കേരളീയര്‍ക്ക് പണ്ട് മഴക്കാലത്ത് കറിവെക്കാന്‍ ഒട്ടേറെ മുളച്ചുപൊന്തികള്‍ ഉണ്ടായിരുന്നു. മഴക്കാലത്ത് മാത്രം മുളയക്കുന്നവ കൂടാതെ ഭക്ഷ്യോപയോഗ്യമായ നൂറിലധികം ഇലക്കറി ഇനങ്ങളും നമുക്ക് സ്വന്തമായുണ്ടായിരുന്നു. നാടന്‍ചീര, മുള്ളന്‍ചീര, കുപ്പച്ചീര, കരിവേപ്പിലച്ചീര, മുള്ളന്‍തുവ, നെയ്ക്കുപ്പ, മധുരച്ചീര, സാമ്പാര്‍ചീര, അഗത്തിച്ചീര, കാട്ടുചീര, പൊന്നാങ്കണ്ണി, സുന്ദരിച്ചീര എന്നിങ്ങനെ പോകുന്നു ഇവ. 

ഇതില്‍ ഇന്നത്തെക്കാലത്ത് തീരെ ഉപയോഗിക്കാത്ത ചീരയിനങ്ങളില്‍ ഒന്നാണ് കാട്ടുചീര. പല പ്രദേശത്തും പല പേരിലാണ് ഇത് അറിയപ്പെടുന്നത്. വേനല്‍മഴ തുടങ്ങുമ്പോള്‍ വ്യാപകമായി പൊട്ടിമുളച്ച് പടര്‍ന്നു വളരുന്ന ഒരിനമായതിനാല്‍ പല സ്ഥലങ്ങളിലും കാട്ടുചെടിയായി ഇതിനെ അവഗണിച്ചുവരുന്നു.

വളര്‍ത്താം

കാട്ടുചീര പലസ്ഥലങ്ങളിലും താനെ മുളച്ചു പൊന്തുന്നതായതിനാല്‍ തൈകള്‍ സംഘടിപ്പിക്കാന്‍ വലിയ പ്രയാസമില്ല. ഇതില്‍ ഒരിനം നന്നായി മൂത്താല്‍ അതിന്റെ ഇലമുട്ടുകളില്‍ വാടാര്‍മല്ലി പോലെ പൂക്കളും വിത്തുകളും ഉണ്ടാകും.  ഇവയില്‍നിന്ന് വിത്തുകള്‍ സംഘടിപ്പിച്ചും നട്ടു വളര്‍ത്താം. 

കാട്ടുചീരയില്‍ മൂന്നെണ്ണമാണ് കേരളത്തില്‍ വ്യാപകമായി കണ്ടുവരുന്നത്. നിലം പറ്റി പടര്‍ന്നുവളരുന്ന മുറിവ് കൂട്ടുന്ന ഒരിനവും തറനിരപ്പില്‍നിന്നും രണ്ടു മൂന്നടി ഉയരത്തില്‍ ചെറുചില്ലകളായി പടര്‍ന്നു വളരുന്ന ഇനവും അലങ്കാരച്ചെടിയായി ഉപയോഗിക്കുന്ന ഇനവുമാണിവ.

ഗ്രോബാഗിലോ ചാക്കിലോ പോട്ടിങ് മിശ്രിതം നിറച്ച് വിത്തോ തൈയൊ നട്ട് പരിപാലിച്ച് വളര്‍ത്തിയെടുക്കാം. ജൈവവളങ്ങള്‍ നല്‍കിയാല്‍ തഴച്ചു വളരും.

പറിച്ചെടുക്കാം

തൈകള്‍ നട്ട് പത്തുപന്ത്രണ്ട് ഇലകള്‍ വന്നുകഴിഞ്ഞാല്‍ത്തന്നെ പറിക്കാന്‍ തുടങ്ങാം. 5.2 ഗ്രാം പ്രോട്ടീനും 2.8 ഗ്രാം ധാതുക്കളും 6.1 ഗ്രാം ധാതുക്കളും 3.8 ഗ്രാം അന്നജവും 570 മില്ലിഗ്രാം കാല്‍സ്യവും 200 മില്ലിഗ്രാം ഫോസ് ഫറസും 19 മില്ലിഗ്രാം ഇരുമ്പും അടങ്ങിയ കാട്ടുചീരയില്‍ കരോട്ടിന്‍ തയാമിന്‍, നിയാസിന്‍, റാബോഫ്ളാവിന്‍, നയാസിന്‍ എന്നവയും അടങ്ങിയിരിക്കുന്നു.

Content Highlights: Wild Spinach Information and Facts, Agriculture Kitchen Garden