വിഷവിമുക്തമായ പച്ചക്കറി കൂട്ടാമെന്ന ആഗ്രഹത്തോടെ ഗ്രോബാഗിലോ ചട്ടിയിലോ നാലു പച്ചമുളക് തൈ നട്ടുവെന്നിരിക്കട്ടെ. നന്നായി പുഷ്ടിപ്പെട്ട് വരുന്നതിനിടെയായിരിക്കും പെട്ടെന്ന് കൂമ്പ് ചുരുളാനും ഇലകള്‍ ചുരുണ്ട് വാളുപോലെ വളയാനും കായകള്‍ ചുരുങ്ങിപ്പോകാനും തുടങ്ങുന്നത്. ഇലയുടെ മുകളില്‍ നോക്കിയാല്‍ ഒന്നും കാണുകയില്ല. എന്നാല്‍, പതുക്കെ ഒന്ന് തട്ടിയാല്‍ വെളുത്ത പൊടിപോലെ പാറുന്നത് കാണാം. അപ്പോള്‍ അതാണ് വില്ലന്‍.

കത്തുന്ന വേനല്‍ക്കാലത്ത് പച്ചക്കറിയുടെ പ്രധാന ശത്രുവാണ് വെള്ളീച്ച. വെളുത്തപൊടിപോലെ ഇലയുടെ അടിയില്‍ പറ്റിക്കിടക്കുകയും ചെടിയുടെ നീരൂറ്റിക്കുടിച്ച് കായ്ഫലം ഇല്ലാതാക്കുകയും ചെയ്യുകയാണ് വെള്ളീച്ച ചെയ്യുന്നത്. തുടക്കത്തിലേ ശ്രദ്ധിച്ചാല്‍ മാത്രമേ ജൈവരീതിയില്‍ അതിനെ പ്രതിരോധിക്കാനാവൂ. അല്ലെങ്കില്‍ ചെടിയെ നശിപ്പിച്ചേ അത് പിന്മാറുകയുള്ളൂ. വേനല്‍ കനത്തതോടെ പല പച്ചക്കറിക്കര്‍ഷകരുടെയും കൃഷിയിടങ്ങളില്‍ ഒരു പ്രശ്നക്കാരനായി മാറിയിരിക്കുകയാണ് വെള്ളീച്ച.

തിരിച്ചറിയാം പ്രതിരോധിക്കാം

തക്കാളി, പച്ചമുളക്, വഴുതിന എന്നിവയെയാണ്‌ പ്രധാനമായും വെള്ളീച്ച ആക്രമിക്കുന്നത്. ഇലയുടെ അടിയില്‍ വെള്ള പൊടിപോലെ പറ്റിപ്പിടിച്ച് വളരെ വേഗം മുട്ടയിട്ട് പെരുകുന്ന ഇവയെ നശിപ്പിക്കാന്‍ കീടത്തിന്റെ ആക്രമണം വരുന്നതിന് മുമ്പുതന്നെ വേപ്പധിഷ്ഠിത ജൈവകീടനാശിനികള്‍ ഉപയോഗിക്കാം. ഇലയുടെ മുകളില്‍ ജൈവകീടനാശിനി തളിച്ചിട്ട് കാര്യമില്ല. ഇലയുടെ അടിയില്‍ തുടര്‍ച്ചയായി മൂന്നുദിവസമെങ്കിലും ഇത് തളിക്കണം.

ചുറ്റുമുള്ള ചെടികളെയും നിരീക്ഷിക്കണം

പച്ചക്കറി നട്ടയിടങ്ങളിലും പച്ചക്കറിതൈകളിലും മാത്രം ശ്രദ്ധകൊടുത്താല്‍ പോരാ. അതിന് സമീപത്തുള്ള പപ്പായ, ചെമ്പരത്തി എന്നിയുടെ ഇലകള്‍ക്കടിയിലും വെള്ളീച്ചകള്‍ താവളമാക്കും. അതിനാല്‍ അടുത്തുള്ള ഇത്തരം ചെടികളിലും നിരീക്ഷണം നടത്തി മരുന്നു തളിക്കണം. വെള്ളീച്ചയെ പ്രതിരോധിക്കാന്‍ ഉപയോഗിക്കാവുന്ന ചില ജൈവകീടനാശിനികള്‍ ഇവയാണ്.

chilly

വെര്‍ട്ടിസീലിയം മിശ്രിതം

വെര്‍ട്ടിസീലിയമെന്ന മിത്രകുമിളിനെ ഉപയോഗിച്ച് വെള്ളീച്ചയെ തുരത്താം. വെര്‍ട്ടിസീലിയം ലെക്കാനി 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയതിനുശേഷം അതിലേക്ക് 10 മില്ലി ആവണക്കെണ്ണയും 10ഗ്രാം പൊടിച്ച ശര്‍ക്കരയും  ചേര്‍ത്തിളക്കിത്തളിച്ചാല്‍ ഒട്ടുമുക്കാലും വെള്ളീച്ചകളെ തുരത്താം.

ആവണക്കെണ്ണ- വേപ്പെണ്ണ മിശ്രിതം

നൂറുമില്ലിലിറ്റര്‍ വേപ്പെണ്ണയും അമ്പത് മില്ലി ആവണക്കെണ്ണയും 15 മില്ലി സ്റ്റാനൊവെറ്റും ചേര്‍ത്ത് യോജിപ്പിച്ചതിന് ശേഷം അതില്‍ നിന്നും 10 മില്ലി ലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലയുടെ മുകളിലും അടിയിലും വരത്തക്കവിധം തളിച്ചുകൊടുക്കാം.

വേപ്പെണ്ണ എമെല്‍ഷന്‍

200 മില്ലിലിറ്റര്‍ വേപ്പെണ്ണയില്‍ 50 ഗ്രാം അലക്ക് സോപ്പ് അല്പം ചൂടുവെള്ളത്തില്‍ കലക്കിയതും 100 ഗ്രാം വെളുത്തുള്ളി അരച്ച് കലക്കിയെടുത്തതും ചേര്‍ത്ത് ശക്തികൂട്ടിയ ലായനി 15 മില്ലി ഒരു ലിറ്റര്‍വെള്ളത്തില്‍ കലക്കി തളിച്ചാല്‍ വെള്ളീച്ചയെ തുരത്താം.

ജൈവകീടനാശിപ്രയോഗം കൊണ്ട് ഗുരുതരമായി രോഗം ബാധിച്ചവയെ രക്ഷിച്ചെടുക്കാനാകില്ല. അതിനാല്‍ ഗുരുതരമായി രോഗം ബാധിച്ച ഇലകളും കൂമ്പുകളും വെട്ടിയെടുത്ത് കരിച്ച് നശിപ്പിച്ചതിന് ശേഷമാണ് ജൈവകീടനാശിനിപ്രയോഗം നടത്തേണ്ടത്.

Content Highlights: Simple way to control Velleecha (white fly)