വിദേശയിനം പഴമായ റൊളീനിയ കണ്ണൂരിന്റെ മലയോരത്തും ഫലമണിഞ്ഞു. വിദേശ ഫലവര്‍ഗങ്ങളുടെ അപൂര്‍വശേഖരമുള്ള അടക്കാത്തോട്ടിലെ കുന്നത്ത് ബേബിയുടെ കൃഷിയിടത്തിലാണ് സീതപ്പഴത്തിന്റെ ബ്രസീലിയന്‍ ബന്ധു 'റൊളീനിയ' വിളഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാഞ്ഞിരപ്പള്ളിയില്‍നിന്നെത്തിച്ച റൊളിനിയ തൈയാണ് ഇപ്പോള്‍ ഫലമണിഞ്ഞത്. 

മധുരമേറിയ വലിയ കായ്കളും പുറത്തെ ശല്‍ക്കങ്ങള്‍പോലെയുള്ള തൊലിയും ഇതിനെ വ്യത്യസ്തമാക്കുന്നു. സീതപ്പഴച്ചെടിയേക്കാള്‍ ഉയരത്തില്‍ ധാരാളം ശാഖകളോടെ വളരുന്ന റൊളീനിയ മൂന്നുവര്‍ഷത്തിനുള്ളില്‍ പുഷ്പിച്ച് കായ്കള്‍ ഉണ്ടായിത്തുടങ്ങും. വര്‍ഷത്തില്‍ പലതവണ ഫലം തരുന്ന പതിവും ഇവയ്ക്കുണ്ട്. 

റൊളീനിയ പഴങ്ങളില്‍നിന്ന് ശേഖരിക്കുന്ന വിത്തുകള്‍ കിളിര്‍പ്പിച്ചെടുക്കുന്ന തൈകള്‍ നട്ടുവളര്‍ത്താം. പോഷകസമൃദ്ധവും ഏറെ രുചികരമായ പഴമാണ് ഇത്. വെള്ളക്കെട്ടില്ലാത്ത സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണ് കൃഷിക്കനുയോജ്യം. 

ആവശ്യത്തിനുള്ള ഉയരത്തില്‍ മുകള്‍ഭാഗം മുറിച്ച് റൊളീനിയ മരം പരമാവധി ശിഖരങ്ങള്‍ വളര്‍ത്തുന്നതാണ് ഉചിതം. ഇങ്ങനെ വളര്‍ത്തിയാല്‍ പഴങ്ങള്‍ നിലത്തുനിന്നുതന്നെ ശേഖരിക്കാം. കേരളത്തിലെ കാലാവസ്ഥയില്‍ സമൃദ്ധിയായി വളരുന്ന റൊളീനിയയുടെ തൈകള്‍ മറ്റുള്ളവര്‍ക്കും വിതരണം നടത്തുന്നതിന്റെ ഒരുക്കത്തിലാണ് ബേബി.