നു. നമ്മുടെ ശരീരത്തിനാവശ്യമായ പല ഔഷധങ്ങളും പ്രദാനം ചെയ്യുന്ന തഴുതാമയെ ഈ മഴമാസങ്ങളില്‍ നാം മറക്കരുത്. ഉപ്പേരിയായും കറിയായും നമുക്ക് ഈ ഔഷധത്തെ അകത്താക്കാം. 
 
വേര്, വിത്ത്, ഇല എന്നിവയുടെ മരുന്നായുള്ള ഉപയോഗം ആയുര്‍വേദ വിധിയനുസരിച്ചാവണം അല്ലെങ്കില്‍ അധികമായാല്‍ അമൃതും വിഷമാകുന്നതുപോലെ വിപരീതമായേക്കും.